വകുപ്പുകളുടെ തമ്മില്‍തല്ല്; നഗര വികസനത്തിന്റെ അരക്കോടി പാഴായി
മാനന്തവാടി: രണ്ട് സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ കൊമ്പു കോര്‍ത്തോടെ മാനന്തവാടിക്ക് നഷ്ടമായത് അരക്കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍. ഹൈസ്‌കൂള്‍ പരിസരത്ത് കബനി പുഴയോട് ചേര്‍ന്ന് നിര്‍മിച്ചു വന്നിരുന്ന ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രത്തിന്റെ പ്രവൃത്തിയാണ് തര്‍ക്കം കാരണം നിലച്ചത്. ഇതിനായി നീക്കി വെച്ചിരുന്ന അരക്കോടിയോളം രൂപയാണ് ഉപയോഗിക്കാതെ ലാപ്‌സായിപ്പോയത്. മുന്‍ സര്‍ക്കാരിന്റെ കാലത്താണ് കബനീ തീരം കൂടിയായ ഹൈസ്‌കൂള്‍ മുതല്‍ താലൂക്ക് ഓഫിസ് വരെയുള്ള ഭാഗങ്ങളില്‍ നവീകരണം നടത്താനും നഗരത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇടത്താവളമാക്കാനും ലക്ഷ്യമിട്ട് ടൂറിസം ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ മുന്‍ മന്ത്രി പി.കെ ജയലക്ഷമി മുന്‍കൈയടുത്ത് വകയിരുത്തിയത്. മേല്‍നോട്ട ചുമതല പൊതുമരാമത് വകുപ്പിനെയായിരുന്നു ഏല്‍പ്പിച്ചത്.
താലൂക്ക് ഓഫിസ് മുതല്‍ ഹൈസ്‌കൂളിന് സമീപമുള്ള പഴശ്ശി പാര്‍ക്ക് വരെയായിരുന്നു നവീകരണം ലക്ഷ്യമിട്ടത്. നടപ്പാതകളില്‍ ഇന്റര്‍ലോക്ക് പതിക്കല്‍, താലൂക്ക് ഓഫിസ് പരിസരത്ത് ടോയ്‌ലറ്റ്, കബനീതീരത്ത് റോഡിന് ചേര്‍ന്ന് റെയിന്‍ ഷെല്‍ട്ടര്‍, പുല്‍തകിടി, എല്‍.ഇ.ഡി ലൈറ്റുകള്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവയായിരുന്നു പദ്ധതിയിലുള്‍പ്പെടുത്തിയത്. ഇതില്‍ താഴെയങ്ങാടി റോഡ് ജങ്ഷന്‍ വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും ഹൈസ്‌കൂളിന് മുന്‍വശത്തായുള്ള പുഴയോരത്തെ പ്രവൃത്തികളും ടോയ്‌ലറ്റ് നിര്‍മാണവുമാണ് മുന്‍സിപ്പാലിറ്റിയുടെ ഇടപെടല്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നത്. ഹൈസ്‌കൂള്‍ പരിസരത്ത് റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന വന്‍മരങ്ങള്‍ മുറിച്ചുമാറ്റി നിര്‍മാണം നടത്താനുള്ള നീക്കം പ്രകൃതിസ്‌നേഹികള്‍ തടഞ്ഞതോടെ നിര്‍മാണം റോഡിലേക്കിറങ്ങുകയുണ്ടായി. ഇതോടെ അനുമതിയില്ലാത്ത നിര്‍മാണത്തിനെതിരേ നഗരസഭ രംഗത്തെത്തി. തുടക്കത്തില്‍ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രവൃത്തികള്‍ നടത്തുന്ന പൊതുമരാമത്ത് വകുപ്പിനോട് നഗരസഭ ആവശ്യപ്പെടുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് നിര്‍മാണങ്ങള്‍ നടത്താന്‍ നഗരസഭയുടെ അനുമതി വേണ്ടതില്ലെന്ന നിലപാടില്‍ നഗരസഭയുടെ നോട്ടീസ് വകവെക്കാതെ നിര്‍മാണം തുടര്‍ന്നെങ്കിലും നിര്‍മാണം പൊളിച്ചുമാറ്റാനുള്ള നോട്ടീസ് ലഭിച്ചതോടെ പ്രവൃത്തികള്‍ പൂര്‍ണമായും നിര്‍ത്തി. റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച മതിലും ഷെല്‍ട്ടര്‍ കെട്ടിടവും നിര്‍മാണത്തിനായിറക്കിയ കരിങ്കല്ലും ഇപ്പോഴും യാത്രക്കാര്‍ക്ക് പ്രയാസമാവും വിധം റോഡില്‍ അവശേഷിപ്പാണ്. ഹൈസ്‌കൂളിലേക്ക് നടന്നു പോവുന്ന വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനാല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച വികസനം ദുരിതമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."