ജിഷ്ണുവിന്റെ മരണം: ശക്തിവേലിന് ഇടക്കാല ജാമ്യം
കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കോളജിലോ പരിസരങ്ങളിലോ പ്രവേശിക്കരുതെന്നും കോളജിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ മൂന്നാം പ്രതിയായ ശക്തിവേല്‍, നാലാം പ്രതി പ്രവീണ്‍, അഞ്ചാം പ്രതി ഡിബിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാന്‍ മാറ്റിവച്ചതിനുപിന്നാലെയാണ് ശക്തിവേല്‍ കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞദിവസം പിടിയിലാകുന്നത്. ഇതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇതിനുപിന്നാലെ ഇന്നലെതന്നെ ശക്തിവേല്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെ അറസ്റ്റുചെയ്തത് ചൂണ്ടിക്കാട്ടി അന്വേഷണസംഘത്തിനെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശക്തിവേലിന്റെ ഭാര്യ ശുഭശ്രീയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയാനിരിക്കെ അറസ്റ്റുചെയ്തത് ശരിയായ നടപടിയല്ലെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്നലെ രാവിലെ മുന്‍കൂര്‍ ജാമ്യ ഹരജികള്‍ സിംഗിള്‍ ബെഞ്ച് പരിഗണിക്കവെ പ്രവീണ്‍, ഡിബിന്‍ എന്നിവരെ അറസ്റ്റുചെയ്യില്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജികള്‍ ഇന്ന് പരിഗണിക്കാനായി മാറ്റി. തുടര്‍ന്ന് ഉച്ചക്കുശേഷമാണ് ശക്തിവേലിന്റെ ജാമ്യാപേക്ഷ പരിഗണനക്കെടുത്തത്. മുന്‍കൂര്‍ ജാമ്യഹരജി നിലനില്‍ക്കെ ശക്തിവേലിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്ന് കേസില്‍ ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു ചൂണ്ടിക്കാട്ടി. നിയമപരമായി അറസ്റ്റുചെയ്യാന്‍ തടസം ഉണ്ടായിരുന്നില്ല. അറസ്റ്റ് ഉചിതമാണോ എന്നതു മാത്രമാണ് വിഷയം. ശക്തിവേലിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇടക്കാല ജാമ്യം അനുവദിച്ചാല്‍ ഈ അപേക്ഷയുടെ പ്രസക്തി നഷ്ടമാകുമെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിര്‍ണായക രേഖകള്‍ ശേഖരിച്ചുകഴിഞ്ഞതിനാല്‍ കസ്റ്റഡി അനിവാര്യമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
സര്‍ക്കാരിന്റെ ഒത്തുകളി പുറത്തായി: ചെന്നിത്തല
തിരുവനന്തപുരം: ശക്തിവേലിന് ജാമ്യം ലഭിച്ചതോടെ സര്‍ക്കാരിന്റെ ഒത്തുകളി പുറത്തുവന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അറസ്റ്റ് വൈകിച്ച് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത്രയുംദിവസം വൈകിച്ച ശേഷം കോടതി ജാമ്യാപേക്ഷയില്‍ വിധി പറയാനിരുന്നതിന്റെ തലേദിവസമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് നാടകമാണെന്ന് ഇതോടെ തെളിഞ്ഞു.
ജിഷ്ണു കേസിലെ പ്രതികളെ രക്ഷിക്കാനും കേസ് തേച്ചുമായ്ച്ച് കളയാനും പൊലിസ് തുടക്കംമുതല്‍ ശ്രമിച്ചിരുന്നതായും ചെന്നിത്തല പറഞ്ഞു.
ഒളിവില്‍കഴിയാന്‍ സഹായിച്ചത്
കൃഷ്ണദാസെന്ന് മൊഴി
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ശക്തിവേലിനെ ഒളിവില്‍കഴിയാന്‍ സഹായിച്ചത് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസെന്ന് മൊഴി. ഒളിവുകാലത്ത് കൃഷ്ണദാസിനെ സന്ദര്‍ശിച്ചതായും ശക്തവേലിന്റെ മൊഴിയിലുണ്ട്. ഒരു ഉത്തരം മാത്രമാണ് ജിഷ്ണു നോക്കിയെഴുതിയത്. ഉത്തരക്കടലാസ് മുഴുവന്‍ വെട്ടിയത് കേസിലെ നാലാം പ്രതി സി.പി പ്രവീണ്‍ ആണെന്നും മൊഴിയിലുണ്ട്. മൂന്നു മണിക്കൂറോളമാണ് പൊലിസ് ശക്തിവേലിനെ ചോദ്യംചെയ്തത്. ഒളിവില്‍കഴിഞ്ഞ 58 ദിവസത്തിനിടെ പാലക്കാട്ടെ ഹോട്ടലില്‍ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് മൊഴി. എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത് കൃഷ്ണദാസാണെന്നും ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.
അതേസമയം, പിടിയിലായ പ്രതികളുടെ മൊഴികളിലെ ഭിന്നത പൊലിസിനെ കുഴക്കുകയാണ്. ജിഷ്ണുവുമായി സംസാരിച്ചതു സംബന്ധിച്ച മൊഴികളിലാണ് വൈരുധ്യമുള്ളത്. സംസാരിച്ചത് പ്രിന്‍സിപ്പലിന്റെ മുറിയിലെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും ബോര്‍ഡ് റൂമിലെന്ന് പ്രിന്‍സിപ്പലും പറയുന്നു. ഉത്തരക്കടലാസ് വെട്ടിക്കളഞ്ഞതിലും ഇരുവരും പരസ്പരം കുറ്റമാരോപിക്കുകയാണ്. ഇക്കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. കേസില്‍ നാലാം പ്രതി സി.പി പ്രവീണ്‍, അഞ്ചാം പ്രതി ഡിപിന്‍ എന്നിവരെ പിടികൂടാനുണ്ട്. അതേസമയം, പ്രവീണ്‍ പോലിസ് കസ്റ്റഡിയിലുണ്ടെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."