യു.ഡി.എഫ് കലക്ടറേറ്റ് ഉപരോധിച്ചു
കോഴിക്കോട്: അത്തോളിയിലെ ലോക്കപ്പ് മര്‍ദനത്തില്‍ ഉത്തരവാദിയായ എ.എസ്.ഐയെ സസ്‌പെന്റ് ചെയ്യണമെന്നും പൊലിസുകാരനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തു കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെങ്കില്‍ കൊലപാതകം ചെയ്തവരോടൊപ്പം ഗൂഢാലോചന നടത്തുന്ന ഉന്നത സി.പി.എം നേതാക്കളെ കൂടി പിടികൂടണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നതിലൂടെ ആഭ്യന്തര വകുപ്പിന്റെ സമ്പൂര്‍ണ പരാജയമാണ് പുറത്തു വരുന്നത്. ലോക്കപ്പ് മുറികള്‍ കൊലയറകളായി മാറുകയാണ്. മനുഷ്യജീവനു വിലകല്‍പ്പിക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകുമെന്നും വി.എം സുധീരന്‍ പറഞ്ഞു.
രാവിലെ ഒന്‍പതിനു എരഞ്ഞിപ്പാലത്തു നിന്ന് ജാഥയായി കലക്ടറേറ്റിനു മുന്നിലേക്ക് നടത്തിയ പിക്കറ്റിങ്ങില്‍ നിരവധി പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തുടര്‍ന്ന് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റുവരിച്ചു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, കെ.പി.സി.സി ഭാരവാഹികളായ അഡ്വ. പി.എം സുരേഷ് ബാബു, അഡ്വ. പ്രവീണ്‍കുമാര്‍, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷന്‍ ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, അഹമ്മദ് പുന്നക്കല്‍, മനോജ് ശങ്കരനെല്ലൂര്‍, ജനതാദള്‍ യു.ഡി.എഫ് വിഭാഗം അഡ്വ. നരേന്ദ്ര കുമാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."