കോടതി വിധി ബി.ജെ.പിയുടെ വാട്ടര്‍ലൂ ആകുമോ ?
ഭരണഘടന സ്ഥാപനങ്ങളുടെ പ്രസക്തി പലരും പലപ്പോഴുമറിയാറില്ല. എന്നാല്‍, വലിയൊരു വിഭാഗം ഇത്തരം സ്ഥാപനങ്ങളുടെ പ്രാധാന്യം മനസിലാക്കുന്ന ചുരുക്കം ചില അവസരങ്ങളുണ്ട്. അത്തരം ഒരു ദിനമായിരുന്നു ഇന്നലെ. ഇന്ത്യന്‍ ജനാധിപത്യത്തില്‍ സുപ്രിം കോടതിയുടെ പങ്കെന്ത് എന്ന് വ്യക്തമാക്കപ്പെട്ട ദിനമായിരുന്നു വെള്ളിയാഴ്ച. കുട്ടിക്കാലത്ത് ഇന്ത്യ- പാക് ക്രിക്കറ്റ് മല്‍സരം കാണാന്‍ ടിവിയുടെ മുന്നില്‍ അക്ഷമയോടെ കാത്തുനില്‍ക്കുകയും കളി ആദ്യാവസാനം വരെ കാണുകയും ചെയ്തതിന്റെ ഒരു തനിയാവര്‍ത്തനം പിന്നീട് ഇന്നലെയാണുണ്ടായത്.
കര്‍ണാടക വിഷയത്തില്‍ പരമോന്നത കോടതി വിധി എന്താകുമെന്നറിയാനായിരുന്നു അത്. കര്‍ണാടക തെരഞ്ഞെടുപ്പും ഫലവും അതിനെ തുടര്‍ന്നുള്ള അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ കരുനീക്കങ്ങളും എല്ലാം ഉദ്വേഗഭരിതമായി തുടരുന്നു. അധികാരത്തിനു വേണ്ടിയോ, കിട്ടിയ അധികാരം നിലനിര്‍ത്താന്‍ വേണ്ടിയോ ശ്രമിക്കുന്ന സംഘടനകളെ തന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നു പറയുന്നത്.
പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ അഞ്ചു വര്‍ഷം കൂടുമ്പോഴുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ തന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അധികാര ലബ്ധിയിലേക്കുള്ള വഴി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ആശയ പ്രചാരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുമ്പോള്‍ ധാര്‍മികവും, പണവും പാരിതോഷികവും നല്‍കിയും ഭീഷണിപ്പെടുത്തിയും അസത്യങ്ങള്‍ പ്രചരിപ്പിച്ചും ലക്ഷ്യത്തിലേക്കെത്താന്‍ ശ്രമിക്കുമ്പോള്‍ അത് അധാര്‍മികവും ആകുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ആദ്യം തൊട്ട് അധികാര പ്രക്രിയയിലേക്ക് അധാര്‍മികതയുടെ വഴിയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രത്യേകിച്ച് ബി.ജെ.പി സ്വീകരിച്ചതെന്നത് നഗ്‌നസത്യമാണ്. സമുദായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പരോക്ഷമായി പ്രേരിപ്പിച്ചും ഭഗത് സിങിനെയും നെഹ്‌റുവിനെയും ചേര്‍ത്ത് പുതിയ കഥകളുണ്ടാക്കിയും എല്ലാം അത് നിര്‍ബാധം തുടര്‍ന്നു. എന്നിട്ടും കേവല ഭൂരിപക്ഷത്തിലേക്കുള്ള മാന്ത്രിക സംഖ്യയിലേക്കെത്താന്‍ ബി.ജെ.പിക്കായില്ല.
ആ സാഹചാര്യത്തിലാണ് അന്യന്റെ പോക്കറ്റില്‍ കൈയിട്ട് കാശെടുക്കുന്നതു പോലെ മറ്റു പാര്‍ട്ടികളിലെ എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ച് ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ മറവില്‍ അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി മുന്നോട്ട് വന്നത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ രാഷട്രീയപ്പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പാനന്തര സഖ്യം രൂപീകരിക്കാമെന്ന വിധി നിലനില്‍ക്കുന്നുണ്ട്.
ജനങ്ങള്‍ക്കിടയില്‍ പരസ്പരം മല്‍സരിച്ചവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞു ഒന്നിക്കുന്നതിലെ വൈരുധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ കൂടെക്കൂടെയുണ്ടാകുന്ന തെരഞ്ഞെടുപ്പുകള്‍ മൂലമുണ്ടാകുന്ന കോടിക്കണക്കിനു രൂപയുടെ ഖജനാവ് നഷ്ടമൊഴിവാക്കുന്നതിനും ഭരണസ്ഥിരത ഉറപ്പുവരുത്തുന്നതിനും നല്ലതു തന്നെയാണ് ബഹു കക്ഷി ജനാധിപത്യത്തില്‍ പൊതു മിനിമം പരിപാടിയുടെയടിസ്ഥാനത്തില്‍ രൂപപ്പെടുന്ന പോസ്റ്റ് പോള്‍ അലയന്‍സും.
അത്തരത്തില്‍ കര്‍ണാടകയില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ മറികടന്നാണ് ഗവര്‍ണര്‍ വിവേചനാധികാരം പ്രയോഗിച്ചത്. വിവേചനാധികാരം കൊണ്ട് ഭരണഘടന നിര്‍മാണ സമിതി ഉദ്ദേശിച്ചത് വിവേകപൂര്‍ണമായ തീരുമാനങ്ങളാണ്. പക്ഷെ ഗവര്‍ണര്‍മാരെ നയിക്കുന്നത് വിവേകമല്ല, മറിച്ച് രാഷ്ട്രീയമാണെന്ന് കര്‍ണാടക സംഭവം ഒരിക്കല്‍ കൂടി തെളിയിക്കുന്നു.
