വെനിസ്വലന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി
വാഷിങ്ടണ്‍: വെനിസ്വലയുടെ മുതിര്‍ന്ന രണ്ട് നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി. തങ്ങളുടെ നയതന്ത്രജ്ഞരെ പുറത്താക്കിയതിനു തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. ഇവരോട് രണ്ടു ദിവസത്തിനകം രാജ്യം വിടാന്‍ യു.എസ് നിര്‍ദേശിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന വെനിസ്വലന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിക്കോളാസ് മദുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കം ഉടലെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകെ വെനിസ്വലയ്‌ക്കെതിരേ അമേരിക്ക നയതന്ത്ര ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വെനിസ്വലന്‍ സ്ഥാപനങ്ങളുമായി ഇടപാടു നടത്തുന്നതില്‍നിന്ന് അമേരിക്കന്‍ കമ്പനികളെ വിലക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് യു.എസ് അംബാസഡറെയും ഡെപ്യൂട്ടി അംബാസഡറെയും വെനിസ്വല പുറത്താക്കിയത്.
അമേരിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക വേട്ടയ്ക്കു മറുപടിയായാണ് നടപടിയെന്നും വെനിസ്വലന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടി നീതീകരിക്കാനാകാത്തതാണെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് പ്രതികരിച്ചു.
നയതന്ത്രപരമായ ഉത്തരവാദിത്തങ്ങളും ജോലികളും കൃത്യമായി നടത്തി വന്ന എംബസി ഉദ്യോഗസ്ഥരെയാണ് വെനിസ്വല പുറത്താക്കിയിരിക്കുന്നതെന്നും ഇതില്‍ തിരിച്ചടിയായാണ് തങ്ങള്‍ പുതിയ തീരുമാനം കൈക്കൊണ്ടതെന്നും ഹെതര്‍ അറിയിച്ചു.
വെനിസ്വലയിലെ ഏകപക്ഷീയ തെരഞ്ഞെടുപ്പിലൂടെയുള്ള നിക്കോളാസ് മദുറോയുടെ വിജയത്തില്‍ അമേരിക്കയ്ക്കു പുറമെ നിരവധി രാജ്യങ്ങള്‍ പ്രതിഷേധിച്ചിരുന്നു. 14 ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വെനിസ്വലയില്‍നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു.
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ വെനിസ്വലന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണു നടപടി. അര്‍ജന്റീന, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഗ്വാട്ടിമാല, ഗുയാന, ഹോണ്ടുറാസ്, മെക്‌സിക്കോ, പാനമ, പരാഗ്വെ, പെറു, സെന്റ് ലൂസിയ തുടങ്ങിയ രാജ്യങ്ങളാണ് നടപടിയില്‍ പങ്കുകൊണ്ടത്. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ മദുറോയെ അഭിനന്ദിച്ചു.
ചൈന, ക്യൂബ, എല്‍സാല്‍വദോര്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഇടത് ആഭിമുഖ്യമുള്ള രാജ്യങ്ങളും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്തു. ഞായറാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 67.7 ശതമാനം(5.8 മില്യന്‍) വോട്ട് നേടിയാണ് നിക്കോളാസ് മദുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍സ്ഥാനാര്‍ഥി ഹെന്റി ഫാല്‍ക്കണിന് 21.2 ശതമാനം (1.8 മില്യന്‍) വോട്ടു ലഭിച്ചു. പ്രതിപക്ഷ ബഹിഷ്‌കരണവും വോട്ട് ക്രമക്കേട് ആരോപണവും മങ്ങലേല്‍പ്പിച്ച തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്ങാണു രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."