റേഷന്‍കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം താളംതെറ്റുന്നു
കളമശ്ശേരി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണം താളംതെറ്റുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മുന്‍ഗണനേതര (സബ്സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.
വെള്ളിയാഴ്ച പൂജ്യം അവസാന അക്കമായുള്ള റേഷന്‍ കാര്‍ഡിനും ഇന്നലെ ഒന്ന് അവസാന അക്കമായുള്ള കാര്‍ഡിനും താങ്കളാഴ്ച രണ്ട്, മൂന്ന്, ചൊവ്വ നാല്, അഞ്ച്, ബുധന്‍ ആറ്, എഴ് വ്യാഴം എട്ട്, ഒന്‍പത് എന്ന അക്കങ്ങളുടെ ക്രമത്തിലാണ് വിതരണം ചെയ്യേണ്ടത്. എന്നാല്‍, ഇന്നലെ വൈകിട്ട് വരെ സംസ്ഥാനത്തെ പല റേഷന്‍കടകളിലും കിറ്റുകള്‍ എത്തിയിട്ടില്ല. എത്തിയയിടങ്ങളിലാകട്ടെ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണുള്ളത്.
1,000 കാര്‍ഡുകളുള്ള ചില കടകളില്‍ ഇന്നലെ വൈകിട്ടോടെ 100 കിറ്റുകള്‍ മാത്രമാണ് എത്തിയത്. ഇത് ഒരുദിവസത്തെ വിതരണത്തിനുപോലും തികയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. 15 മുതല്‍ നോണ്‍ സബ്സിഡി വിഭാഗത്തിന് (വെള്ള കാര്‍ഡുകള്‍ക്ക് ) കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് പറയുന്നുണ്ടെങ്കിലും നീല കാര്‍ഡിന്റെ വിതരണം പകുതിപോലും ആവാത്ത അവസ്ഥയാണുള്ളത്. അന്ത്യോദയ, മുന്‍ഗണന വിഭാഗക്കാര്‍ക്ക് നേരത്തെ തന്നെ കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."