എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പര്‍ മോഷണം: അന്വേഷണം കുട്ടിക്കുറ്റവാളികളിലേക്ക്
പൂച്ചാക്കല്‍:തൈക്കാട്ടുശേരി എസ്.എം.എസ് .ജെ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തര കടലാസുകള്‍ മോഷ്ടിച്ചത് കുട്ടി കുറ്റവാളികളാകാമെന്ന് പൊലീസ് നിഗമനം. ഇത് കേന്ദ്രീകരിച്ചും മറ്റു മോഷ്ടാക്കളുടെ കണക്കെടുത്തും പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷാ ആവശ്യത്തിന് ഉപയോഗിച്ചിരുന്ന സ്‌കൂള്‍ ഓഫീസിലെ അലമാരയുടെ താഴാണ് പ്രധാനമായി തകര്‍ത്തത് .വിദ്യാര്‍ഥികള്‍ ഉത്തരമെഴുതേണ്ടിയിരുന്ന സ്‌കൂള്‍ മുദ്രയുള്ള അഡീഷണല്‍ പേപ്പര്‍ കെട്ടാണ് മോഷ്ടിച്ചത്.മറ്റു മുറികളില്‍ കയറുകയോ, വസ്തുക്കള്‍ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല.എസ്എസ്എല്‍സി ചോദ്യകടലാസ് അന്വേഷിച്ചു വന്നതായിരിക്കാമെന്നും അവര്‍ പ്രദേശത്തുള്ളവരോ, ദൂരെ നിന്നുള്ളവരോ ആകാമെന്നുമാണ് പൊലീസ് നിഗമനം.
സ്‌കൂളിലെ മുറികള്‍ സംബന്ധിച്ച് കൂടുതലായി അറിവുള്ളവരും ആകാം.എന്നാല്‍ പ്രഫഷണല്‍ രീതിയിലുള്ള മോഷണമല്ലെന്നു പൊലീസ് വിലയിരുത്തുന്നു.സമാനരീതിയില്‍ നടന്ന മോഷണങ്ങളുടെയും സ്ഥിരം മോഷ്ടാക്കളുടെയും വിവരങ്ങള്‍ ശേഖരിച്ച് അന്വേഷിച്ചെങ്കിലും ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. സംഭവ ദിവസങ്ങളിലുണ്ടായ ഫോണ്‍ വിളികള്‍ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്.
പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ട സ്‌കൂള്‍ മുദ്രയുള്ള ശൂന്യകടലാസുകള്‍ മോഷണം പോയതിനാല്‍ തുടര്‍ന്നുള്ള എല്ലാ പരീക്ഷകളിലും ഹാളുകളില്‍ നല്‍കിയ ഉത്തരകടലാസുകളുടെ കണക്ക് അധ്യാപകര്‍ പ്രത്യേകം നിരീക്ഷിച്ച് പൊലീസിനെ അറിയിക്കുന്നുണ്ട്.
ഇന്നലെ ഇത്തരത്തില്‍ സംശയാസ്പദമായ ഒന്നും ലഭിച്ചില്ല. ശനി, ഞായര്‍ ദിവസങ്ങളിലെ രാത്രിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകിട്ട് സ്‌കൂള്‍ അടച്ചശേഷം തിങ്കളാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സ്‌കൂളിന്റെ ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്തു കടന്ന മോഷ്ടാക്കള്‍ അലമാരയുടെ താഴ് തകര്‍ത്ത്, ഉത്തരമെഴുതേണ്ട ശൂന്യ കടലാസുകളുടെ ഒരു കെട്ട് മോഷ്ടിക്കുകയായിരുന്നു.
മറ്റൊരു അലമാര തകര്‍ത്ത് താക്കോല്‍ക്കൂട്ടം മോഷ്ടിക്കുകയും പ്രഥമാധ്യാപകന്റെ മേശവലിപ്പില്‍ നിന്നു പണം മോഷ്ടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."