മരണം മുന്നില്‍ കണ്ടെന്നപോലെ വാട്സ്ആപ്പ് സന്ദേശം; തര്‍ക്കിക്കാന്‍ ഞാനിനി ഇല്ല, എന്റടുത്തു വന്ന തെറ്റുകള്‍ മാപ്പാക്കുക
റിയാദ്: മരണം മുന്നില്‍ കണ്ടെന്ന പോലെ വ്യക്തമായ സന്ദേശം നല്കി തൊട്ടടുത്ത ദിവസം മരിച്ച മലയാളിയുടെ മരണം പ്രവാസികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായി. മനുഷ്യന് ഇത്രയേ ഉള്ളൂ അഹങ്കരിക്കാന്‍ ഒന്നുമില്ലെന്ന സന്ദേശത്തോടെ മലപ്പുറം ചെമ്മാട് സ്വദേശി കരിപറംബത്ത് അബ്ദുല്ല (48) അയച്ച വാട്സ് ആപ് സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ വ്യാഴാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് റിയാദിലെ സര്‍ക്കാരാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്.
'ശരിയാണ് ഒരു പാട് തെറ്റുകള്‍ എന്റെ പക്കല്‍ നിന്നും വന്നു പോയിട്ടുണ്ട് മാപ്പാക്കുക എല്ലാവരും. ഞാന്‍ മരിച്ചെന്നു കേട്ടാല്‍ നിങ്ങള്‍ എല്ലാ തിരക്കുകളും മാറ്റിവെച്ചു വരണം എന്റെ വീട്ടിലേക്കു. എനിക്ക് വിളിക്കാനൊന്നും സമയം കിട്ടില്ല. എന്നിട്ട് നിങ്ങള്‍ എന്നെ നന്നായി കുളിപ്പിച്ച് നല്ല വസ്ത്രംധരിപ്പിച്ചു എല്ലാവരും എന്നെ മാറി മാറി തോളില്‍ വെക്കണം. പള്ളിയെത്തി നിസ്കരിക്കുമ്പോള്‍ ആത്മാര്‍ത്ഥതയോടെ മനസ്സുരുകി പ്രാര്‍ഥിക്കണം. അവസാനം മൂന്നു പിടി മണ്ണും വാരിയിട്ടേ നിങ്ങള്‍ പോരാന്‍ പാടുള്ളു. പിന്നെ ഗ്രൂപ്പില്‍ നിന്നും എന്റെ പേരും റിമൂവ് ചെയ്യാം. ഞാന്‍ തര്‍ക്കിക്കാന്‍ ഉണ്ടാവില്ല അതോടെ അബ്ദുള്ള എന്ന പേരും നിങ്ങള്‍ മറക്കും.' മരണത്തിനു മൂന്നു ദിവസം മുന്‍പ് അബ്ദുള്ള വാട്സ്ആപ്പില്‍ കുറിച്ച വാക്കുകളാണിത്.
സാമൂഹിക പ്രവര്ത്തകന് കൂടിയായ അബ്ദുല്ല റിയാദ് കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷററായ ഇദ്ദേഹം ചെമ്മാട് പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകനുമാണ്. 23 വര്‍ഷമായി റിയാദിലെ നസീമില്‍ ബൂഫിയ നടത്തുകയായിരുന്നു അബ്ദുല്ല. ഫാത്തിമയാണു മാതാവ്. ഭാര്യ: ജമീല, മക്കള്‍: ഫവാസ്, ഫഹ്ന, ഫാത്തിമ, ഫയാസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."