എം.കെ ദാമോദരന്‍ പദവി ഒഴിയുമെന്ന് സൂചന; താന്‍ അറിഞ്ഞിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എം.കെ.ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവി ഒഴിയുമെന്നു സൂചന. ഇതു സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ദാമോദരന്‍ സംസാരിച്ചതായാണ് വിവരം.
കഴിഞ്ഞദിവസം മാര്‍ട്ടിനുവേണ്ടി കേസില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണു തീരുമാനമെന്നാണു ദാമോദരന്റെ അടുത്തവൃത്തങ്ങള്‍ പറയുന്നത്. മാര്‍ട്ടിനുവേണ്ടിയോ സര്‍ക്കാരിനെതിരായ മറ്റു കേസുകളിലോ ഇനി ഹാജരായാല്‍ അതു വിവാദം വിളിച്ചുവരുത്തുമെന്നും തന്റെ വിശ്വസ്തനായ പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കാന്‍ ഇനിയൊരു വിവാദത്തിനില്ലെന്നും ദാമോദരന്‍ അടുത്ത വൃത്തങ്ങളോട് പറഞ്ഞതായാണു വിവരം. ലാവ്‌ലിന്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പിണറായിക്കു വേണ്ടി ദാമോദരന്‍ ഹാജരാകുന്നതു പ്രതിപക്ഷത്തിന് പുതിയ വിവാദമുണ്ടാക്കാന്‍ ഇടയാക്കുമെന്നും വിലയിരുത്തുന്നുണ്ട്.
ഇടതുപക്ഷ അനുഭാവിയും ലാവ്‌ലിന്‍കേസില്‍ പിണറായി വിജയന്റെ അഭിഭാഷകനുമായിരുന്ന ദാമോദരനെ പ്രത്യേകപദവിയുടെ ആവശ്യമില്ലാതെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. നേരത്തെ അഡ്വക്കറ്റ് ജനറല്‍ പദവിയിലേക്ക് എം.കെ ദാമോദരനെയാണു പരിഗണിച്ചിരുന്നത്.
എന്നാല്‍ കേസുകളുടെ തിരക്കുകാരണം ആ പദവി ഏറ്റെടുക്കാന്‍ കഴിയില്ലെന്നു പാര്‍ട്ടിയെ അറിയിച്ചു. എന്നാല്‍ ദാമോദരന്‍ ശുപാര്‍ശ ചെയ്ത ആളെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദാമോദരനെ പ്രതിഫലമില്ലാതെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചത്. പ്രതിഫലമില്ലാത്ത ഈ പദവി മറ്റുകേസുകളില്‍ ഹാജരാകുന്നതിനു തടസമാകില്ലെന്ന് ഉറപ്പുള്ളതിനാലാണ് അദ്ദേഹം ഏറ്റെടുത്തത്.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് അഡ്വക്കറ്റ് ജനറല്‍ പദവിക്ക് സമാന്തരമായി മുഖ്യമന്ത്രിക്കു മാത്രമായി നിയമോപദേശകനെ വയ്ക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ താല്‍പര്യത്തിനു വിരുദ്ധമാകുന്ന ഒട്ടേറെ കേസുകളില്‍ ദാമോദരന്‍ ഹാജരാകുന്നുണ്ട്. സംസ്ഥാനത്തെ ക്വാറികളുടെ പാരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട കേസുകളും ഇവയില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നതു സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അനാവശ്യവിവാദങ്ങള്‍ക്കു കാരണമാകുമെന്നും ചില ഇടതനുകൂല സംഘടനകള്‍ക്കും അഭിപ്രായമുണ്ട്. ഐസ്‌ക്രീം, ലോട്ടറി കേസുകളില്‍ വി.എസ് എടുത്ത നിലപാടും ഇതില്‍ നിര്‍ണായകമാണ്.
അതേസമയം, സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി എം.കെ.ദാമോദരന്‍ ഹാജരായതിനെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിട്ടില്ല.
എം.കെ.ദാമോദരന്‍ സ്ഥാനമൊഴിയുന്നെന്ന വാര്‍ത്തയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവിന് എതിരേ സാന്റിയാഗോ മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം.കെ.ദാമോദരന്‍ ഹാജരായത്. സാന്റിയാഗോ മാര്‍ട്ടിനും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ലോട്ടറി നികുതിവെട്ടിപ്പുമായി നിരവധി കേസുകള്‍ നിലനില്‍ക്കെയാണ് എം.കെ.ദാമോദരന്‍ മാര്‍ട്ടിന് അനുകൂലമായി കോടതിയില്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."