ജലസംരക്ഷണം: ക്ഷേത്രക്കുളം പുനരുദ്ധീകരിക്കാന്‍ അധ്യാപകര്‍
കുറ്റ്യാടി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാഞ്ഞിരോളി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് അനുബന്ധമായ കുളം സംരക്ഷിക്കാന്‍ അധ്യാപകര്‍ രംഗത്തിറങ്ങുന്നു. ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി സ്കൂളിലെ അധ്യപകരാണ് ജലസംരക്ഷണാര്ത്ഥം കുളം ശുചീകരിക്കാന്‍ തയാറെടുക്കുന്നത്. ഒരുകാലത്ത് ജലസമൃദ്ധിയാല്‍ നിറഞ്ഞ കുളം ഇന്ന് ഉപയോഗശൂന്യമായി മാലിന്യനിബിഡമായ സ്ഥിതിയിലാണ്. ഇതേ തുടര്‍ന്ന് മലിനമായ നീരുറവ ഇറങ്ങി സമീപത്തെ വീടുകളിലെ ജലസ്രോതസുകള്‍ക്ക് പോലും ഇന്നീ കുളം ഭീഷണിയാണ്.
മുന്‍പ് ജലസമൃദ്ധമായ കുളങ്ങളേറെയുള്ള പ്രദേശമായിരുന്നു കാഞ്ഞിരോളി. എന്നാല്‍ കാലക്രമേണയുള്ള മാറ്റത്തില്‍ മിക്ക കുളങ്ങളും മണ്ണിട്ട് നികത്തി. കൊടക്കല്‍ ജുമാമസ്ജിദിന്റെ വലിയകുളം പള്ളിയുടെ നിര്‍മാണാര്‍ത്ഥം നികത്തുകയായിരുന്നു. എങ്കിലും ചില കുളങ്ങള്‍ ഇന്നും അപൂര്‍വമായി നിലനില്‍ക്കുന്നുണ്ടിവിടെ.
ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ചുവടുപിടിച്ചാണ് കുളം ശുചീകരിക്കുകയെന്ന മാതൃകാപ്രവര്‍ത്തനത്തിന് ദേവര്‍കോവില്‍ യു.പി സ്കൂളിലെ അധ്യാപകര്‍ ഒരുങ്ങുന്നത്. സേവിന്റെ കീഴില്‍ ഓരോ വിദ്യാലയവും ഒരു കുളം സംരക്ഷിക്കുക എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ക്ഷേത്ര, പള്ളി എന്നിവയോട് അനുബന്ധമായ കുളങ്ങള്‍ സംരക്ഷിക്കുന്ന പരിപാടി നടത്തുന്നത്. മെയ് ഒന്നിന് രാവിലെ ഏഴുമണിക്ക് ശുചീകരണം ആരംഭിക്കും. അധ്യാപകര്‍ക്കൊപ്പം ക്ഷേത്ര-പള്ളി കമ്മിറ്റിയംഗങ്ങളും രാഷ്ട്രീയ-പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."