ജനങ്ങളുടെ അംഗീകാരം ജാഗ്രതയോടെ കൈകാര്യം ചെയ്യണം: കാനം രാജേന്ദ്രന്‍
വൈക്കം: ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ വൈക്കത്ത് സംഘടിപ്പിച്ച പി.കെ.വി-പി.എസ് ശ്രീനിവാസന്‍-എം.കെ കേശവന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ അഹങ്കരിക്കരുത്. പാര്‍ട്ടി ഓഫീസില്‍ ഇരിക്കുന്നവരല്ല ജനങ്ങളാണ് നമ്മുടെ വിധികര്‍ത്താക്കള്‍. അവരുടെ പ്രശ്‌നങ്ങളാണ് മുഖ്യം. വിനയത്തോടും ഭയത്തോടും ജനാധിപത്യബോധത്തോടും കൂടി പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ജനങ്ങളോട് പെരുമാറണമെന്ന് കാനം പറഞ്ഞു. ഇത്തരത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്നവരാണ് പി.കെ.വിയും പി.എസും എം.കെയുമെല്ലാം.
പി.കെ.വി ഇന്‍ഡ്യന്‍ പാര്‍ലമെന്റില്‍ കേരളത്തിന്റെ സാന്നിദ്ധ്യമറിയിച്ച് ഏവരുടെയും സ്‌നേഹാദരങ്ങളേറ്റുവാങ്ങി. മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന നേതാവാണ് പി.കെ.വി. വൈക്കത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് പി.എസ് ശ്രീനിവാസന്‍.
ചെറുപ്പകാലത്ത് തന്നെ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി. പി.എസ് ഒരു ജനകീയനായ പോരാളി മാത്രമായിരുന്നില്ല, മികച്ച ഭരണാധികാരി കൂടിയായിരുന്നു. ഭൂരഹിതര്‍ക്ക് മിച്ചഭൂമി നല്‍കാനും, മത്സ്യതൊഴിലാളി ക്ഷേമത്തിനും, ടൂറിസം വികസനത്തിനും, സ്വകാര്യവനങ്ങള്‍ ദേശസാല്‍ക്കരിക്കുന്നതിനും അദ്ദേഹം ഗണ്യമായ സംഭാവനകള്‍ നല്‍കി. മികച്ച വായനക്കാരന്‍ കൂടിയായിരുന്ന എം.കെ കേശവന്‍ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. അദ്ദേഹം എന്നും ജനങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു.
അവര്‍ കാട്ടിയ വഴികളിലൂടെ മുന്നേറണമെന്നും കാനം പറഞ്ഞു. എ.ഐ.ടി.യു.സി ഓഫീസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഡ്വ. കെ.പ്രസന്നന്‍ അധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി.എന്‍ രമേശന്‍, ആര്‍.സുശീലന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ജോണ്‍ വി.ജോസഫ്, കെ.അജിത്ത്, എം.ഡി ബാബുരാജ്, സി.കെ ആശ എം.എല്‍.എ, കെ.ഡി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."