നീതിക്കുവേണ്ടി അര്‍ധരാത്രി കോടതി സമ്മേളിക്കുമോ? ഭരണഘടനയുടെ സംരക്ഷകന്‍ സുപ്രിംകോടതി തന്നെയെന്ന് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ച വരെ നീണ്ട സിറ്റിങും തുടര്‍ന്ന് ഇന്നലെയുണ്ടായ വാദങ്ങള്‍ക്കിടയിലെ വിധിയും ഉറപ്പിക്കുന്നു.
സഭയില്‍ വിശ്വാസവോട്ടെടുപ്പ് 15 ദിവസത്തിനുള്ളില്‍ വേണമെന്ന ഗവര്‍ണറുടെ തീരുമാനത്തെ തള്ളി ഏതാണ്ട് 24 മണിക്കൂറിനുള്ളില്‍ വേണമെന്ന് സുപ്രിം കോടതിയുടെ വിധി പ്രസ്താവന എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. വിശ്വാസവോട്ടെടുപ്പില്‍ എന്തു തന്നെ സംഭവിച്ചാലും, ഇത്തരം ജനാധിപത്യ ലംഘനങ്ങളെ അവഗണിച്ച് മുന്നോട്ട്‌പോകാന്‍ കഴിയില്ല എന്ന് പരമോന്നത കോടതി പറയാതെ പറയുന്നു. അന്തിമ വിധി വരുമ്പോള്‍ ഒരു മാര്‍ഗരേഖ രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.
ഭരണഘടനയുടെ അന്തസത്ത കാത്ത ജസ്റ്റിസ് സിക്രി, ജസ്റ്റിസ് എ ബോബ്‌ഡെ, ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചിനും വാദിച്ച അഡ്വക്കറ്റുമാരായ അഭിഷേക് സിങ് വി, കപില്‍ സിബല്‍, രാം ജെത്മലാനി തുടങ്ങിയവരെയും ജനാധിപത്യ വിശ്വാസിയെന്ന നിലയില്‍ അഭിനന്ദിക്കുന്നു.
ഗുജറാത്ത് തെരഞ്ഞെടുപ്പിനു ശേഷം രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി കുറേ വര്‍ഷങ്ങളായി കര്‍ണാടകയില്‍ തുടര്‍ഭരണം ഉണ്ടാകാറില്ല. ബി.ജെ.പി വിരുദ്ധ നിലപാടുകളിലും വ്യത്യസ്തമായ ജനകീയപദ്ധതികള്‍ ആവിഷ്‌കരിച്ചും സിദ്ധരാമയ്യ മുന്നോട്ടു പോവുകയും തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റും കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തപ്പോള്‍ ദേശീയതലത്തില്‍ തിരിച്ചുവരാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു പിടിവള്ളിയായി കര്‍ണാടക തെരഞ്ഞെടുപ്പ് മാറുമെന്ന് പാര്‍ട്ടി കരുതി. മറുപക്ഷത്ത് ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം കൂടി കൈപ്പിടിയിലാക്കുകയും ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ അപ്രമാദിത്വം തുടരാനുമുള്ള ഒരു അവസരമായിരുന്നു ബി.ജെ.പിക്ക്. പതിവുപോലെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ കര്‍ണാടകയിലും കോണ്‍ഗ്രസിനും ജെ.ഡി.എസിനും മറ്റും പാര്‍ട്ടികള്‍ക്കും വിഘടിച്ചു പോയപ്പോള്‍ ബി.ജെ.പി പ്രതീക്ഷിച്ച പോലെ നേടിയില്ലെങ്കിലും ഒന്നാമതെത്തി. വരാന്‍ പോകുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഒന്നായി മാറി തെരഞ്ഞെടുപ്പ് ഫലം. പക്ഷെ ഗവര്‍ണറെ ഉപയോഗപ്പെടുത്തി കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതും കോടതി അതിനെ അതി വിദഗ്ധമായി ചൂണ്ടിക്കാണിച്ചതും സഭയില്‍ ഒരു ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പിനു തയ്യാറാവാന്‍ ആവശ്യപ്പെട്ടതും ബി.ജെ.പിക്ക് തിരിച്ചടിയായി.
അടിക്കടിയുണ്ടാകുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങള്‍കൊണ്ട് കഷ്ടപ്പെടുന്ന കോണ്‍ഗ്രസിനാകട്ടെ ഒരു പുത്തനുണര്‍വും, രാഷ്ട്രീയ വിഷയവും ഇതിലൂടെ ലഭിച്ചു. അശ്വമേധം തുടരുന്ന ബി.ജ.പിയുടെ വാട്ടര്‍ ലൂ ആയി കര്‍ണാടക സംഭവം മാറാന്‍ സാധ്യതയുണ്ട്. കര്‍ണാടക വിഷയത്തെത്തുടര്‍ന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഐക്യം തുടര്‍ക്കഥയാവുകയാണെങ്കില്‍ ബി.ജെ.പിക്കു 2019ലെ പൊതു തെരഞ്ഞെടുപ്പ് അത്ര സുഖകരമാവുകയില്ല. യു.പിയില്‍ ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിയും ഒന്നിക്കുമെന്നും, ബംഗാളില്‍ സി.പിഎമ്മും കോണ്‍ഗ്രസ്സും ഒരുമിക്കുമെന്നും ആരും കരുതിയിരുന്നില്ല. ബിസ്മാര്‍ക് പറഞ്ഞതു പോലെ രാഷ്ട്രീയം സാധ്യതാക്കളുടെ കൂടി കലയാണ്.
(ശ്രീ കേരള വര്‍മ കോളജ് തൃശൂര്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."