ചരിത്രമാഷ്
മലപ്പുറത്തെ തൃപ്പനച്ചി എ.യു.പി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ പൂതനാരി എം.സി അബ്ദുല്‍ അലിയുടെ പുരാവസ്തുപ്രണയം പോയബാല്യത്തിലെ നുണയാതെപോയൊരു ഐസ് മിഠായിയുടെ തണുപ്പുമായി ഇഴചേര്‍ന്നതാണ്.
31 വര്‍ഷം മുന്‍പ് നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ കണ്‍മുന്നിലൂടെ ഐസ് മിഠായിയും നുണഞ്ഞുനടക്കുമ്പോള്‍, പൈസയില്ലാത്തതിനാല്‍ അത് വെറുതേ നോക്കിനില്‍ക്കേണ്ടിവന്നതിന്റെ മധുരപ്രതികാരം അബ്ദുല്‍ അലി മാഷ് വീട്ടിയത് പക്ഷേ, ഇന്ന് കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ പുരാവസ്തു ശേഖരത്തിലൂടെയാണ്. വര്‍ഷങ്ങളുടെ അവധൂതയാത്രയും ഇച്ഛാശക്തിയും കഠിനയത്‌നവും കൊണ്ട് മാഷ് ശേഖരിച്ചെടുത്ത അപൂര്‍വ പുരാവസ്തുക്കള്‍ ഇന്ന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വിജ്ഞാനത്തോടൊപ്പം വിസ്മയവും പകരുകയാണ്. കിറ്റ്ക്യാറ്റ്, മഞ്ച്, ബര്‍ഗര്‍ തുടങ്ങിയ കോര്‍പറേറ്റ് ഉല്‍പന്നങ്ങള്‍ നുണയുന്ന പുതുതലമുറക്കുട്ടികള്‍ക്ക് പഴയ ഐസ് മിഠായി അപരിചിതമാകുമ്പോള്‍, തന്റെ വേറിട്ട ചിന്താമണ്ഡലത്തില്‍ അലിമാഷ് ഐസ് മിഠായിയേയും അമൂല്യമായൊരു പുരാവസ്തുവായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.
ശിലായുഗവും പ്രാചീനകാലവും മധ്യകാലഘട്ടവുമൊക്കെ ചരിത്രത്തിന്റെ അടരുകളില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കൈകോര്‍ത്ത്, പുതുതലമുറക്ക് വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും അനന്തവാതായനങ്ങള്‍ തുറന്നിടുകയാണിവിടെ, മാഷിന്റെ വീടിന്റെ മുകള്‍നിലയിലെ അത്യപൂര്‍വ പുരാവസ്തുശേഖരത്തില്‍. സ്‌കൂള്‍ പാഠ്യവിഷയങ്ങള്‍ അധ്യാപകവൃത്തിയുടെ കേവല സാങ്കേതികതകള്‍ക്കപ്പുറം, തന്റെ അപൂര്‍വ ചരിത്രസൂക്ഷിപ്പുകളുടെയും മാജിക് എന്ന കൂട്ടുസിദ്ധിയുടെയും പിന്‍ബലത്താല്‍ അതീവഹൃദ്യവും വിജ്ഞാനദായകവുമായി മാറ്റി കുട്ടികള്‍ക്ക് ചരിത്രത്തിലേക്ക് ഒരു പിന്മടക്കം സാധ്യമാക്കുകയാണ് അലിമാഷ്.
