കുരങ്ങ് പനി, പക്ഷിപ്പനി എന്നിവയും ആശങ്കയുളവാക്കുന്നു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് ആറുമാസത്തെ പരിശീലന ക്യാംപ്
മാനന്തവാടി: കൊവിഡ് വ്യാപനവും കുരങ്ങ് പനി, പക്ഷിപ്പനി എന്നിവയും ആശങ്കയുളവാക്കുന്ന സമയത്ത് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാര്‍ക്ക് ആറ് മാസത്തെ ട്രെയിനിങ് ക്യാംപ്. കുരങ്ങ് പനിയും പക്ഷിപ്പനിയും ബാധിച്ച പ്രദേശങ്ങളിലടക്കം ജോലി ചെയ്യുന്ന 87 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരെയാണ് രണ്ടിടങ്ങളില്‍ ട്രെയിനിങ്ങിന് അയച്ചത്. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ സാന്നിദ്ധ്യം കുറയാന്‍ ഇടയാക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
24 വനിതകളടക്കം 37 പേര്‍ക്ക് കേരള തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍ ഫോറസ്റ്റ് ട്രെയിനിങ് സ്‌കൂളിലും 50 പേര്‍ക്ക് തിരുവനന്തപുരം അരിപ്പ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂറ്റിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ക്യാംപ് ആരംഭിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ഫോറസ്റ്റ് റെയിഞ്ച് ഓഫിസുകളില്‍ വര്‍ഷങ്ങളായി ബി.എഫ്.ഒമാരായി ജോലി ചെയ്യുന്നവര്‍ക്ക് കേരളം ഭീതിയില്‍ കഴിയുമ്പോള്‍ ധൃതി പിടിച്ചാണ് ആറ് മാസത്തെ പരിശീലനം നല്‍കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വയനാട്ടില്‍ കുരങ്ങ് പനി മൂലം ഒരു സ്ത്രീ മരണപ്പെടുകയും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടത്തുന്ന ക്യാംപ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഭൂരിഭാഗം പ്രദേശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ് കുരങ്ങ് പനി മൂലം സ്ത്രീ മരിച്ചതും ഒരു സ്ത്രീക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചതും. ഇതേ തുടര്‍ന്ന് പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആരോഗ്യ വകുപ്പും വനംവകുപ്പും സംയുക്തമായി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിവരുകയാണ്. ഇതിന് പുറമെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."