കടലോരത്ത വറുതിക്കാലം
ആര്‍ത്തിരമ്പുന്ന കടല്‍ പോലെ കലുഷിതമാണ് ട്രോളിങ് കാലത്തെ ഓരോ തീരദേശവാസിയുടെയും മനസ്. മത്സ്യതൊഴിലാളികള്‍ക്ക് കാലവര്‍ഷത്തില്‍ സമ്മാനിക്കുന്നത് തീര്‍ത്തും ദുരിതമായ അനുഭവങ്ങളാണ്. മത്സ്യത്തിന് എന്നും വിലയില്‍ ഏറ്റക്കുറച്ചിലോടെ ലഭിക്കുന്നതിനാല്‍ ട്രോളിങ് നിരോധനം മത്സ്യഉപഭോക്താക്കളെ ബാധിക്കാറേയില്ല. എന്നാല്‍ വറുതിക്കാലത്തെ തീരം ദുരിതക്കാഴ്ചയാണ്. ഇന്നലെ വരെ കടലിനെ ആശ്രയിച്ചുമാത്രം കഴിഞ്ഞവര്‍ക്ക് കടലിലിറങ്ങാന്‍ കഴിയാത്ത ദുരവസ്ഥ. വലയും വള്ളവും പൊതിഞ്ഞ് വച്ച് ഇനിയെന്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വഴിയെന്ന് ആലോചിച്ച് തള്ളിനീക്കുന്ന ദുരിതദിനങ്ങള്‍. തൊഴിലില്ലാത്ത ദിനങ്ങളില്‍ പലരും മറ്റു വഴിയില്ലാതെ ജീവന്‍ പണയം വച്ചും കാറ്റും കോളും നിറഞ്ഞ കടലിലിറങ്ങുന്നു. ട്രോളിങ് നിരോധനകാലം കഴിഞ്ഞ് വരുന്ന ചാകര പ്രതീക്ഷിച്ച് വല നെയ്തുകൂട്ടി രണ്ടോ മൂന്നോ മാസം കഴിച്ച് കൂട്ടുന്നുവരും കുടുംബവും തള്ളിനീക്കുന്നത് കഷ്ടതകളിലൂടെയാണ്. ഇത്തരമൊരു വറുതിക്കാലം ഇല്ലാതാക്കാന്‍ ചെറുകിട പദ്ധതികള്‍ അനിവാര്യമാണ്. ചാകരക്കോള് കാലത്ത് പിടിച്ചെടുത്ത് ചെറുവിലക്ക് വില്‍പ്പന നടത്തുന്ന മത്സ്യം പല രീതിയില്‍ സംസ്‌കരിച്ച് വറുതിക്കാലത്ത് വിറ്റഴിക്കാനുള്ള ചെറുകിട പദ്ധതികള്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. പക്ഷെ അത്തരമൊരു സാധ്യത പോലും ഇപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. ട്രോളിങ് നിരോധന കാലത്ത് പലപ്പോഴും പട്ടിണിയിലാണ് ഇപ്പോഴും കടല്‍തീരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. ഇതിനെല്ലാം പുറമെയാണ് രൂക്ഷമായ കടലാക്രമണം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും. തൊഴിലില്ലായ്മയും പട്ടിണിയും ഒരുഭാഗത്തും വീട് കടലെടുക്കുമെന്ന ഭീതി മറ്റൊരു ഭാഗത്തും നിലനില്‍ക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങളുടെ ജീവിതം ഒരു ഞാണിന്‍മേല്‍ കളിയാണ്.
ആരവങ്ങളില്ലാതെ മടക്കര തുറമുഖം
പരമ്പരാഗത വള്ളങ്ങളില്‍ എത്തുന്ന മീനിനു തീവില
ചെറുവത്തൂര്‍: ഒന്നിനുപിറകെ ഒന്നായി മത്സ്യങ്ങളുമായി എത്തുന്ന ബോട്ടുകളില്ല.. മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്കും ഉച്ചത്തിലുള്ള ലേലം വിളിയുമില്ല.. ട്രോളിങ് നിരോധനം നിലവില്‍ വന്നാല്‍ മടക്കര തുറമുഖം ഏതാണ്ട് വിജനമാണ്. വല്ലപ്പോഴും പരമ്പരാഗത വള്ളങ്ങള്‍ എത്തും. എന്നാല്‍ ഇതില്‍നിന്നുള്ള മീനിനു തീവില നല്‍കണം. ഈ തുറമുഖത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മത്സ്യവില്‍പന തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇന്നലെ രാവിലെ തുറമുഖത്ത് എത്തിയ വള്ളക്കാര്‍ക്ക് ലഭിച്ചിരുന്നത് അയലയായിരുന്നു. ലേലത്തില്‍ ഒരു കിലോ അയലയ്ക്ക് നല്‍കേണ്ടി വന്നത് 370 രൂപ. ഇത്രയും വില നല്‍കി സാധാരണക്കാര്‍ മത്സ്യം വാങ്ങില്ലെന്നിരിക്കെ തുറമുഖത്തെത്തിയ തൊഴിലാളികള്‍ നിരാശയോടെ മടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി ഇതാണ് സ്ഥിതി. ട്രോളിങ് നിരോധന കാലത്ത് മറുനാട്ടില്‍ നിന്നെത്തിക്കുന്ന മീന്‍ തൊഴിലാളികള്‍ വില്‍പന നടത്തിയിരുന്നു.
