കുപ്രസിദ്ധ മൊബൈല്‍ മോഷ്ടാവ് പിടിയില്‍
നേമം: ജില്ലയിലെ വിവിധയിടങ്ങളിലെ ഹോട്ടലുകളില്‍ പാചകക്കാരനായി ജോലിക്ക് കയറി അവിടെ നിന്ന് വില കൂടിയ മൊബൈലുകളും പണവും കവര്‍ന്ന് കടന്നു കളയുന്ന യുവാവിനെ നേമം പൊലിസ് പിടികൂടി.
വെളളായണി ജങ്ഷനിലെ ഒരു ഹോട്ടലില്‍ സമാന രീതിയില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് റസ്സല്‍ പുരം വേട്ടമംഗലം ഭഗവതിവിലാസം വീട്ടില്‍ മോഹനചന്ദ്രന്‍ മകന്‍ രതീഷ് കുമാര്‍ (34)നെ നേമം പൊലിസ് അറസ്റ്റ് ചെയ്തത്. നിരവധി വിലപിടിപ്പുള്ള മൊബൈലുകളും പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു.
മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് 18 മാസത്തെ ജയില്‍വാസത്തിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ ഇയാള്‍ക്കെതിരെ പേട്ട, നെടുമങ്ങാട്, പാലോട്, ബാലരാമപുരം എന്നീ സ്റ്റേഷനുകളിലും എറണാകുളം ജില്ലയിലെ പൊലിസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.
ഫോര്‍ട്ട് അസി. പൊലിസ് കമ്മിഷണര്‍ ജെ.കെ.ദിനിലിന്റെ നിര്‍ദ്ദേശാനുസരണം നേമം ഇന്‍സ്‌പെക്ടര്‍ കെ.പ്രദീപ്, എസ്.ഐ.മാരായ എസ്.എസ്.സജി, സഞ്ചു ജോസഫ്, ബിജു, സിവില്‍ പോലീസ് ഓഫിസര്‍മാരായ ബിമല്‍ മിത്ര, ഗിരി, പത്മകുമാര്‍, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."