അതുകൊണ്ടുതന്നെയാണ് അഞ്ചാംക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ കുടുംബം എന്ന വിഷയം പഠിപ്പിക്കുമ്പോള്‍, വിദ്യാര്‍ഥികള്‍ക്ക് കുടുംബം എന്ന അടിസ്ഥാന സാമൂഹ്യസ്ഥാപനത്തിന്റെ ഇഴയടുക്കുകള്‍ അനായാസേന തലച്ചോറിലേക്ക് സന്നിവേശിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രദര്‍ശനങ്ങള്‍ നടത്തി വിദ്യാര്‍ഥികള്‍ക്കും മറ്റും വിജ്ഞാനദായമാകുന്ന, മികച്ചൊരു മജീഷ്യന്‍ കൂടിയായ മാഷ് കുടുംബം കുട്ടികളുടെ തലയില്‍ക്കേറ്റുന്നത് മാജിക്കിന്റെ വിസ്മയാവഹമായ പിന്തുണയോടെയാണ്. കൈയിലെടുക്കുന്ന മൂന്നു തൂവാലകളിലൂടെയാണിത് മാഷ് ലളിതമായി സാധ്യമാക്കുന്നത്. ഇടത്തേ കൈയിലെ അച്ഛന്‍ തൂവാലയും വലത്തേ കൈയിലെ അമ്മത്തൂവാലയും കോര്‍ത്തിണക്കുന്നു. മൂന്നാമത്തെ കുട്ടിത്തൂവാലയെ താഴെയുള്ള സഞ്ചിയില്‍ നിക്ഷേപിക്കുന്നു. പിന്നീട് മാജിക്കിന്റെ അത്ഭുതകരമായ അംഗവിക്ഷേപങ്ങളിലൂടെ സഞ്ചിയുടെ മുകളിലൊന്ന് തടവുമ്പോള്‍ കൈയിലെ കൂട്ടിക്കെട്ടിയ അച്ഛന്‍, അമ്മ തൂവാലകള്‍ക്കിടയില്‍ കുട്ടിത്തൂവാല ചേര്‍ന്നുനില്‍ക്കുമ്പോള്‍, കുടുംബത്തിന്റെ ഐക്യ-സുരക്ഷിതത്വ-ആഹ്ലാദ സന്ദേശമെല്ലാം തല്ലിപ്പഠിപ്പിക്കലിന്റെ കയ്പിനു പകരം പരസ്പരാഹ്ലാദത്തിന്റെ മധുരമായി വിദ്യാര്‍ഥികളിലേക്ക് പരക്കുന്നു.
'ചരിത്രത്തിലേക്ക് ' എന്ന മറ്റൊരു വിഷയവും മാഷ് കുട്ടികള്‍ക്ക് ഹൃദിസ്ഥമാക്കുന്നത് ഇത്തരത്തില്‍ വര്‍ഷങ്ങളായി താന്‍ നെഞ്ചോടുചേര്‍ക്കുന്ന അത്യപൂര്‍വ ചരിത്രശേഷിപ്പുകളിലൂടെയാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍, മടുപ്പിക്കുന്ന അധ്യാപന വിവരണത്തിനു പകരം അത് നയിച്ച മംഗള്‍പാണ്ഡെയുടെ സ്റ്റാമ്പുകളും അക്കാലത്തെ നാണയങ്ങളും മറ്റും ക്ലാസില്‍ കുട്ടികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ച് അറിവിന്റെ ദൃശ്യവിരുന്നൊരുക്കുകയാണ് ഈ ഭൂതകാല സൂക്ഷിപ്പുകാരന്‍. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലയിലെന്നല്ല, സംസ്ഥാനതലത്തില്‍തന്നെ ദൈനംദിന സ്‌കൂള്‍ അധ്യാപനത്തിലുപരിയായി അധ്യാപക പരിശീലന പരിപാടിയിലും വിദ്യാഭ്യാസവകുപ്പ് മാഷിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
ഒരു സാധാരണ പുരാവസ്തു സൂക്ഷിപ്പുകാരനില്‍നിന്ന് വ്യത്യസ്തമാക്കുന്ന എണ്ണമറ്റ അത്യപൂര്‍വ ശേഖരങ്ങളാണ് മാഷിന്റെ പക്കലുള്ളത്. കേരളത്തിന്റെയും ഇന്ത്യയുടെയുമെന്നല്ല, രാജ്യാന്തര തലത്തിലെ തന്നെ രാഷ്ട്രീയ, സാമൂഹിക ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ രേഖകളാല്‍ സമ്പന്നമാണ് മാഷിന്റെ പുരാവസ്തുശേഖരം. പലതും പതിറ്റാണ്ടുകള്‍ക്കുമുന്‍പ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതുമാണ്.
1956ല്‍ ഐസന്‍ ഹോവര്‍ യു.എസ് പ്രസിഡന്റായിരുന്നപ്പോള്‍, വാഷിങ്ടണില്‍ ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പ്രസംഗത്തിന്റെ യഥാര്‍ഥ ഗ്രാമഫോണ്‍ സി.ഡി, 1942ല്‍ ഗാന്ധിജി കൊല്‍ക്കത്തയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഒറിജിനല്‍ ഗ്രാമഫോണ്‍ ശബ്ദരേഖ എന്നിവ ഇന്ന് ദേശീയ മ്യൂസിയങ്ങളില്‍ മാത്രം കാണുന്നവയാണ്. ഇത്തരം ശബ്ദരേഖ റെക്കോര്‍ഡ് ചെയ്യാന്‍ പറ്റിയ സ്റ്റുഡിയോകള്‍ ഇല്ലാത്തതിനാല്‍ ഇത് അത്യപൂര്‍വ രേഖയാണെന്ന് അലിമാഷ് സാക്ഷ്യപ്പെടുത്തുന്നു. ജാതി, മത ചിന്തകള്‍ക്കതീതമായി അഹിംസയിലൂന്നിയ ജിവിതം നയിക്കാനാണ് ഗാന്ധിജി പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഏഴാംക്ലാസിലെ, 1919 മുതല്‍ 1947വരെയുള്ള ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ജീവിതം എന്ന പാഠ്യവിഷയം പഠിപ്പിക്കുമ്പോള്‍ ഈ സി.ഡികള്‍ വളരെ പ്രയോജനപ്രദമാകുന്നു. സ്‌കൂളില്‍ രാവില വിദ്യാവാണി പ്രോഗ്രാമിലൂടെ സി.ഡികള്‍ കേള്‍പ്പിക്കുന്നത് കുട്ടികള്‍ക്ക് ഏറെ ഗുണകരമാകുന്നു.
