നഗര ശുചിത്വത്തിന്റെ കാവലാളുകള്‍ക്ക് നഗരസഭയുടെ ആദരം
കോഴിക്കോട്: കോര്‍പ്പറേഷന്‍ സ്വച്ഛ് ഭാരത് മിഷനും നഗരസഭ കുടുംബശ്രീ സി.ഡി.എസ്സും സംയുക്തമായി സംഘടിപ്പിച്ച നഗരത്തിലെ ശുചീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങ് ശ്രദ്ധേയമായി.
ഇന്നലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വനിതാ ദിനാചരണത്തിന്റെ ഭാഗമായാണ് ആദരിച്ചത്. സ്വച്ഛ ശക്തി, സ്ത്രീ ശക്തി എന്ന കാംപയിനിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനിതാരാജന്‍ അധ്യക്ഷനായി.
കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്ക് ഐ.എ.എസ്, കൗണ്‍സിലര്‍മാരായ എന്‍.പി പത്മപനാഭന്‍, പൊറ്റങ്ങാടി കിഷന്‍ ചന്ദ്, കുടുംബശ്രീ സി.ഡി.എസ് സെക്രട്ടറി എം.വി റംസി ഇസ്മായില്‍, സി.ഡി.എസ് അംഗങ്ങളായ പി.പി ഷീജ, പ്രമീള ദേവദാസ്, കെ. ബീന പങ്കെടുത്തു.
നാടും വീടും മാലിന്യമുക്തമാക്കല്‍ ഓരോ മനുഷ്യന്റെയും കടമയാണെന്നിരിക്കെ അതിരാവിലെ തന്നെ ഈ സ്ത്രീ പോരാളികള്‍ നഗരത്തിന്റെ മുക്കിലും മൂലയിലുമെത്തും. കോഴിക്കോടിനെ ശുചിത്വ സുന്ദര നഗരമാക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ത്രീകളാണ് ഇവിടെയുള്ളത്. ലോക വനിതാദിനത്തിന്റെ ഭാഗമായി അവര്‍ ഇന്നലെ ടൗണ്‍ഹാളില്‍ ഒരുമിച്ചുകൂടി നഗരത്തിന്റെ ആദരങ്ങളേറ്റ് വാങ്ങി. കുടുംബശ്രീയിലെ 70 വയസ്സിന് മുകളിലുള്ള ഏഴുപേരെയും നഗരസഭയില്‍ ഈ രംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ ആറുപേരെയുമാണ് ചടങ്ങില്‍ ആദരിച്ചത്.
ശുചീകരണം ജീവിതത്തിന്റെ ഭാഗമായ ഇവര്‍ ജീവിതത്തില്‍ ഒരുപാട് വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. കാര്യമായ വരുമാനങ്ങളോ സമ്പാദ്യങ്ങളോ ഇല്ലാതെ നഗരത്തിന് വേണ്ടി സേവനം ചെയ്ത് പടിയിറങ്ങാന്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ലീലയും, കാളിയും, പത്മാവതിയും, പത്മിനിയമ്മയും അടങ്ങുന്ന ഏഴംഗ സംഘം.
ഇതുവരെയുള്ള അധികാരികളുടെ പിന്തുണയും പൗരസമൂഹത്തിന്റെ സഹകരണവും ഒത്തുചേര്‍ന്നത് വലിയൊരനുഗ്രഹമാണെന്നും, പെന്‍ഷനും തങ്ങളുടെ ഇനിയുള്ള ജീവിതത്തിനുള്ള പരിരക്ഷയും അധികാരികള്‍ ഉറപ്പു വരുത്തുമെന്ന പ്രതീക്ഷയിലാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."