HOME
DETAILS
MAL
പനി ബാധിച്ച് മരിച്ച സഫ് വാന്റെ മയ്യിത്ത് നാളെ റിയാദിൽ ഖബറടക്കും
backup
April 07 2020 | 19:04 PM
റിയാദ്: പനിയെ തുടർന്ന് റിയാദിൽ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ് വാന്റെ (41) മയ്യിത്ത് നാളെ മറവ് ചെയ്യും. ഇന്ന് (ചൊവ്വാഴ്ച) മറവ് ചെയ്യുന്നതിനുള്ള രേഖകളും ഒരുക്കങ്ങളും പൂർത്തിയായിരുന്നെങ്കിലും സമയം വൈകിയതിനാൽ നാളേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായി രുന്നു സഫ് വാൻ റിയാദിലെ സഊദി ജർമ്മൻ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. പരിശോധനയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് സഫ് വാനെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം പനി ബാധിച്ച് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സഊദി ജർമൻ ആശുപത്രിയിലെത്തുന്നത്. ഇവിടെചികിത്സയിലിരിക്കെ അഞ്ചാം ദിവസമാണ് സഫ് വാൻ മരണപ്പെടുന്നത്.സഫ് വാന്റെ ഭാര്യ ഖമറുന്നീസ ഒരു മാസമായി റിയാദിലുണ്ട്.
സന്ദർശക വിസയിലെത്തിയ ഭാര്യയൊടൊപ്പം സഫ് വാൻ റിയാദിലെ എക്സിറ്റ് അഞ്ചിൽ സുഹൃത്തിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഖമറുന്നീസയെയും ഇവർക്കൊപ്പം താമസിച്ചിരുന്ന കുടുംബത്തെയും ആരോഗ്യ വകുപ്പ് ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ദമ്പതികളൂം അവരുടെ ഒന്നര വയസ്സുള്ള കുട്ടിയുമാണ് റിയാദിൽ ക്വാറന്റൈനിൽ കഴിയുന്നത്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇവരെ ടെസ്റ്റിന് വിധേയമാക്കിയിട്ടുണ്ട്. പരിശോധന ഫലം ലഭ്യമായിട്ടില്ല. ഒമ്പത് വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് 4 കൊല്ലം നാട്ടിൽ നിന്ന സഫ് വാൻ മൂന്ന് കൊല്ലം മുമ്പാണ് വീണ്ടും റിയാദിലെത്തുന്നത്. റിയാദിലെ ചെമ്മാട് കൂട്ടായ്മയിലെ സജീവ പ്രവർത്തകനായ സഫ് വാന്റെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ദു:ഖത്തിലാഴ്ത്തി. അതെ സമയം അവസാന നാളുകളിൽ അദ്ദേഹവുമായി ഇടപ്പെട്ടവർ സ്വയം ക്വാറന്റൈനിൽ കഴിയുകയോ എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധനക്ക് വിധേയമാകുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ദർ ആവശ്യപ്പെട്ടു. പരേതരായ കെ.എൻ.പി മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അസീസ്, ശംസുദ്ദീൻ, അബ്ദുസ്സലാം, ഇല്യാസ്, മുസ്തഫ, റിസ് വാൻ (ദുബൈ), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നീസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ, വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ചെമ്മാട് കൂട്ടായ്മ ഭാരവാഹികളായ സിദീഖ് കല്ലൂപ്പറമ്പൻ, മുനീർ മക്കാനി എന്നിവർ അനന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."