നീലേശ്വരം നഗരസഭ ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടിയന്തിരമായി തുറക്കണം
നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ പുതുതായി നിര്‍മിച്ച ശൗചാലയം അടിയന്തിരമായി പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കണമെന്നു കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. കോണ്‍ഗ്രസ് കൗണ്‍സലര്‍ കെ പ്രകാശനാണു ഈ വിഷയം ഉന്നയിച്ചത്. സി.പി.എം കൗണ്‍സലര്‍മാരായ പി മനോഹരന്‍, പി.കെ രതീഷ് എന്നിവര്‍ ഇതിനെ അനുകൂലിച്ചു സംസാരിച്ചു. പഴയ ശൗചാലയം പൂട്ടുകയും പുതുതായി നിര്‍മിച്ചതു തുറന്നു കൊടുക്കാത്തതും മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം കൗണ്‍സില്‍ മുന്‍പാകെ ഉന്നയിക്കപ്പെട്ടത്. ദേശീയപാതയില്‍ നിന്നു മൂന്നാംകുറ്റിയിലേക്കു ബിവറേജസ് വില്‍പനശാല മാറ്റിസ്ഥാപിക്കുമ്പോള്‍ പ്രദേശവാസികള്‍ക്കു കൊടുത്ത ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതായി വാര്‍ഡ് കൗണ്‍സലര്‍ കൂടിയായ പി മനോഹരന്‍ കുറ്റപ്പെടുത്തി.
മറ്റു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാത്ത വിധം റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതായും പൊലിസ് ഇതു നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം പുനരാരംഭിക്കുമെന്നും മനോഹരന്‍ മുന്നറിയിപ്പു നല്‍കി. സി.ഐ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി.
നീലേശ്വരം നഗരസഭയ്ക്കനുവദിച്ച നഗര പ്രാഥമികാരോഗ്യ കേന്ദ്രം പൊടോത്തുരുത്തിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി എട്ടുവരെയായിരിക്കും ഇതു പ്രവര്‍ത്തിക്കുക. എന്നാല്‍ കോട്ടപ്പുറത്തിന്റെ സാധ്യത കൂടി പരിഗണിക്കണമെന്ന് ലീഗിലെ എം സാജിദ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കക്ഷി നേതാവ് എറുവാട്ട് മോഹനന്‍ പി ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി.എം സന്ധ്യ, പി രാധ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ കെ.വി സുധാകരന്‍, കെ.പി കരുണാകരന്‍, പി.വി രാമചന്ദ്രന്‍, സെക്രട്ടറി കെ അഭിലാഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."