ബീനാച്ചി-നടവയല്‍-പനമരം റോഡ് അവഗണനയുടെ പടുകുഴിയില്‍
ബീനാച്ചി: ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ ബത്തേരി - ബിനാച്ചി - നടവയല്‍ - പനമരം റോഡിനോട് മരാമത്ത് അധികൃതരും സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്ന് ആക്ഷേപം. കഴിഞ്ഞ ബഡ്ജറ്റില്‍ 25 കോടി രൂപ ബിനാച്ചി മുതല്‍ പനമരം വരെ റോഡ് വിതി കൂട്ടി ലെവല്‍ ടാറിംഗ് നടത്തുന്നതിന് വേണ്ടി നീക്കിവച്ചിരുന്നു. എന്നാല്‍ ഭരണാനുമതി നല്‍കാതെ തഴഞ്ഞു എന്നാണ് ആരോപണം. കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസഹായത്തോടെ സെപഷല്‍ ഇന്‍വെസ്റ്റ് സ്‌കീം പ്രകാരമായിരുന്നു തുക പ്രഖ്യാപിച്ചിരുന്നത്. ബഡ്ജറ്റില്‍ ജില്ലയില്‍ മുന്തിയ പരിഗണന ലഭിച്ച റോഡായിരുന്നു ഇത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് നടപടികള്‍ തുടങ്ങിയിട്ടില്ല. ബത്തേരി - കല്‍പ്പറ്റ, മാനന്തവാടി - കല്‍പ്പറ്റ എന്നീ റോഡുകള്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനത്തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്. കെഎസ്ആര്‍ടിസി അടക്കം നിരവധി സ്വകാര്യ ബസുകളും ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. ബത്തേരിയില്‍ നിന്നും പനമരം വരെ 22 കിലോമീറ്റര്‍ ദൂരമാണ് വീതി കൂട്ടി ലെവല്‍ ടാറിംഗ് നടത്തും എന്ന് പറഞ്ഞിരുന്നത്. റോഡിന് ഫണ്ട് അനുവദിച്ചു എന്ന് കാണിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ വിവിധ സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഉന്നതങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വടംവലിയാണ് റോഡ് അനിശ്ചിതത്വത്തിലാവാന്‍ കാരണമെന്ന് പറയപ്പെടുന്നു. നിലവില്‍ പനമരം മുതല്‍ നടവയല്‍ വരെ റോഡ് തകര്‍ന്ന് കുണ്ടും കഴിയും നിറഞ്ഞ് വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഒരു നടപടിയും അധികൃതര്‍ സ്വികരിക്കുന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."