പ്രസവാവധി ആവശ്യപ്പെട്ട മലയാളി യുവതിയെ ഹുറൂബാക്കി; ദുരിതത്തിലായ ടിന്റുവിനെ ഒടുവില്‍ സുഖപ്രസവം
റിയാദ്: ആശുപത്രി ജോലി ചെയ്യുന്ന യുവതിയെ നാട്ടിലേക്ക് പോകുന്നതിനു പ്രസവാവധി നല്‍കാതെ ആശുപത്രി ഉടമയുടെ ക്രൂരത. ഒടുവില്‍ അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം നീളുന്നതിനിടെ യുവതി ആശുപത്രിയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഖമീസില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഹബീലില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോട്ടയം ഉഴവൂര്‍ സ്വദേശിനി ടിന്റു സ്റ്റീഫനാണ് ദുരനുഭവം. ഇതിനിനിടെ അവധി സംബന്ധിച്ച് തര്‍ക്കത്തിനിടയില്‍ രണ്ട് തവണ ആശുപത്രി ഉടമ ടിന്റുവിനെ ഹുറൂബാക്കിയതായി കോണ്‍സുലേറ്റിന് വേണ്ടി വിഷയത്തില്‍ ഇടപെട്ട സാമൂഹികപ്രവര്‍ത്തകന്‍ അഷ്‌റഫ് കുറ്റിച്ചൂല്‍ പറഞ്ഞു.
യുവതിയെ എങ്ങനെയെങ്കിലും നാട്ടിലേക്കയയ്ക്കണമെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും കേസിന്റെ യാഥാര്‍ഥ്യം മനസിലാക്കി പൊലിസ് തന്നെ ഇരുവരെയും വിട്ടയയ്ക്കുകയും ചെയ്തു. പൊലിസിന്റെ ഭാഗത്ത് നിന്നും നല്ല പെരുമാറ്റം ലഭിച്ചപ്പോഴും സ്‌പോണ്‍സര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നാണ് ഇരുവരും പറയുന്നത്. സംഭവത്തിന്റെ യാഥാര്‍ഥ്യം ഇന്ത്യന്‍ എംബസിക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകന്‍. ആശുപത്രിയില്‍ വിശ്രമത്തിലായ ടിന്റുവും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുകയാണെങ്കിലും കുഞ്ഞിന് പാസ്‌പോര്‍ട്ട് ലഭിച്ചാലേ ഇനി രണ്ടുപേര്‍ക്കും നാടണയാന്‍ കഴിയൂ. രണ്ട് വര്‍ഷം മുന്‍പ് സഊദിയില്‍ ജോലിക്കെത്തിയ ടിന്റു കഴിഞ്ഞ വര്‍ഷം വിവാഹത്തിന് വേണ്ടി നാട്ടില്‍ അവധിക്ക് പോയി തിരിച്ചു വന്നതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."