ഗെയില്‍ വിരുദ്ധ സമരം: രാഷ്ടീയ പാര്‍ട്ടികള്‍ പിന്‍വാങ്ങുന്നു
മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുമ്പോള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരരംഗത്തുനിന്ന് പിന്‍വാങ്ങുന്നത് ചര്‍ച്ചയാവുന്നു. പദ്ധതിക്കായി ശ്രമം തുടങ്ങിയ കാലം മുതല്‍ മുന്‍പന്തിയിലുണ്ടായിരുന്ന രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരരംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു.
ഏറ്റവും അവസാനമായി ഇന്നലെ കൊടിയത്തൂരില്‍ നടന്ന ഗെയില്‍ വിരുദ്ധ സമരത്തിലും പ്രമുഖ രാഷ്ടീയ പാര്‍ട്ടി നേതാക്കളോ പ്രവര്‍ത്തകരോ മുന്പന്തിയിലുണ്ടായിരുന്നില്ല.ചില പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തിയങ്കിലും രംഗം വീക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ഇന്നലെ ഗെയില്‍ അധികൃതരെ തടയുന്നതുമായി ബന്ധപ്പെട്ട് പന്നിക്കോട് സ്കൂളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ പാര്‍ട്ടികളുടെ നിലപാട് വ്യക്തമായിരുന്നു. തങ്ങള്‍ തടയാനുണ്ടാവില്ലന്നും ഗെയില്‍ പദ്ധതി വന്വികസനമാണന്നും പറഞ്ഞ് സി.പി.എം നേതാക്കള്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു നേതാവും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ പുതിയോട്ടില്‍ തന്റെ വ്യക്തിപരമായ പിന്തുണ അറിയിക്കുകയും ചെയ്തു. മുസ്ലിം ലീഗിന്റെ ഭാഗത്തുനിന്ന് മാത്രമേ സമരക്കാര്‍ക്ക് പിന്തുണയുള്ളൂയെന്നതാണ് വസ്തുത. അതേസമയം കാരശ്ശേരി പഞ്ചായത്തില്‍ കക്ഷിരാഷ്ടീയ മതത്തിന് അതീതമായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്ക്കുന്നതിനാല് സര്‍വേ ഇതുവരെ ആരംഭിക്കാനായിട്ടില്ല. കൊടിയത്തൂരില്‍ ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടാത്തതും ഗെയില്‍ അധികൃതര്‍ക്കും പൊലിസിനും ആശ്വാസമാണ്. സമരത്തിനിറങ്ങുന്നവര്ക്കെതിരേ പൊലിസ് കേസെടുക്കുന്നതും നേതാക്കളെ പിന്തിരിപ്പിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."