സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു: വിജയം 93.63%; 1245 പേര്‍ക്ക് ടോപ് പ്ലസ്
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്റ്റര്‍ ചെയ്ത 2,36,627 വിദ്യാര്‍ത്ഥികളില്‍ 2,31,288പേര്‍ പരീക്ഷക്കിരുന്നതില്‍ 2,16,557 പേര്‍ വിജയിച്ചു (93.63 ശതമാനം). ആകെ വിജയിച്ച 2,16,557 പേരില്‍ 1,245 പേര്‍ ടോപ് പ്ലസും, 25,795 പേര്‍ ഡിസ്റ്റിംഗ്ഷനും, 49,680 പേര്‍ ഫസ്റ്റ് ക്ലാസും, 24,781 പേര്‍ സെക്കന്റ് ക്ലാസും, 1,15,056 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലായി 6909 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,10,300 കുട്ടികളില്‍ 1,00,051 പേര്‍ വിജയിച്ചു. 90.71 ശതമാനം. 159 ടോപ് പ്ലസും, 7,293 ഡിസ്റ്റിംഗ്ഷനും, 19,512 ഫസ്റ്റ് ക്ലാസും, 8,477 സെക്കന്റ് ക്ലാസും, 64,610 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 84,807 കുട്ടികളില്‍ 81,481 പേര്‍ വിജയിച്ചു. 96.08 ശതമാനം. 891 ടോപ് പ്ലസും, 14,627 ഡിസ്റ്റിംഗ്ഷനും, 19,432 ഫസ്റ്റ് ക്ലാസും, 12,703 സെക്കന്റ് ക്ലാസും, 33,828 തേര്‍ഡ്ക്ലാസും ലഭിച്ചു.
പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 31,784 കുട്ടികളില്‍ 31,008 പേര്‍ വിജയിച്ചു. 97.56 ശതമാനം. 189 ടോപ് പ്ലസും, 3,706 ഡിസ്റ്റിംഗ്ഷനും, 9,914 ഫസ്റ്റ് ക്ലാസും, 3,318 സെക്കന്റ് ക്ലാസും, 13,881 തേര്‍ഡ്ക്ലാസും ലഭിച്ചു.
പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 4,397 കുട്ടികളില്‍ 4,017 പേര്‍ വിജയിച്ചു. 91.36 ശതമാനം. 6 ടോപ് പ്ലസും, 169 ഡിസ്റ്റിംഗ്ഷനും, 822 ഫസ്റ്റ് ക്ലാസും, 283 സെക്കന്റ് ക്ലാസും, 2,737 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം മുതല്‍ റാങ്കിന് പകരം എല്ലാ വിഷയങ്ങള്‍ക്കും 97 ശതമാനവും അതിന് മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് 'ടോപ് പ്ലസ്' പദവിയാണ് ലഭിക്കുക.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 214 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 126 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 94 കുട്ടികളില്‍ 83 പേരും വിജയിച്ചു.
പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ എടരിക്കോട് പുതുപ്പറമ്പ് ബയാനുല്‍ ഇസ്‌ലാം മദ്‌റസയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 61 കുട്ടികളില്‍ 59 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 26 പേരില്‍ 25 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,994 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,259 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 749 പേരും വിജയിച്ചു. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ മദ്‌റസകളിലെ പൊതുപരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2018 ജൂലൈ 1ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്കും, പുനര്‍ മൂല്യനിര്‍ണയത്തിനും 140 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചുക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 12 ആണ്.
പരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും, പുനഃപരിശോധനയുടെയും സേ പരീക്ഷയുടെയും അപേക്ഷാ ഫോറങ്ങളും www.result.samastha.info, www.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."