ഇന്ത്യയിലെയും രാജ്യാന്തര തലത്തിലെയും അത്യപൂര്‍വ നാണയങ്ങളുടെ വലിയ ശേഖരമുള്ള അലിമാഷ് നാണയങ്ങളിലെ രാഷ്ട്രീയ, സാംസ്‌കാ രിക വൈവിധ്യങ്ങളെക്കുറിച്ച് ഇപ്പോഴും ഗവേഷണ, പഠനങ്ങള്‍ നടത്തുകയാണ്. ദേശീയപതാകയില്ലാതെ പുറത്തിറക്കുകയും വിവാദമായതോടെ പിന്നീട് പിന്‍വലിക്കുകയും ചെയ്ത ഇന്ത്യന്‍ കറന്‍സി, യാത്രകളില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന യഥാര്‍ഥ ചെറിയ ചര്‍ക്ക, 1,000, 60, 50 രൂപയുടെ ഇന്ത്യന്‍ നാണയങ്ങള്‍, ഹജ്ജ് കറന്‍സി, ചേര, ചോളരാജ്യങ്ങളുടെ നാണയം, മൈസൂര്‍ രാജാക്കന്മാരുടെ കല്ല് നാണയങ്ങള്‍, ബ്രിട്ടീഷ് നാണയങ്ങള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അരപ്പൈസ, കുതിരപ്പൈസ, കാളനാണയം, റോമന്‍ നാണയം, സുഭാഷ് ചന്ദ്രബോസ് പുറത്തിറക്കി വിവാദമായ കശ്മിരില്ലാത്ത ഇന്ത്യയുടെ ചിത്രമുള്ള നാണയം, മാമിയ, ഹാക്കോഫ്‌ളക്‌സ് തുടങ്ങിയ പുരാതന കാമറകള്‍, രണ്ടാംലോക യുദ്ധകാലത്തെ വാളുകള്‍, അത്യപൂര്‍വമായ ആദിവാസി ആഭരണങ്ങള്‍, ഫിഫ ഫുട്‌ബോള്‍ കപ്പിന്റെ നിലവില്‍ ലോകത്ത് ഏറ്റവും കുറഞ്ഞ ഗ്രാമുള്ള സ്വര്‍ണമാതൃക, ലോകത്ത് ഏറ്റവും ചെറിയ ഖുര്‍ആന്‍, 1964ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഇ.എം.എസ് അടക്കമുള്ളവരുടെ വാര്‍ത്ത വന്ന പത്രക്കടലാസ്...തുടങ്ങി അത്യപൂര്‍വ ചരിത്രശേഖരങ്ങള്‍ അവസാനിക്കുന്നില്ല മാഷിന്റെ വീട്ടില്‍.
അലി മാഷിന്റെ പക്കലുള്ള, 1901ല്‍ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് രാജാവ് എഡ്വേര്‍ഡ് ഏഴാമന്റെ നാണയത്തിനു പിന്നിലുള്ളത് കൗതുകരമായ ചരിത്രം. വഞ്ചനാക്കുറ്റത്തിന് മദ്രാസ് ഹൈക്കോടതി ജഡ്ജി മണി അയ്യര്‍ എഡ്വേര്‍ഡിനൊരു അപൂര്‍വ ശിക്ഷ വിധിച്ചു, നാണയത്തിന്റെ തലഭാഗത്ത് അദ്ദേഹത്തിന്റെ കിരീടമില്ലാത്ത, മുണ്ഡനം ചെയ്ത ശിരസ് മാത്രം പതിച്ച് കിരീടം മറുവശത്താക്കണമെന്നായിരുന്നു അത്. ഇങ്ങനെ ഒരുകോടി നാണയം ഇറക്കണമെന്നും ശിക്ഷയില്‍ പറയുന്നു. എഡ്വേര്‍ഡിന്റെ മകന്‍ ജോര്‍ജിന്റെ കാലത്തിറക്കിയ നാണയത്തില്‍ ഒരുവശത്ത് ആനയുടെ ചിത്രമായിരുന്നു. എന്നാല്‍ ആനയുടെ തുമ്പിക്കൈ ചെറുതായെന്ന ആരോപണമുയര്‍ന്നതോടെ ഇത് 'പന്നിനാണയം' എന്നറിയപ്പെട്ടു. സംഭവം വിവാദമായതോടെ ആയിരക്കണക്കിന് നാണയങ്ങള്‍ പിന്‍വലിച്ച് ഉരുക്കി പുതിയത് നിര്‍മിക്കുകയായിരുന്നു. ഇന്ന് രാജ്യത്തുതന്നെ മ്യൂസിയങ്ങളില്‍ മാത്രമേ ഇത്തരം നാണയമുള്ളൂവെന്ന് മാഷ് സാക്ഷ്യപ്പെടുത്തുന്നു.
