പുന്നയൂരിലെ അര്‍ബുദരോഗ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് മടി
ചാവക്കാട്: പുന്നയൂരില്‍ വ്യാപകമാവുന്ന അര്‍ബുദരോഗ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്ക് മടിയെന്ന് ആക്ഷേപം. തീരമേഖലയില്‍ നിരവധി പേര്‍ക്ക് അര്‍ബുദരോഗമുണ്ടെന്നും അര്‍ബുദം ബാധിച്ച് ചുരുങ്ങിയ കാലത്തിനുളളില്‍ പലരും മരിച്ചെന്നും മേഖലയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായിട്ട് മാസം കഴിഞ്ഞു.
എന്നാല്‍ രോഗ കാരണം വെള്ളമാണോ, വായുവാണോ, മറ്റ് ജീവിത ശൈലിയാണോ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രദേശത്തെ കുടിവെള്ളത്തിന്റെയും കൃഷിയിടത്തിലെ മണലിന്റേയും സാംപിളെടുത്ത് പരിശോധനക്ക് അയക്കാനും പഞ്ചായത്ത് ഭരണാധികാരികളും ആരോഗ്യ വകുപ്പ് അധികൃതരും ഇതുവരെ മുന്നിട്ടറങ്ങിയിട്ടില്ല. വായുവിലൂടെയും മണ്ണിലൂടെയും അര്‍ബുദം പിടിപെടാനുള്ള സാധ്യത വാശിയോടെയാണ് അധികൃതര്‍ തള്ളുന്നതെന്നും ആക്ഷേപമുണ്ട്. പുന്നയൂര്‍ പഞ്ചായത്തിന്റെ തീരമേഖലയായ മന്ദലാംകുന്ന് മുതല്‍ തെക്ക് എടക്കഴിയൂര്‍ വരെ രണ്ട് മാസത്തിനുള്ളില്‍ 12 ഓളം പേര്‍ മരിച്ചെന്നും നിലവില്‍ 50 ലേറെ രോഗികളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ഇതൊന്നും ആരോഗ്യ വകുപ്പ് അധികൃതരും നിഷേധിച്ചിട്ടില്ല.
എന്നാല്‍ സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടുന്നവരും ധാരളമുണ്ടെന്ന് പറയപ്പെടുന്നുണ്ട്. സമീപത്തെ പുന്നയൂര്‍ക്കുളം പഞ്ചായത്തിലേയും ചാവക്കാട് നഗരസഭയിലേയും തീര പ്രദേശങ്ങളായ തങ്ങള്‍പ്പടി, പെരിയമ്പലം, അണ്ടത്തോട്, പാപ്പാളി, തിരുവത്ര പുത്തന്‍ കടപ്പുറം മേഖലകളിലും ഇത്തരത്തിലുള്ള രോഗികളുണ്ടോയെന്ന പഠനം നടത്തേണ്ടതുണ്ട്. എന്നാല്‍ പുന്നയൂര്‍ പഞ്ചായത്ത് തീരമേഖലയിലെ അര്‍ബുദ നിര്‍ണയ ക്യാംപ് ഇന്ന് നടക്കും. എടക്കഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വടക്കേക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാംപ് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരേയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."