സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് ടോംസ് കോളജ് വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി
കഴക്കൂട്ടം: ജിഷ്ണു പ്രണോയിയുടെ മരണത്തെത്തുടര്‍ന്ന് പൂട്ടിയ ടോംസ് കോളജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മറ്റ് കോളജുകളില്‍ പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സാങ്കേതിക സര്‍വകലാശാലാ ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ സമരവുമായെത്തി. ഇതിന്റെ ഭാഗമായായിരുന്നു വിദ്യാര്‍ഥികളുടെ അത്മഹത്യാ ഭീഷണി.
ശ്രീകാര്യം എന്‍ജിനീയറിങ് കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്താണ് സമരക്കാര്‍ എത്തിയത്. ടോംസ് കോളജില്‍ നിന്നുള്ള 68 കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ കൊച്ചിന്‍ എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റാന്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ കോളജിലെ സൗകര്യങ്ങള്‍ ടോംസ് കോളജിനേക്കാള്‍ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ നേരത്തെ തന്നെ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇത് അവഗണിച്ച് എല്ലാ കുട്ടികളെയും കൊച്ചിന്‍ എന്‍ജിനീയറിങ് കോളജിലേക്ക് മാറ്റി ഉത്തരവ് ഇറക്കുകയായിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. കൊച്ചിന്‍ കോളജല്ലാതെ മറ്റ് ഏതു കോളജിലും പോകാന്‍ തങ്ങള്‍ തയ്യാറാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ രാവിലെ 11 ഓടെ സമരവുമായി സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് എത്തിയ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സിലര്‍ കുഞ്ചെറിയയുടെ കാബിന്‍ ഉപരോധിച്ചു.
വൈകിട്ട് നാലോടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രകടനമായെത്തി വി.സിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരം ആരംഭിച്ചു. ടോംസ് കോളജിലെ രണ്ടു വിദ്യാര്‍ഥികളും രണ്ടു കെ.എസ്.യു പ്രവര്‍ത്തകരും സര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് എ.ഐ.എസ്.എഫ്, എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി വി.സിയുടെ മുറിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
രാത്രി വൈകിയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ്കുമാറിന്റെയും കഴക്കൂട്ടം സി.ഐ അജയകുമാറിന്റെയും മെഡിക്കല്‍ കോളജ് സി.ഐ ബിനുകുമാറിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സംഘം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."