പോരൂര്‍ പഞ്ചായത്തിലെ ഹാഡ പദ്ധതിയിലെ ക്രമക്കേട്
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ഹാഡ പദ്ധതി ക്രമക്കേട് തെളിവെടുപ്പിനായി കോഴിക്കോട് ഉത്തരമേഖല വിജിലന്‍സ് വണ്ടും പോരുരിലെത്തി. കോഴിക്കോട് വിജിലന്‍സ് സി.ഐ പ്രവീണും സംഘവുമാണ് പരിശോധനക്കെത്തിയത്.
വണ്ടൂര്‍ ബ്ലോക്കിനു കീഴില്‍ പോരൂരില്‍ 8,22,37,000 രൂപയുടെ പണികളാണ് ഹാഡ പദ്ധതിയില്‍ നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ ഹാഡ പദ്ധതിയില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ മുഴുവന്‍ പണികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാണിച്ച് പോരൂര്‍ പൗരസമിതി, ആന്റി കറപ്ക്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയിരുന്നു.
ചെറുകോട് കുടിവെള്ള പദ്ധതിക്ക് വരള്‍ച്ച ഫണ്ടില്‍ ഉള്‍പെടുത്തി 10 ലക്ഷം, ഹാഡ 30 ലക്ഷം എന്നിങ്ങനെ 40 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. നേരത്തെ മറ്റു പദ്ധതികളില്‍ പൂര്‍ത്തീകരിച്ച പണികളില്‍ പേരുമാറ്റിയും നാമ മാത്രമായ പണികള്‍ നടത്തിയുമെല്ലാം വന്‍ തട്ടിപ്പ് നടന്നതായാണ് പരാതി. ഒരു പദ്ധതിക്ക് തന്നെ ഒന്നിലധികം പ്രവര്‍ത്തികളുടെ പേരില്‍ പണം എഴുതിയെടുത്തതായും കണ്ടെത്തിയിരുന്നു.
കാര്യമായ പണികള്‍ നടത്താത്തതു മൂലം പല പദ്ധതികളും ഇപ്പോള്‍ തന്നെ ഉപയോഗ ശൂന്യമായിട്ടുണ്ട്. എന്നാല്‍ പലതവണ യൂനിറ്റില്‍ നിന്നു അന്വേഷണത്തിനായി എത്തി. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും കുറ്റകാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിജിലന്‍സ് സംഘം അഴിമതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."