മാഹിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഭായ് ഭായ്
കണ്ണൂര്‍: കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും മാഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരുമിച്ച്. കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കിടയില്‍ കിടക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ മാഹിയിലാണു കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക.
മാഹിക്കു ചുറ്റും കിടക്കുന്ന വടകരയില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ കടുത്ത പോരാട്ടം നടക്കുമ്പോഴാണു തൊട്ടിപ്പുറത്തെ ഭായ് ഭായ് പോരാട്ടം. കോണ്‍ഗ്രസും സി.പി.എം, സി.പി.ഐ ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികളും പുതുച്ചേരിയില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) മുന്നണിയിലാണ് എന്നതാണ് കാരണം. ഇവര്‍ പോരാടുന്നതാകട്ടെ അണ്ണാ ഡി.എം.കെ, എന്‍.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന എന്‍.ഡി.എ മുന്നണിയോടും. കഴിഞ്ഞതവണ മുഖ്യമന്ത്രിയായിരുന്ന എന്‍. രംഗസ്വാമി കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച പാര്‍ട്ടിയാണ് ഓള്‍ ഇന്ത്യ എന്‍.ആര്‍ കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ കോണ്‍ഗ്രസും എന്‍.ആര്‍ കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന പോരാട്ടം.
പുതുച്ചേരി സംസ്ഥാനത്ത് ഒരു ലോക്‌സഭാ മണ്ഡലം മാത്രമേയുള്ളൂ. പുതുച്ചേരി, യാനം, കാരിക്കല്‍, മാഹി റീജ്യനുകളിലെ 30 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണു പുതുച്ചേരി ലോക്‌സഭാ മണ്ഡലം. രാഷ്ട്രീയം ആളിക്കത്തിച്ചുള്ള പ്രചാരണചൂടോ സ്ഥാനാര്‍ഥികളുടെ പടം വച്ചുള്ള ബോര്‍ഡുകളോ മാഹിയില്‍ കാണാനാകില്ല. പുതുച്ചേരിയില്‍ നിന്നുള്ളവരാണു മാഹി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാകുന്നത് എന്നതിനാല്‍ ഇവര്‍ ഇവിടെ പ്രചാരണത്തിനെത്തുന്നതാകട്ടെ ഒരുതവണ മാത്രവും.
പുതുച്ചേരി സംസ്ഥാനത്താണെങ്കിലും മാഹി കേരളത്തോടും യാനം ആന്ധ്രപ്രദേശിനോടും തൊട്ടുകിടക്കുന്നതിനാല്‍ കേരളത്തിലെ പോലെ സ്ഥാനാര്‍ഥികള്‍ക്കു മണ്ഡലത്തിന്റെ ഓരോ അറ്റത്തും വോട്ടുചോദിച്ച് എത്താനും പ്രയാസമാണ്.
എന്‍.ആര്‍ കോണ്‍ഗ്രസിലെ മുന്‍ സ്പീക്കര്‍ കൂടിയായ ആര്‍. രാധാകൃഷ്ണനാണു നിലവിലെ എം.പി. 60,854 വോട്ടിനു നിലവിലെ മുഖ്യമന്ത്രി കോണ്‍ഗ്രസിലെ വി. നാരായണസ്വാമിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസും എന്‍.ആര്‍ കോണ്‍ഗ്രസും തമ്മിലാണു പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലെ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."