പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വെനിസ്വല വിധിയെഴുതി
കാരക്കാസ്: സംഘര്‍ഷങ്ങളും കലാപങ്ങളും നിറഞ്ഞ ആറു വര്‍ഷങ്ങള്‍ക്കു ശേഷം വെനിസ്വല വീണ്ടും പോളിങ് ബൂത്തിലെത്തി. പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ കുറഞ്ഞ പോളിങ് ശതമാനമാണു രേഖപ്പെടുത്തിയത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാല്‍ നിലവിലെ പ്രസിഡന്റ് നിക്കോളാസ് മദുറോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
കണക്കനുരസിച്ച് ഈ വര്‍ഷം ഡിസംബറിലാണ് വെനിസ്വലയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ദേശീയ അസംബ്ലി തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം ഏപ്രില്‍ 22നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. ഇതു പിന്നീട് മെയ് 20ലേക്കു നീട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പ് അലങ്കോലമാക്കി വിജയം തട്ടിയെടുക്കാനുള്ള ഭരണകക്ഷികളായ യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് പ്രതിപക്ഷ സഖ്യമായ ഡെമോക്രാറ്റിക് യൂനിറ്റി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത്. മുന്നണിയുടെ രണ്ടു പ്രമുഖ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കിയിരുന്നു. ബാക്കിയുള്ള സ്ഥാനാര്‍ഥികള്‍ രാജ്യം വിടുകയും ചെയ്തു. എന്നാല്‍, മുന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗം കൂടിയായ ഹെന്റി ഫാല്‍ക്കണ്‍ മദുറോയ്ക്കെതിരേ മത്സരിക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനു കീഴില്‍ ഗവര്‍ണറായിരുന്നു ഫാല്‍ക്കണ്‍.
കഴിഞ്ഞ വര്‍ഷം നടന്ന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ആകെ 23 സീറ്റുകളില്‍ 17 ഇടത്തും മദുറോയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിജയമെന്ന് അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."