പനമരം ബിവറേജ് പുതിയ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി
പനമരം: പാതയോരത്ത് നിന്നും നീക്കം ചെയ്ത പനമരം ബിവറേജ് ഔട്‌ലെറ്റ് നീരട്ടാടി റോഡില്‍ ഹോപ്‌കോയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജനകീയ പ്രതിഷേധം ഉയര്‍ന്നെങ്കിലും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, പനമരം എസ്.ഐ വിനോദ് വലിയാറ്റൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയവരും പ്രതിഷേധക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇന്നലെ രാവിലെ 11ഓടെ ബിവ്‌കോ ഔട്ട്‌ലെറ്റ് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. പുതിയ കെട്ടിടത്തില്‍ വളരെ രഹസ്യമായിട്ടായിരുന്നു പനമരം ബിവറേജ് തുറക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ അതിരാവിലെ തന്നെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. തുടര്‍ന്ന് പത്തോടെ ബിവറേജ് തുറക്കാന്‍ നോക്കിയ ജീവനക്കാരെ പ്രദേശവാസികളും, ജനകീയ പ്രതിരോധ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. തുറന്ന് പ്രവര്‍ത്തിക്കാനുള്ള രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം. തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, പനമരം എസ്.ഐ വിനോദ് വലിയാറ്റൂര്‍, പഞ്ചായത്ത് പ്രസിഡന്റ് ലിസി ജേക്കബ്ബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് തുടങ്ങിയവരും പ്രതിഷേധക്കാരും ചര്‍ച്ച നടത്തി. രേഖകളെല്ലാം നാട്ടുകാരെ ബോധ്യപ്പെടുത്തി. കൂടാതെ ബിവറേജിന്റെ പരിസരത്ത് 300 മീറ്റര്‍ ചുറ്റളവില്‍ പുതിയ കടകള്‍ക്ക് ലൈസന്‍സ് നല്‍കില്ല, ബിവറേജ് പരിസരം കമ്പിവേലി കെട്ടി വേര്‍തിരിക്കും, മദ്യപിച്ച് ബഹളം, പൊതുശല്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ ഉടനടി പൊലീസ് നടപടി, ബിവറേജ് പരിസരം മദ്യപാനമുക്ത മേഖലയാക്കും, ഭാവിയില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ ബിവറേജ് അവിടെ നിന്നും നീക്കം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കം തുടങ്ങിയ തീരുമാനങ്ങളും കൈക്കൊണ്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."