കണ്ണൂരില്‍ ഷണ്ടിങ്ങിനിടെ ട്രെയിന്‍ എന്‍ജിന്‍ തോട്ടിലേക്കു മറിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഷണ്ടിങ്ങിനിടെ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ തോട്ടിലേക്കു മറിഞ്ഞു. എന്‍ജിന്റെകൂടെ ഘടിപ്പിച്ച ബോഗികളിലൊന്നും പാളംതെറ്റി. ഇന്നലെ പുലര്‍ച്ചെ 4.40ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ പന്നേന്‍പാറ ഇരട്ടക്കണ്ണന്‍ പാലം ഷണ്ടിങ് യാര്‍ഡിലായിരുന്നു അപകടം. അപകടത്തില്‍ ഷണ്ടര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ജയേഷിന്റെ(38) കാലിനു പരുക്കേറ്റു. അപകടത്തെ തുടര്‍ന്നു പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ട എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പുതിയ എന്‍ജിന്‍ ഘടിപ്പിച്ച് 6.25നാണ് പുറപ്പെട്ടത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തെക്കോട്ടേക്കു യാത്ര ആരംഭിക്കുന്ന രണ്ടാമത്തെ ട്രെയിനാണ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്. ആറാമത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ നാലരയോടെയാണു ഷണ്ടിങ് ചുമതലയുണ്ടായിരുന്ന ജയേഷ് ഷണ്ടിങ് ട്രാക്കിലേക്കു മാറ്റുന്നത്. 20 ബോഗികളായിരുന്നു ട്രെയിനില്‍ ഘടിപ്പിച്ചിരുന്നത്. ഷണ്ടിങിനിടെ ഡെഡ് എന്‍ഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡ് തകര്‍ത്ത് എന്‍ജിന്‍ തോട്ടിലേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ എന്‍ജിന്റെ അടിഭാഗം ഇളകിവീഴുകയും ലോക്കോ പൈലറ്റിന്റെ കാബിന്റെ ഒരുഭാഗം പൂര്‍ണമായി തകരുകയും ചെയ്തു. എന്‍ജിനില്‍നിന്നു വേര്‍പെട്ടതിന്റെ ശക്തിയില്‍ ഉലഞ്ഞാണു ബോഗികളിലൊന്നു പാളം തെറ്റിയത്.
ഷൊര്‍ണൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ നിന്നത്തെിച്ച ക്രെയിനുകള്‍ ഉപയോഗിച്ച് വൈകുന്നേരത്തോടെ എന്‍ജിന്‍ ഉയര്‍ത്തി. കനത്ത മഴയില്‍ ട്രാക്ക് മനസിലാക്കാന്‍ പറ്റാതിരുന്നതാണ് അപകടത്തിനു കാരണമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നാല്‍ ഗുരുതരമായ വീഴ്ചയായി കണ്ട് വകുപ്പുതല അന്വേഷണവും നടപടികളും ഉണ്ടാവും. സംഭവത്തെക്കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജരോടു വിശദമായ റിപ്പോര്‍ട്ട് തേടി. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഓഫിസിലെ സാങ്കേതികവിഭാഗവും കണ്ണൂരിലെത്തി. അപകടം നടന്നുവെങ്കിലും ഈ ട്രാക്കുകളില്‍ ഷണ്ടിങ് നടത്തുന്നതിനു തടസമില്ലെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. പി.കെ. ശ്രീമതി എം.പി, അസിസ്റ്റന്റ് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ടി രാജ്കുമാര്‍, അസിസ്റ്റന്റ് ഓപ്പറേറ്റിങ് മാനേജര്‍ പരിമളന്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എം.കെ ശൈലേന്ദ്രന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."