വിളവെടുപ്പും സംഭരണവും അവശ്യ സര്‍വിസ്
തിരുവല്ല (പത്തനംതിട്ട): നെല്ല് വിളവെടുപ്പും സംഭരണവും അത്യാവശ്യ സര്‍വിസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാവും. ഇന്നലത്തെ മന്ത്രിസഭാ യോഗമാണ് പാലക്കാട്, തൃശൂര്‍, കുട്ടനാട് എന്നീ നെല്‍കൃഷി മേഖലകളിലെ വിളവെടുപ്പും സംഭരണവും അത്യാവശ്യ സര്‍വിസായി പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമാകും. ഇതോടെ കൊയ്ത്തും സംഭരണവും സംബന്ധിച്ച് മേഖലയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമാകും. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോയതോടെയാണ് സംസ്ഥാനത്തെ നെല്‍പ്പാടങ്ങളില്‍ കൊയ്ത്തും സംഭരണവും മുടങ്ങിയത്. കൊയ്ത്ത് നടന്നിടത്താകട്ടെ സംഭരിക്കാന്‍ കഴിയാതെ നെല്ല് പാടത്തുതന്നെ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. ലോക്ഡൗണിനെ തുടര്‍ന്ന് ലോറികള്‍ ഓടാതിരുന്നതോടെയാണ് സംഭരണം പാളിയത്. ഒരാഴ്ചകൂടി സ്ഥിതി തുടര്‍ന്നാല്‍ കൊയ്ത നെല്ല് നശിച്ചുപോകും. കൊയ്യാന്‍ പാകമായ നെല്‍പാടങ്ങളുടെ അവസ്ഥയും സമാനമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊയ്ത്തു മെതി യന്ത്രങ്ങള്‍ ഓടിക്കാന്‍ ആളില്ലാതായി. മെഷീന്‍ ഓപറേറ്റര്‍മാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരികെപ്പോയി. ഇതോടെ കൊയ്ത്തും അവസാനിച്ചു. ഇത്തരത്തില്‍ ആയിരക്കണക്കിന് ടണ്‍ നെല്ലാണ് കൊയ്യാതെയും സംഭരിക്കാതെയും കൃഷിയിടങ്ങളിലുള്ളത്. കൂടാതെ ശക്തി പ്രാപിക്കുന്ന വേനല്‍മഴയും മേഖലക്ക് ഭീഷണിയാണ്. കൊയ്ത്തും സംഭരണവും നിലച്ചാല്‍ അത് സംസ്ഥാനത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും കര്‍ഷകരുടെ ജീവിതത്തിനും തിരിച്ചടിയാകുമെന്നും ആശങ്കയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നെല്‍ വിളവെടുപ്പും സംഭരണവും അത്യാവശ്യ സര്‍വിസായി പരിഗണിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉന്നതതല യോഗം ഇന്ന് രാവിലെ 10.30ന് ആലപ്പുഴ കലക്ടറേറ്റില്‍ ചേരും. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍, ടി.എം തോമസ് ഐസക്ക്, പി. തിലോത്തമന്‍ എന്നിവരും സിവില്‍ സപ്ലൈസിലെയും കൃഷി വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥരും കൊയ്ത്തു മെതി യന്ത്രങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സികളും യോഗത്തില്‍ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ അഭാവത്തില്‍ പ്രദേശവാസികളുടെയും കര്‍ഷക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണത്തോടെ വിളവെടുപ്പും സംഭരണവും നടത്താമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ലക്ഷങ്ങളുടെ കടക്കെണിയില്‍ ആകുമായിരുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ തീരുമാനം ആശ്വാസമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."