കൊവിഡ് ഹോട്ട്‌സ്‌പോട്ടായി തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റ്
ചെന്നൈ: തമിഴ്‌നാട്ടിലെ മൊത്തവ്യാപാര വിപണിയായ കോയമ്പേട് മാര്‍ക്കറ്റില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 385 പേര്‍ക്കാണ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് രോഗം പകര്‍ന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മിക്കവരും ഈ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരുന്നു. ചെന്നൈ നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ കോയമ്പേട് കൊവിഡ് ഹോട്ട്‌സ്‌പോട്ടായതോടെ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 295 ഏക്കറില്‍ പരന്നുകിടക്കുന്ന കോയമ്പേട് മാര്‍ക്കറ്റ് രാജ്യത്തെ ഏറ്റവും വലിയ പഴം-പച്ചക്കറി- പൂ വില്‍പന കേന്ദ്രമാണ്.
ചെന്നൈയിലെ 12ഓളം ജില്ലകളില്‍ കൊവിഡ് വ്യാപിക്കുന്നതിന് കോയമ്പേട് മാര്‍ക്കറ്റ് കാരണമായിട്ടുണ്ട്. മാര്‍ക്കറ്റിലെ ശുചീകരണ തൊഴിലാളികള്‍, അഗ്‌നിശമന സേനാംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോയമ്പേടു മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഐ.പി.എസ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കോയമ്പേടു മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി വാങ്ങി തമിഴ്‌നാട്ടിലെ അമ്പത്തൂരില്‍ വില്‍പന നടത്തിയ കച്ചവടക്കാരനില്‍ നിന്നും പ്രദേശത്തെ 13 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. മാര്‍ക്കറ്റ് അടച്ചതിന്റെ ഫലമായി നാട്ടിലേക്ക് പോയ 7,000ത്തിലധികം വരുന്ന കച്ചവടക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
ചെന്നൈയിലെ പ്രധാന നഗരങ്ങളിലേക്കുള്ള പഴങ്ങളും പച്ചക്കറികളും പൂക്കളും എത്തുന്നത് കോയമ്പേടു മാര്‍ക്കറ്റില്‍ നിന്നാണ്. ഏകദേശം 10,000ത്തോളം തൊഴിലാളികള്‍ ഇവിടെ ജോലിചെയ്തു വരുന്നു. താല്‍ക്കാലികമായി അടച്ച മാര്‍ക്കറ്റിലെ പച്ചക്കറികളുടെ വില്‍പന തിരുവള്ളൂര്‍ ജില്ലയിലെ തിരുമലിസൈയിലേക്കും പഴവര്‍ഗ വില്‍പന, മാധവപുരം ബസ് ടെര്‍മിനലിലേക്കും മാറ്റി.
ഏപ്രില്‍ 27നാണ് മാര്‍ക്കറ്റില്‍ ആദ്യത്തെ കൊവിഡ് കേസ് റിപ്പോര്‍ട്ടു ചെയ്തത്. രണ്ടു പച്ചക്കറി തൊഴിലാളികള്‍ക്കാണ് കൊവിഡ് പൊസിറ്റീവ് ആയത്. തുടര്‍ന്നാണ് കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ കച്ചവടം മാറ്റാന്‍ തൊഴിലാളികള്‍ തയാറായിരുന്നില്ല. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മാര്‍ക്കറ്റ് അടച്ചിടാനും കച്ചവടം മറ്റൊരിടത്തേക്ക് മാറ്റാനും വില്‍പനക്കാര്‍ തയാറായത്.
ഇന്നലെ 527 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 3,550 ആയി. 31 പേര്‍ മരിച്ചിട്ടുമുണ്ട്. ഇതില്‍ 1,724 രോഗികളും മരിച്ച 18 പേരും ചെന്നൈയിലുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."