ഒരു പെണ്ണിനൊക്കുമോ ആയിരം ആണുങ്ങള്‍...?
പ്രത്യക്ഷത്തില്‍ നോക്കിയാല്‍ ആ കോളജ് അധ്യാപികയ്ക്കു ഒന്നി നും കുറവില്ല. അത്യാവശ്യം സൗന്ദര്യമുണ്ട്. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലാണ്. ആരെയും കവച്ചുവയ്ക്കുന്ന സ്വഭാവവിശുദ്ധിയുമുണ്ട്. എന്നിട്ടും അവള്‍ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് അത്ഭുതം.. വിവാഹത്തിന് അവള്‍ക്കു താല്‍പര്യവുമില്ല.. പ്രായം ഇപ്പോള്‍തന്നെ മുപ്പതു കഴിഞ്ഞുകാണും. ഇനിയും വൈകിയാല്‍ വേള്‍ക്കാന്‍ ആളെ കിട്ടാത്ത അവസ്ഥ വന്നേക്കുമെന്ന് പലരും പറഞ്ഞതാണ്. പറഞ്ഞവര്‍ പറഞ്ഞുമടുത്തുവെന്നല്ലാതെ ഇതുവരെ ഒരു കാര്യവും ഉണ്ടായിട്ടില്ല. എനിക്കു വിവാഹം വേണ്ടാ എന്ന ഉറച്ച നിലപാടില്‍തന്നെയാണ് അവള്‍ ഇപ്പോഴുമുള്ളത്.
തന്റെ സന്തതസഹചാരിയായ ഒരു സഹപ്രവര്‍ത്തക ഒരിക്കല്‍ വളരെ രഹസ്യമായി അവളോടു പറഞ്ഞു: ''എന്നോടെങ്കിലും നീ ആ രഹസ്യം പങ്കുവയ്ക്കണം.. ഇത്ര സൗന്ദര്യമുണ്ടായിട്ടും എന്തുകൊണ്ടാണ് നീ വിവാഹത്തിനു മുതിരാത്തത്...? എന്തു പ്രശ്‌നമാണ് നിന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്. എന്നോടു തുറന്നുപറയൂ. നമുക്കു പരിഹാരമുണ്ടാക്കാം..''
അവള്‍ പറഞ്ഞു: ''ചോദിച്ചത് നീയായതുകൊണ്ടു മാത്രം പറയുകയാണ്. മറ്റാരോടും ഇതു നീ പങ്കുവയ്ക്കരുത്..''
പങ്കുവയ്ക്കില്ലെന്നുറപ്പുകൊടുത്തപ്പോള്‍ അവള്‍ കഥ പറയുന്നപോലെ അതു വിശദീകരിച്ചു:
''അഞ്ചു മക്കളുള്ള ഒരു പാവം പെണ്ണുണ്ടായിരുന്നു മുന്‍പ്. അഞ്ചും പെണ്‍മക്കള്‍.. ഒരാണ്‍ തരിയെ ലഭിക്കാന്‍ അവളുടെ ഭര്‍ത്താവ് വല്ലാതെ കൊതിച്ചു. പക്ഷേ, കൊതിച്ചതല്ലല്ലോ നടക്കുക; വിധിച്ചതല്ലേ.. ദൗര്‍ഭാഗ്യവശാല്‍, വിധിച്ചത് അയാള്‍ക്കിഷ്ടമായില്ല. അഞ്ചാമത്തേതും പെണ്ണാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കുണ്ടായ അമര്‍ഷം വിവരിക്കാനാവാത്തതായിരുന്നു. പാവം