ഗോള്‍ മഴയില്‍ അലിഞ്ഞ് ഐസ്‌ലാന്‍ഡ്
ഫ്രാന്‍സ് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ തകര്‍ത്തു
സെയ്ന്റ് ഡനീസ്: ആദ്യ പകുതിയില്‍ തന്നെ നാലു സുന്ദരന്‍ ഗോളുകള്‍ വലയിലാക്കി ആതിഥേയരായ ഫ്രാന്‍സ്- ഐസ്‌ലന്‍ഡിന്റെ ചെറുത്തു നില്‍ക്കാനുള്ള വീര്യത്തെ മുള്ളയിലേ നുള്ളിയപ്പോള്‍ അവര്‍ അലിഞ്ഞില്ലാതായി. രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിക്കാന്‍ മാത്രം അവര്‍ക്കു സാധിച്ചതില്‍ ആശ്വസിക്കാം. അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നവാഗതരായ ഐസ്‌ലന്‍ഡിനെ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറി. ഫ്രാന്‍സിന്റെ മുന്‍നിര താരങ്ങളൊക്കെ ഗോള്‍ നേടിയ മത്സരത്തില്‍ ആധികാരികമായിരുന്നു അവരുടെ വിജയം. ആഴ്‌സണലിന്റെ സൂപ്പര്‍ താരം ഒലിവര്‍ ജിറൂദ് രണ്ടു ഗോള്‍ നേടി മുന്നില്‍ നിന്നപ്പോള്‍ പോഗബയും ഗ്രിസ്മാനും പയറ്റും ചേര്‍ന്ന് പട്ടിക പൂര്‍ത്തിയാക്കി.
കളിയിലുടനീളം അധിപത്യം ഫ്രാന്‍സിനായിരുന്നു. പതിയെ തുടങ്ങിയ ഫ്രാന്‍സ് ഐസ്‌ലന്‍ഡിന്റെ പ്രതിരോധ കോട്ടയില്‍ വിള്ളലുണ്ടാക്കി ഗോളടിച്ചു കൂട്ടി. പാസിങ്ങിലും പൊസഷനിലും കൃത്യത കാത്ത ഫ്രന്‍സ് 11ാം മിനുട്ടില്‍ തന്നെ ഐസ്‌ലന്‍ഡിന്റെ വല ചലിപ്പിച്ചു. ഒലിവര്‍ ജിറൂദായിരുന്നു ആദ്യ ഗോള്‍ നേടിയത്. മൂന്നു പ്രതിരോധക്കാരെ കബിളിപ്പിച്ച് ഇടുതു വിങ്ങിലൂടെ മുന്നോട്ടോടിയ ജിറൂദ് ഗ്രിസ്മാന്‍ ബോക്‌സിലേക്ക് നല്‍കിയ പാസ് ഇടുംങ്കാലുകൊണ്ട് പോസ്റ്റിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. ഗോളിയുടെ കാലിന്റെ ഇടയിലൂടെ നീങ്ങിയ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക്.
18ാം മിനുട്ടിലായിരുന്നു രണ്ടാം ഗോള്‍. ഗ്രിസ്മാന്‍ എടുത്ത കോര്‍ണര്‍ കിക്ക് യുവന്റസ് താരം പോള്‍ പോഗ്ബ വലയിലേക്ക് ഹെഡ്ഡ് ചെയ്യുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ഗോളടിക്കാതിരുന്ന പോഗ്ബ ഈ കളിയില്‍ വരള്‍ച്ചയ്ക്കു വിരാമമിട്ടു. 41ാം മിനുട്ടില്‍ തന്നെ ഫ്രാന്‍സ് മൂന്നാം ഗോളും കണ്ടെത്തി. ഇത്തവണ പയറ്റിന്റെ അതിമനോഹരമായ ഷോട്ട് ഗോളില്‍ കലാശിക്കുകയായിരുന്നു. ആറു പ്രതിരോധ ഭടന്‍മാന്‍ നിറഞ്ഞു നിന്ന ഐസ്‌ലന്‍ഡ് ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു പയറ്റ് പന്ത് അടിച്ചു കയറ്റുകയായിരുന്നു. ടൂര്‍ണമെന്റില്‍ പയറ്റിന്റെ മൂന്നാം ഗോളാണിത്. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കേയായിരുന്നു നാലാം ഗോള്‍. നാലു പിന്‍നിരക്കാരെ കടന്നു പന്തുമായി കുതിച്ച ഗ്രിസ്മാന്‍ ഗോളിയുടെ അരികില്‍ നിന്ന് പന്ത് ചിപ്പ് ചെയ്ത് വലയിലേക്കെത്തിക്കുകയായിരുന്നു.
ആദ്യ പകുതിക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഐസ്‌ലന്‍ഡ് പെരുതിക്കളിച്ചു. ഫ്രാന്‍സിന്റെ പ്രതിരോധക്കാരെ കബളിപ്പിച്ചു പത്തു മിനുട്ടിനകം ഗോള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കളിയില്‍ മേധാവിത്വം പുലര്‍ത്താന്‍ എസ്‌ലാന്‍ഡിനായില്ല. 58ാം മിനുട്ടില്‍ പയറ്റ് എടുത്ത ഫ്രീകിക്ക് പോസ്റ്റിലേക്ക് തല കൊണ്ട് ചെത്തിയിട്ട് എസ്‌ലന്‍ഡിനുമേല്‍ ജിറൂദ് അവസാന ആണിയും അടിച്ചു. പിന്നീട് 62ാം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് വലയിലെത്തിച്ചാണ് ഐസ്‌ലന്‍ഡ് പരാജയ ഭാരം വീണ്ടും കുറച്ചത്.
ആദ്യ യൂറോയ്‌ക്കെത്തി ക്വാര്‍ട്ടര്‍ വരെ മുന്നേറാന്‍ സാധിച്ച് അന്തസ്സോടെയാണ് ഐസ്‌ലന്‍ഡ് മടങ്ങുന്നത്. ടൂര്‍ണമെന്റിനു മുന്‍പ് ദുര്‍ബലരെന്നു മുദ്രകുത്തിയവരെ ഞെട്ടിച്ചാണ് അവര്‍ മുന്നേറിയത്. വരും നാളുകളിലും അവരുടെ ഭാഗത്തു നിന്നു മികച്ച മുന്നേറ്റങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാമെന്ന സാധ്യതകളും തുറന്നിട്ടാണ് ഐസ്‌ലന്‍ഡിന്റെ ചുണക്കുട്ടികള്‍ വിട പറയുന്നത്.
വന്‍ ജയത്തോടെ ജര്‍മനിയുമായുള്ള സെമിക്കു മുന്നോടിയായി ഫ്രാന്‍സ് പൂര്‍ണ ആത്മവിശ്വാസം നേടിയെടുത്തു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ പതിഞ്ഞു തുടങ്ങിയ അവര്‍ ക്വാര്‍ട്ടറോടെ ടോപ് ഗിയറിലായെന്നു വിലയിരുത്താം. ഇറ്റാലിയന്‍ പരീക്ഷണം കഴിഞ്ഞു സെമിക്കിറങ്ങുന്ന ജര്‍മനി തീര്‍ച്ചയായും കരുതിയിരിക്കണമെന്ന മുന്നറിയിപ്പും ഫ്രാന്‍സ് തങ്ങളുടെ ക്വാര്‍ട്ടര്‍ പ്രകടനത്തിലൂടെ വെളിപ്പെടുത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."