അലിമാഷിന്റെ ശേഖരത്തിലെ ഫിഫ ലോകക്കപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ ചെറിയ മാതൃക ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം പൊതുജനത്തെയും ആകര്‍ഷിക്കുന്നു. നിലവിലുള്ളത് 200 മില്ലിഗ്രാം സ്വര്‍ണംകൊണ്ട് നിര്‍മിച്ചതാണെന്നും തന്റെ പക്കലുള്ളത് 193 മില്ലിഗ്രാമില്‍ തീര്‍ത്തതാണെന്നും മാഷ് പറയുന്നു. ഫുട്‌ബോള്‍ കമ്പക്കാലത്ത് ഒട്ടേറെയാളുകള്‍ ഈ കൊച്ചു വിസ്മയക്കപ്പ് കാണാന്‍ മാഷിന്റെ വീട്ടിലെത്തുന്നു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ അലഞ്ഞാണ് ഇത്രയും ശേഖരങ്ങള്‍ സ്വരുക്കൂട്ടിയതെന്ന് പറയുന്ന മാഷിന്റെ ശമ്പളത്തിന്റെ നല്ലൊരു ശതമാനവും പോയകാലത്തിന്റെ അവശേഷിപ്പുകള്‍ക്കായി ചെലവഴിക്കുന്നു. പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് വളണ്ടിയര്‍ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായി സഹായിച്ചും സജീവമായി, കാന്‍സര്‍ പിടിപെട്ട് മരിച്ച പിതാവിന്റെ ദുഖസ്മൃതികള്‍ക്ക് അഞ്ജലിയര്‍പ്പിക്കുന്നു മാഷ്. ഇന്ന് പുരാവസ്തുക്കളുടെ ആധികാരികത വലിയൊരു പ്രശ്‌നമാണെന്നും മാഷ് തുറന്നുപറയുന്നു. പഴക്കമേറുകയും ആധികാരികവും ആവുമ്പോഴാണ് പുരാവസ്തുവിന്റെ ചരിത്ര, സാംസ്‌കാരിക, സാമ്പത്തിക മൂല്യം വര്‍ധിക്കുന്നത്. എന്നാല്‍ മൈസൂര്‍ പാലസ് തുടങ്ങി, രാജ്യത്തെ പല ചരിത്രസ്മാരകങ്ങള്‍ക്കു മുന്നിലും വ്യാജപുരാവസ്തുക്കള്‍, കൃത്രിമമായി പഴക്കമുണ്ടാക്കി വില്‍ക്കപ്പെടുന്നുണ്ടെന്നും ഇത് യഥാര്‍ഥ പുരാവസ്തു സൂക്ഷിപ്പുകാര്‍ക്ക് കളങ്കമേല്‍പ്പിക്കുന്നുവെന്നും അലി മാഷ് പറയുന്നു.
കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞുപോയ രാഷ്ട്രീയ, ചരിത്ര, സാംസ്‌കാരിക സത്യങ്ങളുടെ ആഴങ്ങളിലേക്ക് കുഴിച്ചുകുഴിച്ചു ചെല്ലുമ്പോള്‍ പൊടികുടഞ്ഞെഴുന്നേറ്റുവരുന്ന പ്രാക്തന സ്മൃതികള്‍ക്കു മുന്നില്‍ രാഷ്ട്രബോധത്തിന്റെയും പുതിയകാല വിജ്ഞാനത്തിന്റെയും ചിഹ്നങ്ങള്‍ പതിക്കുകയാണ് അബ്ദുല്‍ അലി മാഷെപ്പോലുള്ളവര്‍ ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."