ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ക്കഥ; സൈറാലിയോണില്‍ അടിയന്തരാവസ്ഥ
ഫ്രീടൗണ്‍: തുടര്‍ച്ചയായ ലൈംഗിക അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സൈറാലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആക്രമണങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിച്ചതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാദ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ മൂന്നിലൊന്നും കുട്ടികള്‍ക്കു നേരെയുള്ള ആക്രമണമാണെന്നും ഇത്തരം കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
75 ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞവര്‍ഷം 8,500 ലൈംഗിക അതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെക്കാള്‍ 4,000 കൂടുതലാണ് ഇത്.
അടുത്തിടെ അഞ്ചു വയസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നിരുന്നു.
ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അടുത്തിടെ 56 കാരനെ ഒരുവര്‍ഷത്തേക്കായിരുന്നു ശിക്ഷിച്ചത്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ലൈംഗിക പീഡനങ്ങള്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നും കേസുകള്‍ വിചാരണ ചെയ്യുന്നത് വേഗത്തിലാക്കണമെന്നുമുള്ള ആവശ്യങ്ങള്‍ മനുഷ്യാവകാശ, സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ട് വരുന്നതിനിടെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."