ഹരിജന്‍-ജഗിരിജന്‍ ക്ഷേമം കടലാസിലൊതുങ്ങുന്നു
വടക്കാഞ്ചേരി : സര്‍ക്കാരുകളുടെ ഹരിജന്‍-ഗിരിജന്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ ദുരിതമനുഭവിച്ച് ഈ വിഭാഗങ്ങളിലെ കുടുംബങ്ങള്‍.
വാഴാനി റിസര്‍വോയര്‍ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന കുടുംബങ്ങള്‍ ഇന്നു പട്ടിണിയിലാണ്.
റിസര്‍വോയറില്‍ മത്സ്യക്കൃഷിക്കു നിയമ തടസം നേരിട്ടതും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ കഴിയാതിരുന്നതുമാണ് കടുത്ത പ്രതിസന്ധിയായത്.
മച്ചാട് വനത്തോടു ചുറ്റപ്പെട്ടു കിടക്കുന്ന വാഴാനി ഡാമില്‍ മത്സ്യക്കൃഷി ഇറക്കുന്നതിനും ബന്ധനത്തിനും വനം വകുപ്പാണ് റെഡ് സിഗ്‌നല്‍ ഉയര്‍ത്തിയത്.
ഇതോടെ കൃഷിയിറക്കിയിരുന്ന ഹരിജന്‍-ഗിരിജന്‍ വിഭാഗങ്ങള്‍ മറ്റു ജോലി അന്വേഷിക്കേണ്ട അവസ്ഥയായി. റിസര്‍വോയര്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന മത്സ്യ വിപണനവും പ്രതിസന്ധിയിലായി.
ഡാമില്‍ മത്സ്യകൃഷി നടത്താന്‍ വാഴാനി കേന്ദ്രീകരിച്ച് രൂപം നല്‍കിയ ഹരിജന്‍-ഗിരിജന്‍ റിസര്‍വോയര്‍ ഫിഷറിസ് സഹകരണ സംഘത്തിനാണ് അധികാരം നല്‍കിയിരുന്നത്. മൃഗാല , കട്ട്‌ള, കിലോപ്പി, റോഹു , സൈപ്രസ്, തുടങ്ങിയ മത്സ്യങ്ങളാണ് സംഘാംഗങ്ങള്‍ കൃഷി ചെയ്തിരുന്നത്. ഇതു വാങ്ങുന്നതിന് ജില്ലയുടെ വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും നിരവധി ആളുകളാണ് വാഴാനിയിലെത്തിയിരുന്നത്.
അര കിലോ മുതല്‍ 100 കിലോ വരെയുള്ള മീനുകള്‍ വരെ ഇവിടെ നിന്ന് കുറഞ്ഞ വിലക്കു ലഭിയ്ക്കുമെന്നതിനാല്‍ സാധാരണക്കാരും വിവാഹ പാര്‍ട്ടികളും വരെ വാഴാനിയിലെത്തുതും പതിവായിരുന്നു.
മത്സ്യ വിഭവങ്ങളുടെ ഡിമാന്റ് വര്‍ധിച്ചതോടെ വില്‍പ്പനയും മറ്റു നടപടി ക്രമങ്ങളും സഹകരണ സംഘത്തിന്റെ കീഴിലാക്കാന്‍ 94ല്‍ അധികാരത്തിലിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്നവ ഉള്‍പ്പെടുത്തി സഹകരണ സംഘത്തിനു രൂപം നല്‍കി.
വാഴാനി ഡാമിനോടു ചേര്‍ന്നു സ്വന്തം സ്ഥലം വാങ്ങുകയും വിപുലമായ സൗകര്യങ്ങളോടെ ഇരുനില കെട്ടിടം നിര്‍മിക്കുകയും ചെയ്തു. 1994 ഫെബ്രുവരി 18 ന് അന്നത്തെ ഫിഷറിസ് വകുപ്പ് മന്ത്രിയായിരുന്ന എം.ടി പത്മയാണ് സംഘം ഉദ്ഘാടനം ചെയ്തത്. ഏതാനും വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച സംഘം പിന്നീടു പ്രവര്‍ത്തന വഴിയില്‍ കാലിടറി വീണു.
റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് വിലക്കു വീണതോടെ സംഘത്തിനു എന്നന്നേക്കുമായി താഴു വീണു. വരുമാനമില്ലാതായതോടെ സംഘാംഗങ്ങള്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. മറ്റു വരുമാനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഭരണകൂടങ്ങളും അലംഭാവം പ്രകടിപ്പിച്ചതോടെ സംഘം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പു നടത്തുന്നതു പോലും സാധിക്കാതെയായി.
തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി റിസര്‍വോയറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും ഇവ വളര്‍ന്നു വരുന്നതിനുള്ള കാലതാമസം അവശേഷിക്കുന്ന സംഘാംഗങ്ങളേയും മറ്റു ജോലികളിലേക്ക് നയിച്ചു.
ഇപ്പോള്‍ സംഘം അടച്ചു പൂട്ടിയിട്ടു രണ്ടു പതിറ്റാണ്ടായി . അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിലാണ് ഇന്നു സംഘം .
പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനോ ദുര്‍ബല ജനവിഭാഗ ങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനോ സഹകരണ വകുപ്പ് ഒരു നടപടിയും കൈകൊള്ളുന്നില്ല.
ഇതില്‍ വലിയ പ്രതിഷേധവും ഉയരുകയാണ്. മുന്‍ സഹകരണ വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ വ്യവസായ കായിക വകുപ്പ് മന്ത്രിയുമായ എ.സി മൊയ്തീന്റെ പഞ്ചായത്തിലാണ് ഈ സഹകരണ സംഘം സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."