എന്നാല്‍ ഇങ്ങനെ എത്തുന്ന മീനുകളില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ അത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തി. ഇതേ തുടര്‍ന്നാണ് പരമ്പരാഗത വള്ളങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു തൊഴിലാളികള്‍ മടക്കരയിലേക്ക് എത്തിയത്.
പുഴയില്‍നിന്ന് ലഭിക്കുന്ന കക്കകളുമായി ചില തൊഴിലാളികള്‍ തുറമുഖത്ത് എത്തുന്നുണ്ട്. മടക്കര പഴയതുറമുഖത്ത് കയറ്റി വച്ച വലിയ ബോട്ടുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. ബോട്ടുകള്‍ക്ക് അടിയില്‍ പറ്റിപ്പിടിച്ച 'മുരു' നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികളില്‍ മത്സ്യത്തൊഴിലാളികളും ഏര്‍പ്പെടുന്നുണ്ട്.
ചെറിയൊരു തുക വരുമാനമായി ലഭിക്കുന്നു എന്നതിനാലാണിത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ആരുംതന്നെ ഇപ്പോള്‍ മടക്കരയിലില്ല. ട്രോളിങ് നിരോധനം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.
അനധികൃത മത്സ്യബന്ധനം തകൃതി
ട്രോളിങ് നിരോധനകാലത്ത് മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങില്ലെങ്കിലും ചിലര്‍ അപ്പോഴും ചാകര കൊയ്ത്ത് നടത്തുന്നതായി മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. കോസ്റ്റല്‍ പൊലിസിന്റെയും നാവികസേനയുടെയും കണ്ണ് വെട്ടിച്ച് നിരോധനക്കാലത്തും വന്‍തോതില്‍ കടലില്‍ മത്സ്യബന്ധനം നടക്കുന്നതായി മത്സ്യതൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇതിനെതിരേ ഒന്നും ചെയ്യാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത. ഈസമയത്ത് മത്‌സ്യത്തിന് ലഭിക്കുന്ന വന്‍ വിലയാണ് വലിയ ബോട്ടുമായി കടലിലിറങ്ങി മീന്‍ കൊയ്ത്ത് നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതിനെതിരേ ചെറുവിരല്‍ പോലും അനക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. കാലവര്‍ഷക്കാലത്ത് അപകടം സംഭവിക്കുമ്പോള്‍ മാത്രമാണ് കടല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടലിലിറങ്ങുന്നത്. കടല്‍ പട്രോളിങ് എന്ന സംവിധാനമേ ഇല്ലാതായി.
ഉണക്ക മീനിന് പൊന്നിന്‍ വില
ട്രോളിങ് കാലത്ത് മത്സ്യലഭ്യത കുറയുന്നതോടെ ഉപഭോക്താക്കള്‍ ആശ്രയിക്കുന്നത് അധികമായും ഉണക്ക മീന്‍ തന്നെയാണ്. മാര്‍ക്കറ്റുകളിള്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമായതോടെ ഉണക്ക മത്സ്യങ്ങള്‍ക്ക് വിലയും കുത്തനെ കുതിച്ചുയര്‍ന്നു. ഉണക്ക സ്രാവിന് കിലോക്ക് 450 രൂപയാണ് വില. നത്തല്‍ 350, നത്തോലി 350, മുള്ളന്‍, മറ്റ് മീനുകള്‍ 240 നും 300നും ഇടയില്‍, ചെമ്മീന്‍ 450 മുതല്‍ 550 വരെ എന്നിങ്ങനെയാണ് വില. ഇതിന് പുറമേ കോഴിക്ക് കിലോ 125 രൂപ മുതല്‍ ഈടാക്കുന്നുണ്ട്. അതേസമയം ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന സാധാരണക്കാരുടെ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 200 രൂപയാണ് വില. അയലക്ക് 200 മുതല്‍ 550 വരേയും കട്‌ല, മറ്റ് മത്സ്യങ്ങള്‍ക്ക് ഉള്‍പ്പെടെ കനത്ത വിലയാവുകയും ചെയ്തു. അതിനിടെ നാടന്‍ വലകള്‍ വീശി പിടിക്കുന്ന ഇടകലര്‍ന്ന ചെറുമത്സ്യങ്ങള്‍ക്ക് 700 മുതല്‍ ആയിരം രൂപ വരെയാണ് കിലോക്ക് ഈടാക്കുന്നത്. ഇതേ തുടര്‍ന്ന് ട്രോളിങ് നിരോധന കാലത്ത് മത്സ്യബന്ധന തൊഴിലാളികളും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതം സാധാരണക്കാരായ ആളുകളും മറ്റൊരുതരത്തില്‍ അനുഭവിക്കുന്നു. കുടുംബ ബജറ്റിന്റെ താളം തെറ്റുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. കനത്ത വില നല്‍കി മത്സ്യ മാംസാദികള്‍ വാങ്ങാന്‍ നിലവിലെ സാഹചര്യത്തില്‍ സാധാരണക്കാരായ ആളുകള്‍ക്ക് സാധിക്കുന്നില്ല. ഭക്ഷണത്തിനു മാത്രം നല്ലൊരു തുക മാറ്റി വയ്‌ക്കേണ്ട അവസ്ഥയാണ് സാധാരണക്കാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."