പാരിപ്പള്ളിയിലെ ബോംബ് സ്‌ഫോടനം ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി
ചാത്തന്നൂര്‍: പാരിപ്പള്ളി കുന്നത്ത് വീട് ക്ഷേത്രത്തിനു സമീപം സ്‌ഫോടനം നടന്നിടത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോട് കൂടിയാണ് ഏകദേശം രണ്ടു കിലോമീറ്ററോളം ചുറ്റളവില്‍ പ്രകമ്പനം ഉണ്ടാക്കിയ സ്‌ഫോടനം ഉണ്ടായത്. ക്ഷേത്രത്തിലെ ഭാഗവതം പാരായണം ചെയ്യുന്നവര്‍ ഭക്ഷണം കഴിക്കുന്നതിനായി പോയിരുന്ന സമയത്താണ് സ്‌ഫോടനം ഉണ്ടായത്. ആ സമയം ക്ഷേത്രം ശാന്തി സ്ഥലത്തുണ്ടായിരുന്നില്ല.
ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ പരിസരവാസികള്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. ചില വീടുകളുടെ ഭിത്തികള്‍ക്ക് ചെറിയ പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. വീട്ടിനുള്ളില്‍ കസേരയില്‍ ഇരിക്കുകയായിരുന്ന സമീപവാസിയായ വീട്ടമ്മ തെറിച്ചുവീഴുകയുണ്ടായി. രണ്ടു ദിവസത്തിനു മുന്‍പും ഇതുപോലൊരു സ്‌ഫോടനം നടന്നിരുന്നു. എന്നാല്‍ ഇത്രയ്ക്കു കാഠിന്യം ഇല്ലാതിരുന്നതിനാല്‍ സാരമാക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്‌ഫോടനം നടന്ന ദിവസം മൂന്നു മണിയോടുകൂടി ക്ഷേത്രഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് പാരിപ്പള്ളി പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചാത്തന്നൂര്‍ സി. ഐ ജവഹര്‍ ജനാര്‍ദ് പാരിപ്പള്ളി സബ്ഇന്‍സ്‌പെക്ടര്‍ രാജേഷ് മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു പ്രാഥമികാന്വേഷണം നടത്തി.
ഇന്നലെ വൈകുന്നേരം കൊല്ലത്തുനിന്നും ബോംബ് സ്‌കോഡും, ഡോഗ് സ്‌കോഡും സ്ഥലത്തെത്തി വിശദമായി അന്വേഷണം നടത്തി. കാടുപിടിച്ചു കിടക്കുന്ന സമീപ പ്രദേശങ്ങളും അടുത്തുള്ള ആള്‍താമസമില്ലാത്ത തകര്‍ന്നു കിടക്കുന്ന വീടും പരിസരവും പരിശോധിച്ചു.
12 ഓളം ഗുണ്ടുകളും പൊട്ടിത്തെറിച്ച മറ്റവശിഷ്ടങ്ങളും കണ്ടെടുത്തു. വലിയ പ്ലാസ്റ്റിക് ടിന്നുകളില്‍ വെടിമരുന്നും മറ്റ് സ്‌ഫോടക വസ്തുക്കളും നിറച്ചു നീളമുള്ള തിരിയിട്ടു കത്തിച്ചതായിരിക്കാം എന്നാണ് ബോംബ് സക്വാഡിന്റെ നിഗമനം. ബോംബ് സ്‌ക്വാഡില്‍ എ. എസ്. ഐ രാമരാജന്‍, എസ്. സി. പി. ഒ കൃഷ്ണകുമാര്‍ ഡോഗ് സ്‌ക്വാഡില്‍ മനോജ്, അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഒരു മണിക്കൂറോളം പ്രദേശത്തു പുക നിറയുകയും വെടിമരുന്നിന്റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. നിഗൂഢമായ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്നന്വേഷിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."