HOME
DETAILS
MAL
ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരി; കൊച്ചിയില്‍ 41 പേര് കുടുങ്ങി
backup
April 05 2020 | 04:04 AM
കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് വനിതകളടക്കം 41 പേരെ പൊലിസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പനമ്പള്ളി നഗറില്‍ പ്രഭാതസവാരിക്കിറങ്ങിയവര്ക്കെതിരേയാണ് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുത്തത്. മുന്‍ദിവസങ്ങളില്‍ പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇത് അവഗണിച്ച് വീണ്ടും ഇവര്‍ നിരത്തിലിറങ്ങിയതിനെത്തുടര്‍ന്നാണു നടപടി.
പനമ്പള്ളിനഗര്‍ വോക്ക്വേയില്‍ നിന്നു രാവിലെ ആറിനാണ് എല്ലാവരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏതാനും ദിവസമായി നിരോധനാജ്ഞ ലംഘിച്ചു കൂട്ടമായി ഇവര്‍ പ്രഭാതസവാരിക്ക് ഇറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് പൊലിസ് പലതവണ മുന്നറിയിപ്പും നല്കി. ഇന്നലെ രാവിലെ പൊലിസ് നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ നിയമംലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്നു ഒരു ബസിലും നാലു ജീപ്പുകളിലുമായി പൊലിസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുത്ത് എറണാകുളം സൗത്ത് പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.10,000 രൂപ പിഴയും രണ്ടു വര്‍ഷം വരെ തടവും ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. ഡി.സി.പി ജി. പൂങ്കുഴലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എ.സി.പി ടി.ആര് രാജേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ്, സബ് ഇന്‍സ്പെക്ടര്‍ വിനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."