അപാരത തീര്‍ക്കാന്‍ മെക്‌സിക്കോ
പലപ്പോഴും വശീകരിക്കുന്ന കാല്‍പന്ത് മാന്ത്രികതയുമായി കളം നിറഞ്ഞവരാണ് മെക്‌സിക്കോ സംഘം. കരുത്തന്‍മാരടക്കമുള്ള എതിര്‍ ടീമുകള്‍ക്കെല്ലാം മെക്‌സിക്കോ ഉള്‍ക്കിടിലം തീര്‍ക്കുന്ന ടീമാണ്. ഇത്തവണയും മാറ്റമൊന്നുമില്ല. മെക്‌സിക്കോ വരുന്നുണ്ട്. കോണ്‍കാകാഫ് യോഗ്യതാ പോരാട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
കൊളംബിയന്‍ സംഘമാണ് മെക്‌സിക്കോയുടെ പരിശീലക ടീം. ഹെഡ്ഡ് കോച്ച് യുവാന്‍ കാര്‍ലോസ് ഓസോരിയോ, സഹ പരിശീലകരായ ലൂയിസ് പോംപിലിയോ പയസ്, ഹംബര്‍ട്ടോ സിയേര, ഗോള്‍ കീപ്പിങ് പരിശീലകന്‍ നെസ്റ്റര്‍ മരിന്‍, ഫിറ്റ്‌നസ് കോച്ച് ജോര്‍ജ് റിയോസ് എല്ലാവരും കൊളംബിയക്കാര്‍. അതുകൊണ്ടു തന്നെ ഒരു ലാറ്റിനമേരിക്കന്‍ സൗന്ദര്യം അവരുടെ ഫുട്‌ബോളില്‍ കലര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
മുന്നേറ്റത്തില്‍ ജാവിയര്‍ ഹെര്‍ണാണ്ടസും മധ്യനിരയില്‍ ജിയോവാനി ഡോസ് സാന്റോസ്, ക്യാപ്റ്റന്‍ അന്‍ഡ്രെസ് ഗ്വര്‍ഡാഡോ എന്നിവരും ശ്രദ്ധേയ സാന്നിധ്യങ്ങള്‍. പ്രതിരോധത്തില്‍ ഏറെ പരിചയ സമ്പത്തുള്ള റാഫേല്‍ മാര്‍ക്വസുമുണ്ട്. മുന്നേറ്റത്തില്‍ യുവ താരം ഹിര്‍വിങ് ലോസനോയുടെ സാന്നിധ്യം അവരെ തുണയ്ക്കുമോയെന്ന് കണ്ടറിയാം.
1930ല്‍ ആദ്യ ലോകകപ്പിനെത്തി മെക്‌സിക്കോപിന്നീട് രണ്ട് ലോകകപ്പിലെത്തിയില്ലെങ്കിലും 1950 മുതല്‍ 70 വരെയുള്ള ലോകകപ്പില്‍ സാന്നിധ്യം തുടര്‍ച്ചയായി അറിയിച്ചു. 1970ലും 86ലും ക്വര്‍ട്ടര്‍ കളിച്ചതാണ് മികച്ച പ്രകടനം. 1994 മുതല്‍ കഴിഞ്ഞ ലോകകപ്പ് വരെ അവര്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. ഇത്തവണ മികച്ച പ്രകടനം സൃഷ്ടിച്ച് അപാരതകള്‍ തീര്‍ക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ഗ്രൂപ്പ് എഫില്‍ ലോക ചാംപ്യന്‍മാരായ ജര്‍മനി, സ്വീഡന്‍, ദക്ഷിണ കൊറിയ ടീമുകളാണ് എതിരാളികള്‍. ജൂണ്‍ 17ന് ആദ്യ മത്സരത്തില്‍ ജര്‍മനിയുമായി മെക്‌സിക്കോ ഏറ്റുമുട്ടും. ഈ ഗ്രൂപ്പില്‍ ജര്‍മനി അടുത്ത ഘട്ടത്തിലേക്ക് അനായാസം മുന്നേറുമെന്ന് ഏതാണ്ടുറപ്പാണ്. പക്ഷേ ബാക്കി മൂന്നില്‍ ആരൊക്കെ എന്നതാണ് ശ്രദ്ധേയമായി നില്‍ക്കുന്നത്. ആര്‍ക്കും സാധ്യതയുണ്ട് എന്നതിനാല്‍ അവസാനം വരെ മെക്‌സിക്കോ പൊരുതുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."