യക്ഷിശില്‍പം വാര്‍ഷികം: കാനായിയുടെ സഹായികളെ അവഗണിച്ചെന്ന്
പാലക്കാട്: മലമ്പുഴ ഉദ്യാനത്തിനകത്തെ യക്ഷി ശില്‍പനിര്‍മാണത്തില്‍ കാനായി കുഞ്ഞിരാമനോടൊപ്പം സഹയായി പ്രവര്‍ത്തിച്ച രണ്ടുപേരെ യക്ഷിയുടെ അന്‍പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. ലക്ഷങ്ങള്‍ ചിലവഴിച്ച് യക്ഷിപാര്‍ക്കില്‍ ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരെഅവഗണിച്ചു. യക്ഷിയുടെ നിര്‍മാണത്തില്‍ കാനായിയോടൊപ്പം സഹായികളായി പ്രവര്‍ത്തിച്ചിരുന്ന പഴനിസ്വാമി(83),വേലായുധന്‍ (71) എന്നിവരെയാണ് ശില്‍പ്പി കാനായി കുഞ്ഞിരാമനും, സംഘാടകരായ കേരള ലളിതകലാ അക്കാദമിയും അവഗണിച്ചത്. അരനൂറ്റാണ്ട് മുമ്പ് ശില്‍പ നിര്‍മാണം തുടങ്ങുമ്പോള്‍ മുതല്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന രണ്ട് വര്‍ഷം വരെ ശില്‍പ നിര്‍മാണത്തില്‍ കാനായിയോടൊപ്പം പ്രവര്‍ത്തിച്ചവരാണ്് പഴനിസ്വാമി(83),വേലായുധന്‍ (71) എന്നിവര്‍.ശില്‍പി കാനായി കുഞ്ഞിരാമന് ആദരവും യക്ഷിയുടെ അമ്പതാം പിറന്നാളും 50 ലക്ഷം രൂപ മുടക്കി യക്ഷിയാനം എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാറും കേരള ലളിതകലാ അക്കാദമിയും നടത്തുന്നത്. കഴിഞ്ഞ മാസം 26 ന് തുടങ്ങിയ സാംസ്‌കാരിക ഉത്സവം ഈ മാസം 9 നാണ് സമാപിക്കുന്നത്. 12 ദിവസം നടക്കുന്ന പരിപാടി ചിത്ര ശില്‍പ കലാക്യാംപായാണ് നടത്തുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിന്നുള്ള ചിത്രകാരന്‍മാരും ശില്‍പികളും പരിപാടിയില്‍ പങ്കെടുത്ത് വരുന്നുണ്ട്. യക്ഷി ശില്‍പവുമായി ഒരു ബന്ധമില്ലാത്തവരെ പോലും പരിപാടിയില്‍ ആദരിക്കുമ്പോഴാണ് യക്ഷി ശില്‍പത്തില്‍ കാനായിക്കൊപ്പം മുഖ്യപങ്ക് വഹിച്ച രണ്ട് തൊഴിലാളികളെ അവഗണിച്ചത്. പരിപാടി നടക്കുന്ന യക്ഷിപാര്‍ക്കിന് സമീപത്താണ് ഇവരുടെ വീടെങ്കിലും കാനായി ഉള്‍പ്പടെ കേരള ലളിതകലാ അക്കാദമിയില്‍ നിന്നുള്ള ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മലമ്പുഴ ഡാമില്‍ ജലസേചന വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന വേലായുധനും, സ്ഥിരം ജീവനക്കാരനായിരുന്ന പഴനിസ്വാമിയുമാണ് കാനായിക്കൊപ്പം ശില്‍പ നിര്‍മാണത്തില്‍ ഉണ്ടായിരുന്നത്. ഡാമിലെ ചോര്‍ച്ചയും മറ്റും നോക്കലായിരുന്നു ഇവരുടെ ജോലിയെങ്കിലും, കോണ്‍ക്രീറ്റ് ജോലിയും അതില്‍ അത്യാവശ്യം ശില്‍പ പണികളും അറിയുന്നതിനാല്‍ കാനായിക്കൊപ്പം ശില്‍പ നിര്‍മാണത്തിന് ഇവരെ വകുപ്പ് വിട്ടുകൊടുത്തിരുന്നു. ഇവരെ കൂടാതെ കിട്ട, രണ്ട് രാജുമാര്‍ എന്നീപുരുഷന്‍മാരും മീനാക്ഷി, ഐസുമ്മ, നബീസ എന്നി സ്ത്രീകളും ശില്‍പ നിര്‍മാണത്തിന് ഉണ്ടായിരുന്നു. ഇതില്‍ നബീസയും വേലായുധനും പഴനിസ്വാമിയും മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. നബീസയെ കുറിച്ച് ഇപ്പോള്‍ എവിടെയെന്ന് അറിവുമില്ല. ശില്‍പ നിര്‍മാണം പൂര്‍ത്തിയായ ശേഷം പിന്നീട് ഒരു കാര്യത്തിനും ഞങ്ങളെ വിളിച്ചിട്ടില്ല. ശില്‍പ്പത്തിന്റെ അമ്പതാം വാര്‍ഷികമൊക്കെ നടക്കുമ്പോള്‍ ഞങ്ങളെ കൂടി ഓര്‍ക്കുമെന്നാണ് കരുതിയത്. കാനായിയെ മാറ്റി നിര്‍ത്തിയാല്‍ ശില്‍പ നിര്‍മാണത്തില്‍ നേരിട്ടു പങ്കെടുത്ത ഇന്ന് ജീവിക്കുന്നവരില്‍ ഞങ്ങള്‍ രണ്ടും പേരെയുള്ളുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കാനായി ഇക്കാര്യങ്ങള്‍ നിഷേധിച്ചു . ' വീടോ പാലമൊ ഒക്കെ നിര്‍മിക്കുമ്പോ അത് ഡിസൈന്‍ ചെയ്തവരെയാണ് ഓര്‍ക്കുക. തൊഴിലാളികളുടെ പേരില്‍ അറിയപ്പെടാറില്ല.സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മാണത്തില്‍ 2500 തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. അതിന്റെ ശില്‍പി അവരാണോ ? ഈ വിവാദം പരിപാടിയുടെ ശോഭ കെടുത്താന്‍ ആരോ ചെയ്യുന്നതാണെന്നും കാനായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."