നിപാ: പുതിയ സ്ഥിരീകരണമില്ല സമ്പര്‍ക്ക ലിസ്റ്റ് പുതുക്കുന്നു
കോഴിക്കോട്: നിപാ സംശയിക്കുന്ന രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ ചികിത്സ തേടിയെത്തിയെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചില്ല. ഇന്നലെ പരിശോധിച്ച 12 സാംപിളുകളുടെ റിസള്‍ട്ടുകളും നെഗറ്റീവ് ആണ്. മെയ് 30ന് ശേഷം ആരിലും നിപാ സ്ഥിരീകരിക്കാത്തതിനാല്‍ വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
നിപാ രോഗികളുമായി എപ്പോഴെങ്കിലും ഇടപഴകിയവരെ ഉള്‍പ്പെടുത്തി തയാറാക്കുന്ന സമ്പര്‍ക്ക ലിസ്റ്റിലും ഇന്നലെ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിലുള്ളവരുമായി സംസാരിച്ച് രോഗസാധ്യതയില്ലാത്തവരെ ഒഴിവാക്കി പുതിയ ലിസ്റ്റ് തയാറാക്കും. ഇപ്പോള്‍ 2649 പേരാണ് സമ്പര്‍ക്ക ലിസ്റ്റിലുള്ളത്. ഇന്നലെ ഗസ്റ്റ് ഹൗസില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റ അധ്യക്ഷതയില്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഡോ.അരുണ്‍കുമാര്‍, ഡി.എച്ച്.എസ് ഡോ.ആര്‍.എല്‍.സരിത, ഡി.എം.ഒ ഡോ.വി ജയശീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ വി.ആര്‍ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു
ഇന്ന് 11 മണിക്ക് ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട് .സര്‍വകക്ഷി യോഗം തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും.
നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള നഴ്‌സിങ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ട് നിപാ ബാധിതരും ഇപ്പോള്‍ സാധാരണ നിലയിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന ഇവര്‍ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധസംഘത്തിന്റെ പരിശോധനയ്ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കേന്ദ്രസംഘങ്ങള്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്. നിപായുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും കോഴിക്കോട് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."