വായന പെരുമാള്‍ പുരസ്‌കാരം നല്‍കി
പെരുമ്പാവൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ ബി.ആര്‍.സിയിലെ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് വായനപെരുമാള്‍ പുരസ്‌കാരം നല്‍കി. ഗ്രന്ഥ ശേഖരവും സര്‍ട്ടിഫിക്കറ്റുമടങ്ങിയ പുരസ്‌കാര സമര്‍പ്പണത്തിന്റെ ഉപജില്ല തല ഉദ്ഘാടനം ഒണംകുള പി.ബി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എ.ഇ.ഒ കെ.പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ബി.പി.ഒ ഐഷ ടീച്ചര്‍, ഗ്രന്ഥശാല പ്രവര്‍ത്തകന്‍ രാജു തുണ്ടത്തില്‍, വായനപൂര്‍ണ്ണിമ കോ-ഓര്‍ഡിനേറ്റര്‍ ഇ.വി നാരായണന്‍, ഹെഡ്മിസ്ട്രസ് വത്സ പോള്‍ എന്നിവര്‍ സംസാരിച്ചു.
പെരുമ്പാവൂര്‍ നഗരസഭ, ഒക്കല്‍, കൂവപ്പടി, വാഴക്കുളം ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഗവ. ബോയ്‌സ് എല്‍.പി സ്‌കൂള്‍, ഒക്കല്‍ എല്‍.പി സ്‌കൂള്‍, കുറിച്ചിലക്കോട് എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലായി നടന്നു. എം.എല്‍.എമാരായ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോള്‍ തങ്കപ്പന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കാഞ്ഞിരക്കാട്, പോഞ്ഞാശ്ശേരി, കൂവപ്പടി, കോടനാട് സ്‌കൂളുകളില്‍ പുരസ്‌കാര സമര്‍പ്പണവും പുസ്തകോത്സവവും നടന്നു. പുരസ്‌കാര ജേതാക്കളായ വിദ്യാര്‍ത്ഥികളേയും വായനാഭിരുചിയുള്ള രക്ഷകര്‍ത്താക്കളേയും ഉള്‍പ്പെടുത്തി അവധിക്കാലത്ത് വായന, സാഹിത്യകളരി, കടംകഥകളരികള്‍, എഴുത്തുകാരുമൊത്ത് ഒരു ദിവസം, പുസ്തകകൂടാരം എന്നിവയുള്‍പ്പെട്ട പുസ്തക ചങ്ങാത്തം പരിപാടിയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."