പാവിട്ടപ്പുറത്ത് കെ.എസ്.ഇ.ബി സബ് ഓഫിസ് വേണമെന്ന ആവശ്യം ശക്തം
ചങ്ങരംകുളം: പാവിട്ടപ്പുറത്ത് കെ.എസ്.ഇ.ബി സബ് ഓഫിസെങ്കിലും വേണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട് ജില്ലാ വിഭജനത്തിന് മുന്‍പ് മലപ്പുറം ജില്ല കേന്ദ്രീകരിച്ചു വന്ന ചാലിശ്ശേരി കെ.എസ്.ഇ.ബി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
മലപ്പുറം ജില്ലയിലെ കോക്കൂര്‍, പാണംപടി, പാലച്ചുവട്, വളയംകുളം, പാവിട്ടപ്പുറം,കോലിക്കര, ഒതളൂര്‍, കിഴിക്കര, പളളിക്കുന്ന്, താടിപ്പടി, എറവറാംകുന്ന്, കോട്ടേം കുന്ന്, പട്ടിശ്ശേരി എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നത് ചാലിശ്ശേരി കെ.എസ്.ഇ.ബി ആണ്. ബില്ലടക്കാനും മറ്റും ഈ മേഖലയില്‍ ഉളളവര്‍ കിലോ മീറ്ററോളം താണ്ടി കടന്ന് വേണം ചാലിശ്ശേരിയിലെത്താന്‍. ഹൈവേയില്‍ വാഹനമിടിച്ച് പോസ്റ്റ് തകരുകയോ ഗതാഗത തടസം ഉണ്ടാകുകയോ മറ്റോ ചെയ്താല്‍ ചാലിശ്ശേരിയില്‍ നിന്നും ജീവനക്കാര്‍ എത്താന്‍ സമയമെടുക്കുന്നത് നീണ്ട നേരം വൈദ്യുതി തടസത്തിനും ഗതാഗത തടസത്തിനും കാരണമാകാറുണ്ട്. രണ്ടു ജില്ലയിലായി വ്യാപിച്ചു കിടക്കുന്ന സെക്ഷന്‍ ഓഫിസില്‍ നിലവില്‍ ഉപഭോക്താക്കളും കൂടുതലായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കും തലവേദനയാണ്. കഴിഞ്ഞ ദിവസം കേടുപാടു വന്ന ട്രാന്‍സ്‌ഫോര്‍മറിനു പകരം പുതിയതു സ്ഥാപിക്കാനാവാതെ വൈദ്യുതി തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ റീത്തും വച്ചിരുന്നു. ദൂരക്കൂടുതല്‍ മൂലം പല കാര്യങ്ങളിലും കെ.എസ്.ഇ ബി ജില്ലയെ അവഗണിക്കുകയാണെന്ന് നാട്ടുകാരും ആരോപിച്ചു.
തൊട്ടടുത്ത് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സെക്ഷനില ാകട്ടെ താങ്ങാവുന്നതിനും അപ്പുറം ഉപഭോക്താക്കള്‍ ഉളളതിനാല്‍ ഈ പ്രദേശങ്ങളെ അതിലും ഉള്‍പ്പെടുത്താനാകാത്ത അവസ്ഥയാണ്. വൈദ്യുതി മുടക്കമോ, അറിയിപ്പുകളോ പാലക്കാട് ജില്ലയിലെ പത്രമാധ്യമങ്ങളില്‍ മാത്രം വരുന്നതിനാല്‍ പല അറിയിപ്പുകളും ജില്ലക്കാര്‍ അറിയാറുമില്ല. പ്രശ്‌ന പരിഹാരമെന്നോണം ജില്ലയിലെ പാവിട്ടപ്പുറം കേന്ദ്രീകരിച്ച് സബ്. ഓഫിസെങ്കിലും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."