അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ അലംഭാവം; നിലമ്പൂരിലെ ടൂറിസം മേഖലയ്ക്കു മരണമണി
നിലമ്പൂര്‍: അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവവും വേനലും ടൂറിസം മേഖലയുടെ നടുവൊടിക്കുന്നു. ജില്ലയില്‍തന്നെ ടൂറിസം മേഖലയില്‍ മുന്നില്‍നില്‍ക്കുന്ന നിലമ്പൂരിലെ ടൂറിസം പദ്ധതികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രധാന ജല ടൂറിസം കേന്ദ്രങ്ങളായ ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങളും നീരൊഴുക്കു നിലച്ച അവസ്ഥയിലാണ്.
ജില്ലയിലെ ചെറുകിട ജലവൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ പദ്ധതിയുടെ ഭാഗമായി കൊണ്ടുവന്ന ഹൈഡല്‍ ടൂറിസം പദ്ധതിയിലെ ബഗ്ഗി വാഹനം കക്കയത്തേക്കു കൊണ്ടുപോകുകയും ചെയ്തു. ജലനിധി പദ്ധതി വെള്ളിമില്ലാതെ താല്‍കാലികമായി നിര്‍ത്തിവച്ചതോടെ ഹൈഡല്‍ ടൂറിസവും നിലച്ചു. നെടുങ്കയം ടൂറിസം കേന്ദ്രം കാട്ടുതീയുടെയും മാവോയിസ്റ്റ് ഭീഷണിയുടെയും ഫലമായി താല്‍കാലികമായി അടച്ചു. വനംവകുപ്പിന്റെ കനോലിപ്ലോട്ടിലെ ടൂറിസം കേന്ദ്രത്തിലേക്കു വിനോദസഞ്ചാരികളെത്തുന്നുണ്ടെങ്കിലും ഒരടിസ്ഥാന സൗകര്യവും വനംവകുപ്പ് ഒരുക്കിയിട്ടില്ല.
ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും പാസിനത്തില്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, ഇവിടെ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യമൊരുക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ല. തേക്ക് മ്യൂസിയത്തില്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കു നാമമാത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെയും പ്രതിവര്‍ഷം 60 ലക്ഷത്തില്‍ കുറയാത്ത വരുമാനമുണ്ട്. കേരള വര്‍മ പഴശ്ശിരാജ ഒളിച്ചിരുന്ന നായാടംപൊയിലിലെ ഗുഹയുടെ സംരക്ഷണ കാര്യത്തിലും അധികൃതര്‍ മൗനംപാലിക്കുകയാണ്.
ഇടിവണ്ണയിലെ കരുമ്പായി കോട്ടയില്‍ ടൂറിസം സൗകര്യം ഒരുക്കുമെന്ന മുന്‍ ടൂറിസം മന്ത്രി എ.പി അനില്‍കുമാറിന്റെയും സ്ഥലം എം.എല്‍.എ പി.കെ ബഷീറിന്റെയും പ്രഖ്യാപനങ്ങളും യാഥാര്‍ഥ്യമായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി വടപുറം പാലത്തിനു സമിപം ഗേറ്റ് വേ ഓഫ് നിലമ്പൂരിന്റെ ഭാഗമായുള്ള രണ്ട് കിയോസ്‌ക്കുകള്‍ക്ക് ഇനിയും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടില്ല. ടൂറിസം മേഖലയുടെ വികസനം യാഥാര്‍ഥ്യമാക്കുകയും വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്താല്‍ ലക്ഷകണക്കിനു രൂപ ടൂറിസം-വനംവകുപ്പുകളിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തും.
വിവിധ ജില്ലകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വിദേശങ്ങളില്‍നിന്നുമായി എത്തുന്ന വിനോദസഞ്ചാരികള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ നിലമ്പൂര്‍ ടൗണിലെത്തി ബസ് സ്റ്റാന്‍ഡ്, ലോഡ്ജുകള്‍ എന്നിവ ആശ്രയിക്കേണ്ടിവരികയാണ്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ടൂറിസം പദ്ധതികള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും നിലവിലുള്ള ടൂറിസം പദ്ധതികള്‍ക്കാവശ്യമായ ഫണ്ട് കൊണ്ടുവരുന്നതിനോ വിനോദ സഞ്ചാരികള്‍ക്കു പ്രയോജനപ്പെടുന്നവിധം സംരക്ഷിക്കുന്നതിനോ തയാറാകുന്നില്ല. ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ നദികളുള്ള നിലമ്പൂര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളും പുഴയോടു ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
കരിമ്പുഴയുടെ തീരത്താണ് നെടുങ്കയം ടൂറിസം കേന്ദ്രമുള്ളത്. കുറുവന്‍ പുഴയുടെ വാളംതോടാണ് കോഴിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പുഴയിലാണ് ആഢ്യന്‍പാറ വെള്ളച്ചാട്ടം. ചാലിയാര്‍-കുറുവന്‍ പുഴകളുടെ സംഗമ സ്ഥാനത്താണ് തേക്ക് മുത്തശ്ശി നില്‍ക്കുന്ന കനോലിപ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."