നിയമസഭയിലും ഹെല്‍പ് ഡെസ്‌ക്
തിരുവനന്തപുരം: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായവും പിന്തുണയും ലഭ്യമാക്കാനുള്ള ഹെല്‍പ് ഡെസ്‌ക് നിയമസഭയില്‍ ആരംഭിച്ചു. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോകത്തിന്റെയും ഇന്ത്യയുടെയും പലഭാഗത്തുനിന്നും പലവിധ സഹായമാവശ്യപ്പെട്ട് നിരവധിപേര്‍ നിയമസഭാ സെക്രട്ടേറിയേറ്റിനേയും സ്പീക്കറുടെ ഓഫിസിനെയും ബന്ധപ്പെടുന്നുണ്ട്. ലോക കേരള സഭയിലെ അംഗങ്ങളും ബന്ധപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തയാറാക്കിയ ഏകോപന സംവിധാനവും വാര്‍ റൂം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ബന്ധപ്പെടുന്നവര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രമായാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു.
കൂടാതെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ഇന്‍ഫോടൈന്‍മെന്റ് മൊബൈല്‍ ആപ്പും നിയമസഭയില്‍ ഒരുങ്ങുന്നുണ്ട്. നിയമസഭയുടെ ഡിജിറ്റല്‍ ഐ.ടി വിങിന്റെ നേതൃത്വത്തില്‍ വീടുകളിലിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ഡിജിറ്റല്‍ പരിശീലന പരിപാടിയാണ് പ്രധാനമായും ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. വെര്‍ച്വല്‍ ക്ലാസ്‌റൂം ഉള്‍പ്പെടെയുള്ള സംവിധാനമുള്ള ആപ്പിന്റെ സേവനം ഉടന്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ അറിയിച്ചു. മാനസിക ഉല്ലാസത്തിനും, സംഘര്‍ഷം കുറക്കുന്നതിനുമുള്ള ആപ്പില്‍ രക്ഷിതാക്കള്‍ക്കുള്ള കുടുംബ കൗണ്‍സിലിങ് സംവിധാനവും ഒരുക്കും.
കോവിഡ് 19 സമൂഹ്യവ്യാപനം തടയാനുള്ള വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരികയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."