ബാറുകളും പാര്‍ലറുകളും മാറ്റണം
ദേശീയ-സംസ്ഥാന പാതയോരങ്ങളോടു ചേര്‍ന്നുള്ള ഹോട്ടലുകളും ബാറുകളും, ഹോട്ടലുകളോടു ചേര്‍ന്നുള്ള ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. പാതയോരങ്ങളിലെ മദ്യവില്‍പന ശാലകള്‍ അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന സുപ്രിംകോടതി വിധിയില്‍ ബാറുകളും ബിയര്‍- വൈന്‍ പാര്‍ലറുകളും വരില്ലെന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ഇവയൊന്നും മാറ്റിസ്ഥാപിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. മദ്യനിരോധനമല്ല, മദ്യവര്‍ജനവും മദ്യവ്യാപനം തടയലുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യമെന്ന് പറഞ്ഞതിന് കടകവിരുദ്ധമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ബാറുകളടക്കമുള്ള ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അഞ്ഞൂറു മീറ്റര്‍ ഉള്ളിലോട്ട് മാറ്റിസ്ഥാപിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനപാലനമായിരിക്കുമത്. ഇടതുപക്ഷം വാഗ്ദാനം ചെയ്ത മദ്യവര്‍ജന നടപടിക്ക് അത് ആക്കംകൂട്ടുകയും ചെയ്യും.
മദ്യം കൈയെത്താവുന്ന ദൂരത്തില്‍നിന്ന് അകലേക്ക് മാറുമ്പോള്‍ മദ്യവര്‍ജനത്തിനുള്ള സര്‍ക്കാര്‍ പ്രോത്സാഹനമായി അത് മാറും. ആ നിലയ്ക്ക് സുപ്രിംകോടതി വിധിയെ യഥാവിധി അനുസരിച്ച് അഞ്ഞൂറുമീറ്റര്‍ ഉള്ളിലോട്ട് ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ വേണ്ടിയിരുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ബാറുടമകളെ സഹായിക്കാന്‍ പോന്നതാണ്. ബാറുടമകള്‍ ബാറുകള്‍ മാറ്റിസ്ഥാപിക്കേണ്ടതില്ല എന്നതിന് അറ്റോര്‍ണി ജനറല്‍ കണ്ടെത്തിയ നിയമവശം, അവ മദ്യവില്‍പന ശാലകളല്ലെന്നും പലതും ഹോട്ടലുകളിലും ഹോട്ടലുകളോട് ചേര്‍ന്നും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇരുന്ന് കഴിക്കാന്‍ സൗകര്യമുള്ളതാണെന്നും ചില്ലറ വില്‍പന ശാലകള്‍ക്കു മാത്രമേ സുപ്രിംകോടതി വിധി ബാധകമാവൂ എന്നതുമാണ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം. വില്‍പനയായാലും ഇരുന്നു കഴിക്കുന്നതായാലും അകത്തേക്ക് ചെല്ലുന്നത് മദ്യം തന്നെയാണ്.
ആ നിലയ്ക്ക് സുപ്രിംകോടതി ഉത്തരവനുസരിച്ച് അവ മാറ്റിസ്ഥാപിക്കാന്‍ ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ നടപടിയെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. അഞ്ഞൂറു മീറ്റര്‍ അകലേക്ക് മാറ്റിസ്ഥാപിക്കുമ്പോള്‍ ജനവാസമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച് ജനരോഷം വിളിച്ചുവരുത്തി വീണ്ടും പാതയോരങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള അവസരം ഉണ്ടാകരുത്. വൈനും ബിയറും മദ്യമല്ലെന്നും ബവുക്കോയുടെ ഔട്ട്‌ലെറ്റുകളായ റീട്ടെയില്‍ കടകള്‍ മാത്രം മാറ്റിയാല്‍ പോരേ, തുടങ്ങിയ സംശയങ്ങള്‍ നേരത്തേ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചത് സുപ്രിംകോടതി വിധിയെ മറികടക്കാനായിരുന്നു. ആ അവസരമാണിപ്പോള്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും മാറ്റേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. സുപ്രിംകോടതി വിധിയില്‍ യാതൊരു അവ്യക്തതയും ഇല്ലെന്നും കള്ളുഷാപ്പുകള്‍ വരെ അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിസ്ഥാപിക്കേണ്ടിവരുമെന്നും നേരത്തേ സംസ്ഥാന നിയമവകുപ്പ് സര്‍ക്കാരിന് നല്‍കിയ നിയമോപദേശം അവഗണിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.
സുപ്രിംകോടതി വിധി മാനിക്കാതെ ബാറുകള്‍ അടക്കമുള്ള മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടിവരുമെന്ന് രാജിവയ്ക്കും മുന്‍പേ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ബാറുടമകള്‍ക്കു വേണ്ടിയുള്ള തീരുമാനമായി മാത്രമേ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാടിനെ കാണാനാകൂ. മദ്യം വില്‍ക്കുന്നതിനാണ് വിലക്കെന്നും വാങ്ങുന്നതിനു വിലക്കില്ലെന്നും പറഞ്ഞ് ബാറുടമകള്‍ സുപ്രിംകോടതി വിധിയെ നേരത്തേ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അത്തരം ദുര്‍വ്യാഖ്യാനങ്ങളെ ശരിവയ്ക്കും വിധമാണ് മന്ത്രിസഭായോഗ തീരുമാനം ഉണ്ടായിരിക്കുന്നത്. സുപ്രിംകോടതി വിധിയെ ദുര്‍ബലപ്പെടുത്താനെന്നവണ്ണം അഞ്ഞൂറു മീറ്റര്‍ ഉള്ളിലേക്ക് മാറ്റിയ പലതും ജനവാസ കേന്ദ്രങ്ങളില്‍ സ്ഥാപിക്കാനാണ് ശ്രമിച്ചത്. ഈ നീക്കങ്ങളെ പലയിടങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ചെയ്ത് പരാജയപ്പെടുത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് വേണ്ടാത്ത മദ്യം സര്‍ക്കാര്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ബാറുടമകള്‍ക്ക് വേണ്ടിയാണെന്ന പൊതുവിശ്വാസത്തെ കാണാതിരുന്നുകൂടാ. മദ്യം, അവ വില്‍ക്കാനുള്ളതായാലും കുടിക്കാനുള്ളതായാലും പൂര്‍ണമായും ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ നിന്നു മാറ്റിസ്ഥാപിക്കുക എന്നതു തന്നെയാണ് സുപ്രിംകോടതി വിധിയുടെ കാതല്‍. വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ ഏറിയ പങ്കും പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ മൂലം സംഭവിക്കുന്നതാണ്. ഡ്രൈവര്‍മാര്‍ പാതയോരങ്ങളില്‍ വണ്ടിനിര്‍ത്തി മദ്യം വാങ്ങിക്കഴിക്കുന്നത് സാധാരണയാണ്. മദ്യപിച്ചുള്ള ഡ്രൈവിങ് മൂലം എത്രയെത്ര മനുഷ്യരാണ് ഓരോദിനവും മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. എത്രയെത്ര പേരാണ് ഗുരുതര പരുക്കുകള്‍ മൂലം ശയ്യാവലംബികളാകുന്നത്. മദ്യത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തേക്കാള്‍ മദ്യം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ചെലവഴിക്കേണ്ടിവരുന്നു. ബാറുടമകള്‍ക്കു വേണ്ടി വീടകങ്ങളിലെ ഇപ്പോഴത്തെ ശാന്തി തകര്‍ക്കുന്ന നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."