നാല്‍പ്പത് കുടുംബങ്ങളുടെ ദാഹമകറ്റി അയിശു ഹജ്ജുമ്മ
നാദാപുരം: നാടും നഗരവും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിനിടെ നാട്ടുകാര്‍ക്ക് ആശ്വാസത്തിന്റെ കുടിനീര്‍ നല്‍കി വീട്ടമ്മ. ചേലക്കാട് നരിക്കാട്ടേരിയിലെ മാണിക്കോത്ത് അയിശു ഹജ്ജുമ്മ (65) യാണ് പ്രദേശത്തെ 40 ഓളം കുടുംബങ്ങള്‍ക്ക് സ്വന്തം കിണറ്റില്‍ നിന്ന് കുടിവെള്ളമെത്തിക്കുന്നത്.
വിധവയായ ഈ വീട്ടമ്മ മകള്‍ ഹസീനയോടൊപ്പമാണ് കഴിയുന്നത്. കിണറ്റില്‍ സ്ഥാപിച്ച 13 വൈദ്യുതി മോട്ടോറുകള്‍ വഴിയാണ് 40-ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്.
കാലവര്‍ഷത്തില്‍ കിണറ്റില്‍ വെള്ളം സംഭരിച്ചു വയ്ക്കാന്‍ ഇവര്‍ മുന്നൊരുക്കങ്ങള്‍ നടത്തും. മാസങ്ങള്‍ നീളുന്ന തയാറെടുപ്പിനൊടുവിലാണ് നാട്ടുകാര്‍ക്ക് കുടിവെള്ളം ലഭ്യമാകുന്നത്. അയിശു ഹജ്ജുമ്മയുടെ സുകൃതം അറിഞ്ഞ് ആദരിക്കാനും നന്മയുടെ വര്‍ത്തമാനം കേള്‍ക്കാനും ലോക ജലദിനത്തില്‍ നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'സ്‌നേഹമുദ്ര' പ്രവര്‍ത്തകര്‍ വീട്ടിലെത്തി.
പരപ്രേരണയില്ലാതെ സേവനം ചെയ്യുമ്പോഴാണ് നിര്‍വൃതി ലഭിക്കുകയെന്ന് അവര്‍ കുട്ടികളോട് പറഞ്ഞു. ശുദ്ധജലം സംരക്ഷിക്കുമെന്നും ജലം മലിനമാക്കുന്ന പ്രവൃത്തികള്‍ നടത്തില്ലെന്നും വിദ്യാര്‍ഥിനികള്‍ പ്രതിജ്ഞയെടുത്തു. വി.സി ഇഖ്ബാല്‍, പി.ടി.എ പ്രസിഡന്റ് നാസര്‍ എടച്ചേരി, ഹെഡ്മാസ്റ്റര്‍ ഇ. സിദ്ദീഖ്, കണേക്കല്‍ അബ്ബാസ്, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, കെ. ഷമീന ടീച്ചര്‍, സമീറ മൊട്ടേമ്മല്‍, അബ്ദുല്ല, പുത്തന്‍പീടികയില്‍ ഹമീദ്, നാസര്‍ മാണിക്കോത്ത് സംബന്ധിച്ചു. അയിശു ഹജ്ജുമ്മയെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്‌കൂളിന്റെ ഉപഹാരവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."