പശുവിന്റെ പേരില്‍ തന്നെയെന്ന് പുതിയ വിഡിയോ
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ പശുവിന്റെ പേരിലുണ്ടായ ക്രൂരമായ കൊലപാതകം മറച്ചുവയ്ക്കാനും വഴിതിരിച്ചു വിടാനുമുള്ള പൊലിസിന്റെയും അധികൃതരുടെയും ശ്രമം പൊളിഞ്ഞു. പശുവിനെ അറുത്തുവെന്ന് സമ്മതിപ്പിക്കാന്‍ ആള്‍ക്കൂട്ടം വൃദ്ധനെ നിര്‍ബന്ധിക്കുന്നതും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരിലുള്ള പിലാഖുവ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം അക്രമികള്‍ രണ്ടു പേരെ പശുക്കടത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. 45കാരനായ കാസിം എന്നയാളെ മര്‍ദിക്കുന്നതിന്റെയും വെള്ളം ചോദിച്ചിട്ട് പോലുംനല്‍കാത്തതിന്റെയും ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. എന്നാല്‍ പുതിയ വിഡിയോയില്‍ കാസിമിനൊപ്പമുണ്ടായിരുന്ന വൃദ്ധനെ മര്‍ദിക്കുന്നതിന്റെയും താടി പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്. പശുവിനെ അറുത്തുവെന്ന് സമ്മതിപ്പിക്കാന്‍ വേണ്ടിയാണ് ഇയാളെ മര്‍ദിക്കുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.സമീഉദ്ദീന്‍ എന്ന 65കാരന്റെ താടി പിടിച്ച് വലിക്കുന്നതിന്റെയും ഇദ്ദേഹത്തിന്റെ മുഖത്ത് നിന്നും രക്തം വരുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിഡിയോ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ്. വയലില്‍ വച്ച് പശുവിനെ അറുത്തുവെന്നാണ് ഇരുവര്‍ക്കുമെതിരായ ആരോപണം. സമീഉദ്ദീന്‍ ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്നാണ് കുറ്റം സമ്മതിക്കാന്‍ വേണ്ടി മര്‍ദിച്ചത്. മാത്രമല്ല, മര്‍ദനമേറ്റ് അവശനായ കാസിമിനെ വലിച്ചിഴച്ച് അക്രമികള്‍ കൊണ്ടുവരുന്നത് പൊലിസിന്റെ സാന്നിധ്യത്തിലാണ്. ഈ ദൃശ്യം നേരത്തെ പുറത്തായിട്ടുണ്ട്.
സംഭവത്തിന്റെ വിഡിയോകളും ഫോട്ടോകളും പ്രചരിച്ചതോടെ പൊലിസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും ഉദാസീനതയും പുറത്തായിട്ടുണ്ട്. കൊല്ലപ്പെട്ട കാസിം മര്‍ദനമേറ്റ് വയലില്‍ അവശനായി കിടക്കുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോയാണ് ആദ്യം പുറത്തുവന്നത്. ഇയാള്‍ അക്രമികളോട് വെള്ളത്തിന് വേണ്ടി യാചിച്ചെങ്കിലും നല്‍കിയില്ല. സംഭവ സ്ഥലത്ത് പൊലിസെത്തുകയും ഇവരുടെ സാന്നിധ്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചോരയൊലിപ്പിച്ച് കിടന്ന കാസിമിനെ പൊലിസ് സാന്നിധ്യത്തില്‍ അക്രമികള്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പൊലിസുകാര്‍ അക്രമികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്തായതോടെ ഉന്നത പൊലിസ് മേധാവികള്‍ ഇക്കാര്യത്തില്‍ ക്ഷമ ചോദിച്ചിരുന്നു. ചില പൊലിസുകാര്‍ ബുദ്ധിശൂന്യമായി പ്രവര്‍ത്തിച്ചുവെന്ന് അവര്‍ സമ്മതിക്കുകയും മൂന്നു പേരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. അതിനിടെ പൊലിസ് ഒത്തുകളിച്ചെന്ന് അക്രമിക്കപ്പെട്ടവരുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സംഭവം ബൈക്ക് അപകടമാക്കി തീര്‍ക്കാനാണ് പൊലിസ് ശ്രമിച്ചത്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."