ഭാര്യയോട് അയാള്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞു; ഇനിയും നീ പെണ്‍കുഞ്ഞിനാണു ജന്മം നല്‍കുന്നതെങ്കില്‍ ഞാന്‍ വേറെ വഴിനോക്കും.. സ്വഭാവികമായും അവള്‍ ആറമത്തേതും പ്രസവിച്ചു. നോക്കുമ്പോള്‍ അതും പെണ്‍കുഞ്ഞ്. കോപാന്ധനായ അയാള്‍ ആ കൈക്കുഞ്ഞിനെ അര്‍ദ്ധരാത്രിക്ക് എല്ലാവരും കൂടണഞ്ഞ തക്കം നോക്കി പള്ളിയുടെ വാതില്‍ക്കല്‍ കൊണ്ടിട്ടു. ദൈവം തന്നതല്ലേ, അവന്‍ തന്നെ എടുത്തുകൊള്ളട്ടെ എന്നതായിരുന്നു ആ ക്രൂരവേലയുടെ അര്‍ഥം. പിറ്റേന്നു പ്രഭാതനമസ്‌കാരത്തിന് ആളുകളെത്തിത്തുടങ്ങുംമുന്‍പേ അവിടെ ചെന്നുനോക്കി. നോക്കുമ്പോള്‍ കുഞ്ഞ് അവിടെ തന്നെയുണ്ട്. ആരും അതിനെ എടുത്തുകൊണ്ടുപോയിട്ടില്ല. കുഞ്ഞിനെ അയാള്‍ തല്‍ക്കാലം വീട്ടിലേക്കുതന്നെ കൊണ്ടുവന്നു. രണ്ടാം ദിവസവും പാതിരാനേരം നോക്കി കുഞ്ഞിനെ പള്ളിവരാന്തയില്‍ വച്ചു. പിറ്റേന്ന് പ്രഭാതത്തിലും കുഞ്ഞ് അവിടതന്നെ. ഇങ്ങനെ ആരെങ്കിലും എടുത്തുകൊണ്ടുപോകട്ടെ എന്നു കരുതി എല്ലാ ദിവസും ഇതു തുടര്‍ന്നു. പക്ഷേ, ആരും കൊണ്ടുപോയില്ല. അവസാനം അയാള്‍ പരാജയം സമ്മതിച്ചു. കുഞ്ഞിനെ ഭാര്യക്കുതന്നെ ഏല്‍പിച്ചു. ഭാര്യ അവളെ വാഝല്യപൂര്‍വം പോറ്റി.
വര്‍ഷം രണ്ടു കഴിഞ്ഞപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. അപ്പോള്‍ അവള്‍ വല്ലാതെ ഭയന്നു. തന്റെ വയറ്റില്‍ കിടക്കുന്നത് പെണ്‍കുഞ്ഞാകുമോ എന്ന ഭയം.. പെണ്‍കുഞ്ഞിനോടുള്ള അനിഷ്ടംകൊണ്ടല്ല, ആ കുഞ്ഞിനോടു ഭര്‍ത്താവ് സ്വീകരിക്കാന്‍ പോകുന്ന സമീപനം ഓര്‍ത്ത്.
ചുരുക്കിപ്പറയുകയല്ലേ വേണ്ടൂ, സമയമായപ്പോള്‍ അവള്‍ പ്രസവിച്ചു. ഓമനത്തമുള്ള ഒരാണ്‍ കുഞ്ഞ്. പിന്നെ ഭര്‍ത്താവിന്റെ സന്തോഷം പറയണോ.. അയാള്‍ നിറഞ്ഞാനന്ദിച്ചു. പക്ഷേ, ആ ആനന്ദം അതികനാള്‍ നീണ്ടില്ല. അപ്പോഴാണ് തന്റെ മൂത്ത മകളുടെ മരണം സംഭവിക്കുന്നത്. അതയാളെ ശരിക്കും ദുഃഖത്തിലാഴ്ത്തി.
