പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മാലിന്യങ്ങളും കനാലില്‍ തള്ളുന്നു
ഒലവക്കോട്: കോഴിക്കോട്-കോയമ്പത്തൂര്‍ ദേശീയപാതയുടെ ലിങ്ക് പാതയായ കല്‍മണ്ഡലം-മണലി ബൈപാസില്‍ റോഡരികിലും കനാലുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പെടെ വ്യാപകമായി തള്ളുമ്പോഴും നടപടിയെടുക്കാതെ ഭരണകൂടം കണ്ണടക്കുന്നു.
അരി അരയ്ക്കുന്ന ഗ്രൈന്ററിന്റെ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ വന്‍തോതില്‍ മലമ്പുഴ കനാലില്‍ തള്ളുന്നത് വ്യാപകമായിരിക്കുകയാണ്. കല്‍മണ്ഡപം ബൈപാസിലെ കനാലിലാണ് ടേബിള്‍ടോപ്പ് അരിയാട്ടു യന്ത്രത്തിന്റെ പ്ലാസ്റ്റിക് കൂടുകള്‍ തള്ളുന്നത്. മണ്ണിനെയും പ്രകൃതിയെയും ഒരുപോലെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കനാല്‍ വെള്ളത്തിനെയും മലിനപ്പെടുത്തുന്നതിന്റെ തെളിവുകളാണ് കല്‍മണ്ഡപത്തെ കനാല്‍ നല്‍കുന്നത്. ഇവിടെ അരിയാട്ടു യന്ത്രത്തിന്റെ പ്ലാസ്റ്റിക് കൂടുകള്‍ തള്ളുന്നത് രാത്രി കാലങ്ങളിലാണ്.
പാലക്കാട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗ്രൈന്റര്‍ നിര്‍മ്മാണ കമ്പനികളില്‍നിന്നാണ് പ്ലാസ്റ്റിക് മാലിന്യം കനാലില്‍കൊണ്ടു വന്നിടുന്നതെന്ന് പൊതു പ്രവര്‍ത്തകനായ എസ് ദാവൂദ് സുപ്രഭാതത്തോട് പറഞ്ഞു. മലമ്പുഴ കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യോടെ പിടികൂടാനുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. നേരത്തെ തന്നെ മലീസമായി കിടക്കുന്ന കനാലാണ് കല്‍മണ്ഡപത്തിലേത്. ഇവിടുത്തെ ഹോട്ടലുകളിലെയും വീടുകളിലെയും മലിനജലം ഒഴുക്കിവിടുന്നത് ഈ കനാലിലേക്കാണ്. ഇത്തരത്തില്‍ മലിനജലം ഒഴുകിയെത്തിയതുമൂലം കനാലില്‍ അഴുക്കു ജലം കെട്ടിക്കിടക്കുകയാണ്.
കെട്ടി കിടക്കുന്ന അഴുക്കുവെള്ളം മലമ്പുഴ കനാല്‍ തുറന്നു വിടുമ്പോള്‍ നെല്‍പ്പാടങ്ങളിലേക്കും മറ്റും ഒഴുകി പോകാറാണ് പതിവ്. ഇത് വന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകന്നുണ്ടെന്ന് ദാവൂദ് പറഞ്ഞു.
മാത്രമല്ല മലിനജലം കെട്ടിക്കിടക്കുന്നതുമൂലം കല്‍മണ്ഡപത്തും പരിസരത്തും വന്‍തോതില്‍ കൊതുകുശല്യവും അനുഭവപ്പെടുന്നുണ്ട്. ഇങ്ങനെ ജനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലാണ് പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച് കനാലിനെ നാശത്തിലേക്ക് തള്ളിവിടുന്നത്.
ഈ സാഹചര്യത്തില്‍ കനാലിനകത്ത് പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് കല്‍മണ്ഡപത്തുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."