കൊവിഡ് 19 ഉത്തേജക പദ്ധതി ; ഇഖാമ കാലാവധി മൂന്നു മാസത്തേക്ക് ദീർഘിപ്പിക്കുന്നതിന് ട്രാഫിക് പിഴകൾ തടസമാവില്ല
ജിദ്ദ:കൊവിഡ് 19 മൂലം പ്രവാസികളുടെ ഇഖാമ കാലാവധി മൂന്നു മാസത്തേക്ക് ദീർഘിപ്പിക്കുന്നതിന് ഉടമകളുടെ പേരിൽ ഗതാഗത ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ അടയ്ക്കൽ നിർബന്ധമില്ലെന്ന് ജവാസാത്ത്.
കൊറോണ വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് പ്രഖ്യാപിച്ച ഉത്തേജക പദ്ധതിയുടെ ഭാഗമായി കാലാവധി അവസാനിച്ച വിദേശികളുടെ ഇഖാമ മൂന്നു മാസത്തേക്ക് ലെവിയില്ലാതെ ഓട്ടോമാറ്റിക് ആയി പുതുക്കി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിയിട്ടുണ്ട്. ഇതിന് ജവാസാത്തിനെ നേരിട്ട് സമീപിക്കുകയോ എന്തെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയോ വേണ്ടതില്ല.
ഈ സേവനം ലഭിക്കുന്നതിന് ട്രാഫിക് പിഴകൾ ഒടുക്കൽ നിർബന്ധമല്ലെന്നാണ് ജവാസാത്ത് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് പടിപടിയായി ഇഖാമ ദീർഘിപ്പിച്ചു നൽകുന്നതിന് നടപടികൾ സ്വകീരിച്ചുവരികയാണ്. ഘട്ടങ്ങളായാണ് കാലാവധി ദീർഘിപ്പിച്ചു നൽകുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരായ വിദേശികളുടെ മാർച്ച് 20 നും ജൂൺ 30 നും ഇടയിൽ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ദീർഘിപ്പിച്ചു നൽകുന്നത്. മൂന്നു മാസത്തേക്ക് ലെവിയില്ലാതെ ഓട്ടോമാറ്റിക് ആയി ഇഖാമ കാലാവധി ദീർഘിപ്പിച്ചു ലഭിക്കുന്നതിന് തന്റെ പേരിലുള്ള ട്രാഫിക് പിഴകൾ ഒടുക്കൽ നിർബന്ധമാണോയെന്ന വിദേശ തൊഴിലാളിയുടെ അന്വേഷണത്തിന് മറുപടിയായാണ് ഇതിന് ട്രാഫിക് പിഴകൾ ഒടുക്കൽ നിർബന്ധമില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.
വിദേശ തൊഴിലാളികൾക്ക് ഇപ്പോഴും ഫൈനൽ എക്‌സിറ്റ് നൽകാവുന്നതാണെന്നും ജവാസാത്ത് വ്യക്തമാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെച്ചിട്ടുണ്ട്. മാനുഷിക കേസുകൾക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. വ്യക്തികളുടെ പേരിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമകൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ ബിസിനസ് വഴി തങ്ങളുടെ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നേടിക്കൊടുക്കുന്നതിന് സാധിക്കും. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമകൾക്ക് തങ്ങളുടെ അബ്ശിർ അക്കൗണ്ട് വഴിയും ഇതേപോലെ ഫൈനൽ എക്‌സിറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുമെന്ന് ജവാസാത്ത് പറഞ്ഞു.
വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ റദ്ദാക്കുന്ന റീ-എൻട്രി വിസകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്നും റദ്ദാക്കുന്ന റീ-എൻട്രികളുടെ ഫീസ് ഭാവിയിൽ മറ്റു സേവനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ബാലൻസ് എന്നോണം ജവാസാത്ത് അക്കൗണ്ടിൽ നിലനിൽക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്കുള്ള ലെവി മുൻകൂറായി അടയ്ക്കൽ നിർബന്ധമാണ്. ഇങ്ങനെ ഒരു വർഷത്തേക്ക് ഇഖാമ പുതുക്കിയ ശേഷം ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്നവർക്ക് ഇഖാമയിൽ ശേഷിക്കുന്ന കാലയളവിലെ ലെവിയും തിരികെ ലഭിക്കില്ല.
നിലവിലെ നിയമം അനുസരിച്ച് വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കാൻ കഴിയില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വിദേശത്തുള്ള ഗുണഭോക്താവിന്റെ ഇഖാമ പുതുക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളോ നിർദേശങ്ങളോ പ്രഖ്യാപിക്കുന്ന പക്ഷം അക്കാര്യം ഔദ്യോഗികമായി അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."