വര്‍ഷം വീണ്ടും മുന്നോട്ടു നീങ്ങി. ഭാര്യ പിന്നെയും ഗര്‍ഭിണിയായി. മാസം തികഞ്ഞപ്പോള്‍ പ്രസവിച്ചു. അതും ആണ്‍കുഞ്ഞ്... അപ്പോഴതാ തന്റെ രണ്ടാമത്തെ മകളുടെ മരണവും സംഭവിക്കുന്നു..! ദുഃഖത്തിനുമേല്‍ ദുഃഖം.. പെണ്‍കുഞ്ഞിനെ വേണ്ടാ എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. വേണ്ടെങ്കില്‍ ഞാനെടുത്തുകൊള്ളാം എന്നു ദൈവം പറയാതെ പറയുന്നപോലെ..
കാലം പിന്നെയും മുന്നോട്ടുനീങ്ങി. ഭാര്യ ഒന്‍പതാമതും പ്രസവിച്ചു. അതും ആണ്‍കുഞ്ഞ്. തന്റെ മൂന്നാമത്തെ മകളുടെ മരണം സംഭവിക്കുന്നത് ആ പ്രസവം നടന്നതിന്റെ നാലാംനാള്‍.. അയാള്‍ ആകെ തളര്‍ന്നു എന്നു തന്നെ പറയാം. അടിക്കടിയുണ്ടാകുന്ന ഈ പരീക്ഷണങ്ങള്‍ താങ്ങാന്‍ മാത്രമുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല. ഓരോ ആണ്‍കുഞ്ഞുണ്ടാകുമ്പോഴും ഒരു പെണ്‍ കുഞ്ഞ് മരണപ്പെട്ടുക..! ഭാര്യ പത്താമതും പ്രസവിച്ചപ്പോള്‍ അതുതന്നെ സംഭവിച്ചു. തന്റെ നാലാമത്തെ മകളും മരണത്തിനു കീഴടങ്ങി. പതിനൊന്നാമത്തെ പ്രസവത്തിലും ജനിച്ചത് ആണ്‍കുഞ്ഞ്.. ആ കുഞ്ഞ് ജനിച്ചു മൂന്നുമാസമായപ്പോഴതാ ശക്തമായ രോഗം വന്ന് തന്റെ അഞ്ചാമത്തെ മകളും മരിക്കുന്നു.. ഇനിയും തന്റെ മക്കളുടെ ജീവനറ്റ ശരീരം കാണാനാവില്ലെന്നു പറഞ്ഞ് അയാള്‍ ഇനി കുഞ്ഞുങ്ങളെ വേണ്ടെന്നുവച്ചു.
ഇപ്പോള്‍ ആകെ അഞ്ച് ആണ്‍മക്കള്‍.. ഒരു പെണ്‍കുട്ടിയും. ഏതു പെണ്‍കുട്ടിയെന്നോ... ഇതിനെ എനിക്കുവേണ്ടെന്നു പറഞ്ഞ് ആരാരുമില്ലാത്ത നേരം നോക്കി പള്ളിവരാന്തയില്‍ ഉപേക്ഷിച്ചിട്ട പെണ്‍കുട്ടി. അതാണ് ഇപ്പോള്‍ ആകെയുള്ള മകള്‍.. പിന്നീട് അതികനാള്‍ കഴിഞ്ഞില്ല. പതിനൊന്ന് മക്കള്‍ക്ക് ജന്മം കൊടുത്ത ആ പാവം പെണ്ണും മക്കളുടെ വഴിയെ ഇഹലോകവാസം വെടിഞ്ഞു. ബാക്കിയുള്ള ആറു മക്കള്‍ വളര്‍ന്നുവലുതായി. ഉന്നത വിദ്യാഭ്യാസം നേടി. ഉയര്‍ന്ന ജോലികളില്‍ കയറി..''
ഇത്രയും പറഞ്ഞപ്പോഴേക്കും അധ്യാപികയുടെ കണ്ണുകള്‍ നിറഞ്ഞു. വിറക്കുന്ന ശബ്ദത്തോടെ അവള്‍ ചോദിച്ചു: ''പിതാവ് വേണ്ടെന്നുവച്ചിരുന്ന ആ പെണ്‍കുട്ടി ആരാണെന്നറിയുമോ നിനക്ക്....?''
