ചരിത്രത്തിനൊപ്പം നടന്ന കലാലയ മുത്തശ്ശി 150 ാം വാര്‍ഷികം ആഘോഷിക്കുന്നു
തിരുവനന്തപുരം: ഒരു കലാലയത്തിന് അത് സ്ഥിതിചെയ്യുന്ന നഗരത്തെയും അവിടുത്തെ രാഷ്ട്രീയത്തെയും എങ്ങനെയൊക്കെ സ്വാധീനിക്കാമെന്ന് തലസ്ഥാന നഗരത്തിലെ യൂനിവേഴ്‌സിറ്റി കോളജ് പറഞ്ഞു തരും.
സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ചരിത്രമാണ് ഈ കലാലയത്തിനുള്ളത്. രാഷ്ട്രീയത്തിനു പുറമേ സാംസ്‌കാരിക രംഗത്തും യൂനിവേഴ്‌സിറ്റി കോളജ് സ്വന്തം ഇടം അടയാളപ്പെടുത്തിയിട്ടുണ്ട്. പ്രതിഭകളുടെ തലമുറകളെ തന്നെ വാര്‍ത്തെടുത്ത ഈ കലാലയം 150 ാം വാര്‍ഷികത്തിന്റെ നിറവിലാണ്.ശതോത്തര സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിക്കും.
1866ല്‍ ആയില്യം തിരുനാളിന്റെ കാലത്ത് ഹിസ് ഹൈനസ് മഹാരാജാസ് കോളജ് എന്ന പേരില്‍ സ്ഥാപിതമായ കേരളത്തിലെ ആദ്യത്തെ കലാലയാണ് പിന്നീട് യൂനിവേഴ്‌സിറ്റി കോളജായി മാറിയത്. തിരുവിതാംകൂറിലെ ആദ്യ വിദ്യാര്‍ഥി പ്രക്ഷോഭം നടന്നത് ഇവിടെയായിരുന്നു. രാജവാഴ്ചക്കെതിരെയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയും അന്നത്തെ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തി.
തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ലേഖനങ്ങള്‍ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ ബാരിസ്റ്റര്‍ ജി. പരമേശ്വരപിള്ളയെ കോളജില്‍നിന്നു പുറത്താക്കി. ബാരിസ്റ്റര്‍ ജി.പി മുന്‍കൈയ്യെടുത്തിട്ടാണ് തിരുവിതാംകൂര്‍ മെമ്മോറിയല്‍ തയാറാക്കി 1891 ജനുവരി 15ന് മഹാരാജാ ശ്രീമുലം തിരുനാളിന് സമര്‍പ്പിച്ചത്. ഇതില്‍ ഒപ്പിട്ടവരില്‍ ഡോ. പല്‍പ്പു, കെ.സി ശങ്കരമേനോന്‍, സി.വി രാമന്‍പിള്ള, എന്നിവരും
അടങ്ങുന്നു. സര്‍ സി.പിക്കെതിരായ പ്രക്ഷോഭത്തിലും ഇവിടത്തെ വിദ്യാര്‍ഥികളുടെ പങ്കുണ്ടായിരുന്നു. ജി.പി ശേഖര്‍, എന്‍.പി കുരുക്കള്‍ തുടങ്ങിയവരാണ് അന്ന് നേതൃത്വം കൊടുത്തത്.
സ്വാതന്ത്ര്യ സമരകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും പ്രവര്‍ത്തകരായും ഇവിടത്തെ വിദ്യാര്‍ഥികളുണ്ടായിരുന്നു. ആദ്യ കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരില്‍ ഭൂരിഭാഗവും ഇവിടെത്തെ വിദ്യാര്‍ഥികളായിരുന്നു.
പത്രപ്രവര്‍ത്തകനും ചരിത്രകാരനുമെന്ന നിലയില്‍ പ്രശസ്തനായ കേസരി ബാലകൃഷ്ണപിള്ള ഈ കലാലയത്തിലെ പൂര്‍വവിദ്യാര്‍ഥികളില്‍ ഒരാളാണ്. അദ്ദേഹം പിന്നീട് ഇവിടെ അധ്യാപകനുമായി. കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള, ഒ.എന്‍.വി കുറുപ്പ്, ഡി. വിനയചന്ദ്രന്‍, കണിയാപുരം രാമചന്ദ്രന്‍, ഡോ.അയ്യപ്പ പണിക്കര്‍, തിരുനെല്ലൂര്‍ കരുണാകരന്‍, പുതുശേരി രാമചന്ദ്രന്‍, നടന്‍ സുകുമാരന്‍, ബാലചന്ദ്ര മേനോന്‍, മലയാറ്റുര്‍ രാമകൃഷ്ണന്‍, എം. കൃഷ്ണന്‍ നായര്‍, പ്രൊഫ. ഗുപ്തന്‍ നായര്‍, പ്രൊഫ. കെ.എം ഡാനിയേല്‍, പ്രൊഫ. ബി. രാജീവന്‍, പ്രൊഫ. ബി. ഹൃദയകുമാരി, , എം.എസ് മണി, എന്‍.ആര്‍.എസ് ബാബു. കെ. ബാലകൃഷ്ണന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, ഭരത് മുരളി, നരേന്ദ്ര പ്രസാദ്, നിത്യചൈതന്യയതിയായി അറിയപ്പെട്ട ജയചന്ദ്രന്‍, ചരിത്രകാരന്‍ ഇളംകുളം കുഞ്ഞന്‍പിള്ള, നാടകകൃത്തായ എന്‍ കൃഷ്ണപിള്ള എന്നിങ്ങനെ നീളുകയാണ് കോളജിന്റെ ഗരിമ.
1937ലാണ് കോളജിന്റെ പേര് യൂനിവേഴ്‌സിറ്റി കോളജെന്നാക്കി മാറ്റിയത്. പ്രിയപ്പെട്ട കലാലയം 150 വര്‍ഷം പൂര്‍ത്തിയാക്കുന്നതം ഗംഭീരമായി തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് ഇവിടുത്തെ അധ്യാപരും വിദ്യാര്‍ഥികളും. 3500ഓളം വിദ്യാര്‍ഥികളുള്ള ഇവിടെ 20 ബിരുദാനന്തര ബിരുദ വിഭാഗവും 18 ബിരുദ വിഭാഗവും 13 എംഫില്‍ കോഴ്‌സുകളുമുണ്ട്. പുറമേ 12 വിഷയങ്ങളില്‍ ഗവേഷണ കേന്ദ്രം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."