സഹപ്രവര്‍ത്തക ഇല്ലെന്നു മൂളി. അപ്പോള്‍ അവളതു പറഞ്ഞുകൊടുത്തു:
''ആ പെണ്‍കുഞ്ഞ് മറ്റാരുമല്ല. അതു ഞാന്‍ തന്നെയാണ്..!''
എന്നിട്ടവള്‍ തുടര്‍ന്നു: ''ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതുതന്നെയാണ്. എന്റെ പിതാവ് ഇപ്പോള്‍ വൃദ്ധനായിരിക്കുന്നു. പരിചരിക്കാന്‍ വീട്ടില്‍ വേറാരുമില്ല. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണിപ്പോഴുള്ളത്.. എന്റെ വിവാഹം നടന്നാല്‍ വീട്ടില്‍ അദ്ദേഹം ഒറ്റപ്പെടും. എന്റെ അഞ്ചു സഹോദരങ്ങളും വലിയ ഉദ്യോഗസ്ഥന്മാരാണ്. പല ഭാഗങ്ങളിലായാണ് അവര്‍ താമസിക്കുന്നത്. അവര്‍ക്ക് പിതാവിനെ വന്നു കാണാന്‍ എപ്പോഴും സമയം കിട്ടാറില്ല. മാസത്തിലൊരിക്കല്‍ വന്നു കണ്ടുപോകുന്നവരും രണ്ടു മാസം കൂടുമ്പോള്‍ വന്നുകാണുന്നവരും അവരിലുണ്ട്. അവരുടെ കാര്യത്തിലല്ല എന്റെ കാര്യത്തിലാണ് പിതാവിനിപ്പോള്‍ വല്ലാത്ത സങ്കടം. എന്നോട് പണ്ട് ചെയ്തുപോയ ആ അപരാധമോര്‍ത്ത് അദ്ദേഹത്തിന് ഒന്നുറങ്ങാന്‍ പോലും കഴിയുന്നില്ല. നെടുംഖേദത്തില്‍ കരഞ്ഞു കഴിയുകയാണദ്ദേഹം..''
ആയിരം ആണ്‍മക്കളുണ്ടായാലും കിട്ടാത്ത പ്രയോജനമായിരിക്കും ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയെകൊണ്ട് കിട്ടുക. ഒരാള്‍ക്ക് സ്വര്‍ഗം വാങ്ങാന്‍ രണ്ടു പെണ്‍മക്കള്‍ മതിയെന്നാണ് മതാധ്യാപനം. അവരെ പ്രായപൂര്‍ത്തിയാകുംവരെ പോറ്റിവളര്‍ത്തിയാല്‍ സ്വര്‍ഗമാണ് ലഭിക്കുന്ന സമ്മാനം. പെണ്‍കുഞ്ഞിനെ വേണ്ടെന്നു പറയുന്നവന്‍ തനിക്കു സ്വര്‍ഗം വേണ്ടെന്നു പറയുകയാണോ എന്ന് ചിന്തിക്കണം. പെണ്ണിന്റെ കാല്‍ചുവട്ടിലാണ് ഒരാളുടെ സ്വര്‍ഗമിരിക്കുന്നത് എന്ന സത്യവും മറന്നുപോകരുത്.
അറിയുക: സ്വര്‍ഗത്തിലേക്കു കയറിപ്പറ്റാന്‍ ദൈവം തമ്പുരാന്‍ ഈ ഭൂമിലോകത്തുവച്ച രണ്ടു കോവണികളാണ് തനിക്കു ജന്മം തന്ന പെണ്ണും താന്‍ ജന്മം കൊടുത്ത പെണ്ണും. അതെ, പെണ്ണ് സ്വര്‍ഗം തന്നെ. ഇഹലോത്തും പരലോകത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."